Delhi Blast: ഹോസ്റ്റൽ മുറിയാണ് ഭീകരസംഘത്തിൻ്റെ രഹസ്യയോഗങ്ങളുടെ കേന്ദ്രം; അന്വേഷണ സംഘം
Delhi Red Fort Blast: സ്‌ഫോടനം നടക്കുന്നതിന്റെ ഒരു ദിവസം മുൻപാണ്, അൽ-ഫലാഹ് സർവകലാശാലയിൽ തന്നെ ജോലി ചെയ്തിരുന്ന ഡോക്ടർ മുസമ്മിൽ ഷക്കീലിന്റെ വാടക വീട്ടിൽ നിന്ന് 2,900 കിലോഗ്രാം ഐഇഡി നിർമ്മാണ സാമഗ്രികൾ പിടിച്ചെടുത്തത്. ഡൽഹിയിലും ഉത്തർപ്രദേശിലും ഭീകരാക്രമണ പരമ്പരകൾ ആസൂത്രണം ചെയ്തിരുന്നത് ഈ മുറിയിലിരുന്നാണെന്നും അന്വേഷണ സംഘം പറയുന്നു.
ന്യൂഡൽഹി: ഹരിയാനയിലെ അൽ-ഫലാഹ് സർവകലാശാലാ ക്യാമ്പസിലെ ഹോസ്റ്റൽ മുറിയാണ് ഭീകരസംഘത്തിൻ്റെ രഹസ്യയോഗങ്ങളുടെ കേന്ദ്രമെന്ന് അന്വേഷണ സംഘം. ഡൽഹിയിലും ഉത്തർപ്രദേശിലും ഭീകരാക്രമണ പരമ്പരകൾ ആസൂത്രണം ചെയ്തിരുന്നത് ഈ മുറിയിലിരുന്നാണെന്നും അന്വേഷണ സംഘം പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലായ 17-ാം നമ്പർ കെട്ടിടത്തിലെ 13-ാം നമ്പർ മുറിയാണ് ഡോക്ടർമാരായ ഭീകരസംഘത്തിന്റെ രഹസ്യയോഗങ്ങൾക്ക് ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണത്തിലാണ് കണ്ടെത്തിയത്.
ഇവിടെ ഉണ്ടായിരുന്നു പല വിദ്യാർത്ഥികളും ഇപ്പോൾ അറസ്റ്റിലായതായും അധികൃതർ പറഞ്ഞു. തിങ്കളാഴ്ച ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നാലെ ഡോക്ടർ ഉമർ മുഹമ്മദ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രഹസ്യങ്ങൾ പുറത്തുവന്നത്. ഫരീദാബാദിലെ അൽ-ഫലാഹ് യൂണിവേഴ്സിറ്റി ആൻഡ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നയാളാണ് ഉമർ. സ്ഫോടനത്തിന് പിന്നാലെ ഇവിടെയുണ്ടായിരുന്ന മറ്റ് കൂട്ടാളികളും പിടിയിലായിട്ടുണ്ട്.
Also Read: ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ചത് ഒന്നുമാത്രം, സ്ഫോടനത്തിനു തയ്യാറാക്കിയത് 32 കാറുകൾ
സ്‌ഫോടനം നടക്കുന്നതിന്റെ ഒരു ദിവസം മുൻപാണ്, അൽ-ഫലാഹ് സർവകലാശാലയിൽ തന്നെ ജോലി ചെയ്തിരുന്ന ഡോക്ടർ മുസമ്മിൽ ഷക്കീലിന്റെ വാടക വീട്ടിൽ നിന്ന് 2,900 കിലോഗ്രാം ഐഇഡി നിർമ്മാണ സാമഗ്രികൾ പിടിച്ചെടുത്തത്. പാകിസ്താൻ ആസ്ഥാനമായുള്ള ജയ്‌ഷെ-മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയിൽ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയിരുന്നതായി കരുതപ്പെടുന്ന ഡോ. ഷഹീൻ ഷാഹിദും ഇതേ സർവകലാശാലയിലെ ജീവനക്കാരിയാണെന്നാണ് നിഗമനം.
മുസമ്മിലും ഷഹീനും അറസ്റ്റിലായപ്പോൾ, ഇതേ സർവകലാശാലയിൽ തന്നെ ജോലി ചെയ്യുന്ന കശ്മീർ സ്വദേശിയായ നിസാറുൾ ഹസ്സൻ എന്ന മറ്റൊരു ഡോക്ടറെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഹോസ്റ്റലിലെ 13-ാം നമ്പർ മുറി പുൽവാമ സ്വദേശിയായ ഡോക്ടർ മുസമ്മിലിൻ്റേതാണെന്നാണ് കണ്ടെത്തൽ. ഈ മുറിയിൽ വെച്ച് ഇയാൾ മറ്റ് ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തുകയും ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും സ്‌ഫോടനങ്ങൾ നടത്താൻ ആസൂത്രണം ചെയ്തുവെന്നുമാണ് നിലവിലെ അന്വേഷണ സംഘത്തിൻ്റെ നിഗമനം.