Bisleri Under FSSAI Scanner Again: കോളിഫോം ബാക്ടീരിയയുടെ സാനിധ്യം; ബിസ്‌ലറിക്കെതിരെ വീണ്ടും നടപടി
Coliform Bacteria Found in West Bengal Sample: FSSAI Sanctions Prosecution Against Bisleri: പ്രാഥമിക പരിശോധനയിലും തുടർന്ന് നടത്തിയ റഫറൽ ലബോറട്ടറി പരിശോധനയിലും ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ 2026 ഓഗസ്റ്റ് 12-ന് ഒരു പ്രത്യേക ബാച്ചിലെ കുപ്പിവെള്ളത്തിൻ്റെ വിൽപ്പന മാത്രമാണ് എഫ്.എസ്.എസ്.എ.ഐ നിരോധിച്ചിരുന്നത്. എന്നാൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി ബോധ്യപ്പെട്ടതോടെയാണ് ബിസ്‌ലറിക്കെതിരെ നിയമ നടപടികൾക്ക് അതോറിറ്റി അനുമതി നൽകിയത്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലറിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി. പശ്ചിമ ബംഗാളിലെ ബിസ്‌ലറി പ്ലാൻ്റിൽ നിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പുതിയ നടപടിയെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കമ്പനിക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം നടപടി സ്വീകരിക്കുന്ന
ഗോവയിൽ നിന്ന് ശേഖരിച്ച, ഒരു സാമ്പിളിൽ ‘പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ’ കണ്ടെത്തിയതിനെത്തുടർന്ന്, ബിസ്ലറി കുപ്പിവെള്ളം സുരക്ഷിതമല്ല എന്ന് ഈ ആഴ്ച ആദ്യം അധികൃതർ പ്രഖ്യാപിച്ചിരുന്നു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ തെലിപ്പാറ ഗ്രാമത്തിലുള്ള പ്ലാൻ്റിൽ നിന്ന് ശേഖരിച്ച സാമ്പിളിലാണ് ഇപ്പോൾ ‘കോളിഫോം ബാക്ടീരിയ’യുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. മലിനജലം കലർന്നത് വഴിയോ, തകരാറിലായ പൈപ്പുകൾ വഴിയോ ആവാം കോളിഫോം ബാക്ടിരിയ കലർന്നത് എന്നാണ് കരുതുന്നത്.
പ്രാഥമിക പരിശോധനയിലും തുടർന്ന് നടത്തിയ റഫറൽ ലബോറട്ടറി പരിശോധനയിലും ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ 2026 ഓഗസ്റ്റ് 12-ന് ഒരു പ്രത്യേക ബാച്ചിലെ കുപ്പിവെള്ളത്തിൻ്റെ വിൽപ്പന മാത്രമാണ് എഫ്.എസ്.എസ്.എ.ഐ നിരോധിച്ചിരുന്നത്. എന്നാൽ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി ബോധ്യപ്പെട്ടതോടെയാണ് ബിസ്‌ലറിക്കെതിരെ നിയമ നടപടികൾക്ക് അതോറിറ്റി അനുമതി നൽകിയത്.
ഗോവയിലെ പ്ലാൻ്റിൽ നിന്നുള്ള ബിസ്‌ലറി സാമ്പിൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ രാജ്യത്തുടനീളം കുപ്പിവെള്ള ബ്രാൻഡുകളിൽ പരിശോധന കർശനമാക്കാൻ എഫ്.എസ്.എസ്.എ.ഐ ഈ ആഴ്ച ആദ്യം ഉത്തരവിട്ടിരുന്നു. ബിസ്‌ലറി, പെപ്സികോ, കൊക്കകോള ഉൾപ്പെടെയുള്ള മുൻനിര കമ്പനികളുടെ സാമ്പിളുകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കാനായിരുന്നു നിർദ്ദേശം.
ഗോവയിലെ സാമ്പിളിൽ അനുവദനീയമായതിലും കൂടുതൽ ബ്രോമേറ്റ് \അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെള്ളം സുരക്ഷിതമല്ല എന്ന് ഞായറാഴ്ച അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ബിസ്‌ലറി നൽകിയ അപ്പീലിൻ്റെ അടിസ്ഥാനത്തിൽ സാമ്പിൾ റഫറൽ ലബോറട്ടറിയിൽ വീണ്ടും പരിശോധിച്ചു. ഇതോടെ വെള്ളത്തിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
അതേസമയം, തങ്ങളുടെ കുപ്പിവെള്ളം ഉപയോഗത്തിന് പൂർണ്ണമായും സുരക്ഷിതമാണെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് എപ്പോഴും മുൻഗണന നൽകുന്നതെന്നും ബിസ്‌ലറി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. 90-ലധികം ഗുണനിലവാര പരിശോധനകൾ നടത്തുന്നുണ്ടെന്നും, വിഷയത്തിൽ എഫ്.എസ്.എസ്.എ.ഐയോട് സഹകരിക്കുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു
English Summary
FSSAI has sanctioned prosecution against Bisleri after a Jalpaiguri plant water sample tested positive for coliform bacteria, marking a second action this week following unsafe Goa packaged drinking water findings.