Ajit Pawar: പരാജയം അറിയാത്ത ഉപമുഖ്യമന്ത്രി; ഒടുവിൽ ആ സ്വപ്നം ബാക്കിയാക്കി മടക്കം
Ajit Pawar Political Career: മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ തവണ ഉപമുഖ്യമന്ത്രിയായും അജിത് പവാർ പ്രവർത്തിച്ചിട്ടുണ്ട്. ആറ് തവണയാണ് അദ്ദേഹം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

Ajit Pawar
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഇന്ന് രാവിലെ മുംബൈയിൽ നിന്ന് മഹാരാഷ്ട്രയിലെ ബരാമതിയിലേക്കുള്ള സ്വകാര്യ വിമാനത്തിലെ യാത്രയ്ക്കിടെയാണ് അജിത്ത് പവാറും സംഘവും സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു. ലാൻ്റിംഗിന് തൊട്ടുമുമ്പായിരുന്നു വിമാനം അപകടത്തിൽ പെട്ടത്. രാവിലെ 8.45ഓടെയാണ് സംഭവം. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം.
ഇതോടെ മഹാരാഷ്ട്ര രാഷ്ട്രിയത്തിലെ നികത്താൻ ആകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അനുയായികളുടെ അജിത് ദാദ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായിരുന്നു.മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി 1959 ജൂലൈ 22-ന് മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലായിരുന്നു അജിത് പവാറിന്റെ ജനനം.
1982ൽ പുണെയിലെ പഞ്ചസാര ഫാക്ടറിയിലെ സഹകരണ ബോർഡ് അംഗമായാണ് അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അതേ വർഷം ബരാമതി ലോക്സഭാ മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, ശരദ് പവാറിന് സീറ്റ് വിട്ടുകൊടുത്തു.1991-ലെ ഉപതെരഞ്ഞെടുപ്പിൽ ബരാമതി നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. തുടർന്ന് 1995, 1999, 2004, 2009, 2014 എന്നീ വർഷങ്ങളിലും ഈ മണ്ഡലത്തിൽ നിന്ന് ജയിച്ചു ഏഴ് തവണ എംഎൽഎയായി.
മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ തവണ ഉപമുഖ്യമന്ത്രിയായും അജിത് പവാർ പ്രവർത്തിച്ചിട്ടുണ്ട്. ആറ് തവണയാണ് അദ്ദേഹം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. എന്നാൽ ഒടുവിൽ മുഖ്യമന്ത്രിയാകണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ മടക്കം.