AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: മണിക്കൂറുകളുടെ ഗതാഗതക്കുരുക്കിന് പരിഹാരമായേനേ! അനുമതി ലഭിച്ചിട്ടും തുറക്കാതെ പൂനമല്ലി-വടപളനി മെട്രോ

Chennai Metro Phase 2 Updates: ചെന്നൈ മെട്രോ ഫേസ് 2-ന്റെ ഭാഗമായ കോറിഡോർ 4-ൽ ഉൾപ്പെടുന്ന പൂനമല്ലി ബൈപാസ് മുതൽ വടപളനി വരെയുള്ള 14.6 കിലോമീറ്റർ പാതയാണ് ഉദ്ഘാടനത്തിനായി കാത്തുകിടക്കുന്നത്. നിലവിൽ പൂനമല്ലിയിൽ നിന്ന് വടപളനിയിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ 60 മുതൽ 90 മിനിറ്റ് വരെ വേണമെങ്കിൽ, ഈ പാത തുറന്നാൽ ഇത് 22 മുതൽ 25 മിനിറ്റായി കുറയും.

Chennai Metro: മണിക്കൂറുകളുടെ ഗതാഗതക്കുരുക്കിന് പരിഹാരമായേനേ! അനുമതി ലഭിച്ചിട്ടും തുറക്കാതെ പൂനമല്ലി-വടപളനി മെട്രോ
ചെന്നൈ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 24 Jul 2026 | 12:21 PM

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി അവസാനിച്ച് മൂന്ന് ലൈനുകളിലും സർവീസ് തുടങ്ങുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ചെന്നൈ മെട്രോ യാത്രക്കാർ. എല്ലാവിധ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായിട്ടും മെട്രോ റെയിലിന്റെ രണ്ടാം ഘട്ട പദ്ധതിയിലെ ആദ്യ പാതയായ പൂനമല്ലി – വടപളനി സ്ട്രെച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ വിമർശനം ഉയരുകയാണ്. ജൂലൈയിൽ ഉദ്ഘാടനം നടന്നേക്കുമെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും മറ്റ് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇത് സംബന്ധിച്ച് ഉണ്ടായിട്ടില്ല.

അഞ്ച് വർഷം മുമ്പാണ് ഈ പാതയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യം 2025 ഡിസംബറോടെ പൂനമല്ലി – പോരൂർ പാത തുറക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് കണക്റ്റിവിറ്റി ഉറപ്പാക്കാൻ വടപളനി വരെ നീട്ടുകയും ലക്ഷ്യം 2026 ഫെബ്രുവരിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. നിലവിൽ മാസങ്ങളായി ട്രയൽ റൺ നടക്കുന്നുണ്ടെങ്കിലും പാതയുടെ ഉദ്ഘാടനം നീണ്ടുപോകുന്നത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്.

നീളുന്ന കാത്തിരിപ്പ്

ചെന്നൈ മെട്രോ ഫേസ് 2-ന്റെ ഭാഗമായ കോറിഡോർ 4-ൽ ഉൾപ്പെടുന്ന പൂനമല്ലി ബൈപാസ് മുതൽ വടപളനി വരെയുള്ള 14.6 കിലോമീറ്റർ പാതയാണ് ഉദ്ഘാടനത്തിനായി കാത്തുകിടക്കുന്നത്. നിലവിൽ പൂനമല്ലിയിൽ നിന്ന് വടപളനിയിലേക്ക് റോഡ് മാർഗ്ഗം യാത്ര ചെയ്യാൻ 60 മുതൽ 90 മിനിറ്റ് വരെ വേണമെങ്കിൽ, ഈ പാത തുറന്നാൽ ഇത് 22 മുതൽ 25 മിനിറ്റായി കുറയും.

ALSO READ: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!

എന്നാൽ, കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ (CRS) അന്തിമ പരിശോധനകൾ പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ല. പാതയിൽ ട്രെയിനുകൾ ഓടിക്കുന്നതിനും വേഗത കൂട്ടുന്നതിനുമുള്ള അന്തിമ സുരക്ഷാ അനുമതി കഴിഞ്ഞ മാസം ലഭിച്ചിരുന്നു. ഫെബ്രുവരിയിൽ റെയിൽവേ സുരക്ഷാ കമ്മിഷണർ ചില നിബന്ധനങ്ങളോടെയാണ് ഈ പാതയ്ക്ക് താൽകാലിക അനുമതി നൽകിയിരുന്നത്.

പൂനമല്ലി മുതൽ പോരൂർ വരെ ട്രെയിനുകളുടെ ഇടവേള പതിനഞ്ച് മിനിറ്റായി പരിമിതപ്പെടുത്തണമെന്നും വടപളനി സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കണമെങ്കിൽ ഡബിൾ ഡെക്കർ കോറിഡോറിലെ 26 ഡെക്ക് സ്ലാബുകളുടെ നിർമ്മാണം പൂർത്തിയാക്കണമെന്നും നിർദേശമുണ്ടായിരുന്നു.

ഉദ്ഘാടനം വൈകുന്നതിലെ തിരിച്ചടികൾ

ഉദ്ഘാടനം വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.  സ്റ്റേഷനുകളും ലൈനുകളും പ്രവർത്തനസജ്ജമായി നിർത്തുന്നതിനായി പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതിയും ജീവനക്കാരുടെ ശമ്പളവുമാണ് സി.എം.ആർ.എൽ ചെലവഴിക്കുന്നതെന്നാണ് വിവരം. യാത്രക്കാരുടെ നിരാശയാണ് മറ്റൊന്ന്. നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിൽ ജനങ്ങൾ വലയുമ്പോൾ, സുരക്ഷാ പരിശോധനകൾ പൂർത്തിയായ മെട്രോ സർവീസ് വൈകിപ്പിക്കുന്നത് നികുതിപ്പണത്തിന്റെ ദുരുപയോഗമാണെന്ന് ജനങ്ങൾ ആരോപണമുയർത്തുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ഔദ്യോഗിക ഉദ്ഘാടന തീയതി പ്രഖ്യാപനത്തിനായാണ് അധികൃതർ കാത്തിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ 10 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ സർവീസ് നടത്താനാണ് പദ്ധതിയിടുന്നത്.

English Summary:

Poonamallee Bypass–Vadapalani stretch of Chennai Metro’s Phase II is fully constructed and technically ready for passenger operations, but its inauguration has been delayed as the project awaits final approval from the Union government. Chennai Metro Rail Limited has completed trial runs, safety inspections, and station works, with all nine stations prepared for service.

Follow Us