ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പണി വരുന്നുണ്ട്; സമൂഹ മാധ്യമങ്ങളുടെ നിയമപരിരക്ഷ എടുത്തുകളയാൻ കേന്ദ്രം
Facebook, X, YouTube Could Lose Legal Shield in India: നിലവിൽ ഐ.ടി ആക്ട് 2000-ലെ സെക്ഷൻ 79 പ്രകാരമാണ് ഉപയോക്താക്കളുടെ പോസ്റ്റുകളുടെയും വീഡിയോകളുടെയും പൂർണ്ണ ഉത്തരവാദിത്തത്തിൽ നിന്നും സമൂഹ മാധ്യമങ്ങൾക്ക് നിയമപരിരക്ഷ ലഭിക്കുന്നത്. എന്നാൽ ഇക്കാലത്ത് സമൂഹ മാധ്യമങ്ങൾ ഇടനിലക്കാർ എന്ന നിലയിലല്ല പ്രവർത്തിക്കുന്നത് എന്നും, ആളുകൾ എന്ത് കാണണമെന്ന് തീരുമാനിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളുടെ അൽഗോരിതമാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു
ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്‌സ് തുടങ്ങിയ വൻകിട സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് കനത്ത തിരിച്ചടിയാകുന്ന സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന കണ്ടൻ്റുകൾക്ക് സമൂഹ മാധ്യമങ്ങൾക്ക് നിലവിൽ ലഭിക്കുന്ന നിയമപരിരക്ഷ അഥവാ ‘സേഫ് ഹാർബർ’ പൂർണ്ണമായി ഒഴിവാക്കുന്നതിനുള്ള ചർച്ചകൾക്ക് ഐ.ടി മന്ത്രാലയം തുടക്കം കുറിച്ചതായി സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നു. ഇൻ്റർനെറ്റ് സേവന ദാതാക്കൾ, ടെലികോം കമ്പനികൾ എന്നിവർക്ക് സമാനമായി വിവരങ്ങൾ യാതൊരു മാറ്റവുമില്ലാതെ കൈമാറുന്നവർക്ക് മാത്രം ഈ നിയമ പരിരക്ഷ നൽകിയാൽ മതിയെന്നാണ് സർക്കാരിൻ്റെ പുതിയ നിലപാട്.
നിലവിൽ ഐ.ടി ആക്ട് 2000-ലെ സെക്ഷൻ 79 പ്രകാരമാണ് ഉപയോക്താക്കളുടെ പോസ്റ്റുകളുടെയും വീഡിയോകളുടെയും പൂർണ്ണ ഉത്തരവാദിത്തത്തിൽ നിന്നും സമൂഹ മാധ്യമങ്ങൾക്ക് നിയമപരിരക്ഷ ലഭിക്കുന്നത്. എന്നാൽ ഇക്കാലത്ത് സമൂഹ മാധ്യമങ്ങൾ ഇടനിലക്കാർ എന്ന നിലയിലല്ല പ്രവർത്തിക്കുന്നത് എന്നും, ആളുകൾ എന്ത് കാണണമെന്ന് തീരുമാനിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളുടെ അൽഗോരിതമാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് പഴയ നിയമപരിരക്ഷ നൽകേണ്ടതില്ല എന്നാണ് ഐ.ടി മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ.
Also Read: അഗ്നിപഥ് പദ്ധതിയിൽ വൻ അഴിച്ചുപണി; താല്പര്യമുള്ള മുഴുവൻ അഗ്നിവീറുകൾക്കും സൈന്യത്തിൽ സ്ഥിരനിയമനം
കഴിഞ്ഞ ജൂലൈയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആളുകളെ സംഘടിപ്പിക്കുന്നതിൽ ഇൻസ്റ്റാഗ്രാം വലിയ പങ്ക് വഹിച്ചിരുന്നു. ജൂലൈയിലെ പ്രതിഷേധ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോ ഇന്ത്യയിൽ ഫേസ്ബുക്ക് നീക്കം ചെയ്തതും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ മെറ്റയുടെ ഗ്ലോബൽ അഫയേഴ്‌സ് പ്രസിഡൻ്റ് ജോയൽ കപ്ലാൻ ഉൾപ്പെടെയുള്ളവരെ സർക്കാർ വിളിച്ചുവരുത്തിയിരുന്നു.
സർക്കാരിൻ്റെ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്കും സർക്കാരിൻ്റെ ‘സഹയോഗ്’ പോർട്ടലിനുമെതിരെ ഇലോൺ മസ്‌കിൻ്റെ കമ്പനിയായ എക്‌സ് നിയമപോരാട്ടം തുടരുകയാണ്. ഡീപ് ഫേക്ക് ഉൾപ്പടെയുള്ള വിഷയങ്ങളിലും സർക്കാരും ടെക് കമ്പനികളും തമ്മിലുള്ള ഭിന്നത രൂക്ഷമാണ്. കൂടാതെ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ തടയുന്നതിൽ സമൂഹ മാധ്യമങ്ങൾ പരാജയപ്പെട്ടുവെന്ന് അടുത്തിടെ സുപ്രീം കോടതിയും പരാമർശം നടത്തിയിരുന്നു തുടർച്ചയായ നിയമലംഘനങ്ങളെ നേരിടാൻ നിലവിലെ സെക്ഷൻ 79 നിയമങ്ങൾ അപര്യാപ്തമാണെന്നും, പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ ആവശ്യമാണ് എന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
English Summary
The Indian government plans to revoke the “safe harbour” legal immunity for social media platforms like Facebook and X, holding them directly accountable for third-party content and algorithmic amplification.