National Flag Day in India 2025: ത്രിവർണ കൊടി ദേശീയ പതാകയായി മാറിയത് എങ്ങനെ? ചരിത്രം, പ്രാധാന്യം അറിയാം..
National Flag Day in India 2025: 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടുകയും ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആദ്യമായി ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവർണ്ണ പതാക ഉയർത്തുകയും ചെയ്തു.
ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ദിവസമാണ് ഇന്ന്, ജൂലൈ 22, ദേശീയ പതാക ദിനം. 1947 ജൂലൈ 22ന് നടന്ന ഭരണഘടനാ അസംബ്ലി യോഗത്തിൽ ത്രിവർണ്ണ പതാകയെ ദേശീയ പതാകയായി അംഗീകരിച്ചതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം.
ചരിത്രം
സ്വാതന്ത്ര്യസമരകാലത്ത് പല തരത്തിലുള്ള പതാകകൾ ഉപയോഗിച്ചിരുന്നു. 1904-ൽ സിസ്റ്റർ നിവേദിത സൃഷ്ടിച്ച ആദ്യകാല പതാകയിൽ വിജയത്തെയും ശക്തിയെയും പ്രതീകപ്പെടുത്തുന്ന ചുവപ്പും മഞ്ഞയും നിറങ്ങൾ ഉണ്ടായിരുന്നു. കൂടാതെ ബംഗാളിയിൽ “വന്ദേമാതരം” ആലേഖനം ചെയ്തിരുന്നു. 1947 ജൂലൈ 22 നാണ് ഇന്ന് നാം കാണുന്ന കുങ്കുമം, വെള്ള, പച്ച നിറങ്ങളും അശോക ചക്രവുമുള്ള ത്രിവർണ പതാക ദേശീയ പതാകയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്.
1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടുകയും ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആദ്യമായി ഇന്ത്യയുടെ ദേശീയ പതാകയായ ത്രിവർണ്ണ പതാക ഉയർത്തുകയും ചെയ്തു. ദേശീയ പതാക ദിനം പൗരന്മാരിൽ അഭിമാനബോധം, ദേശസ്‌നേഹം, ദേശീയ ഐക്യം എന്നിവ വളർത്തുന്നു.
ത്രിവർണങ്ങൾ സൂചിപ്പിക്കുന്നത്..
ദേശീയ പതാകയിലെ ഓരോ നിറത്തിനും രാജ്യത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രധാന അർത്ഥമുണ്ട്. കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെയും പോരാട്ടങ്ങളെയും എടുത്തുകാണിക്കുന്നു.
കുങ്കുമം: സ്വാതന്ത്ര്യ സമര സേനാനികളുടെ ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകം.
വെള്ള: വെളുത്ത നിറത്തിലുള്ള മധ്യഭാഗം വിശുദ്ധി , സത്യം, സമാധാനം എന്നിവയെ സൂചിപ്പിക്കുന്നു.
പച്ച: പച്ച നിറത്തിലുള്ള താഴ് ഭാഗം ഫലഭൂയിഷ്ഠത , വളർച്ച, ഭാഗ്യം എന്നിവയെ സൂചിപ്പിക്കുന്നു, കൂടാതെ ഇന്ത്യയുടെ കാർഷിക പൈതൃകത്തെയും പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു.
അശോക ചക്രം: നടുവിലുള്ള നേവി ബ്ലൂ നിറത്തിലുള്ള അശോക ചക്രം ജീവിതത്തിന്റെ തുടർച്ചയായ ചലനത്തെ പ്രതീകപ്പെടുത്തുകയും ഒരു രാഷ്ട്രം പുരോഗമിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുകയും ചെയ്യുന്നു.