NEET UG 2026: കേരളത്തിലെ വിദ്യാർത്ഥികൾക്കും നീറ്റ് ചോദ്യപേപ്പർ ലഭിച്ചോ?; സിബിഐ അന്വേഷണം സംസ്ഥാനത്തേക്ക്
NEET UG Paper Leak 2026: ജയ്പൂരിലെത്തിയ സിബിഐ സംഘം ഇതുവരെയുള്ള അന്വേഷണത്തിന്റെ രേഖകളും ശേഖരിച്ചിരുന്നു. മാതൃകാ ചോദ്യപേപ്പർ എന്ന നിലയിൽ പ്രചരിച്ച ചോർത്തിയ ചോദ്യങ്ങൾ ആർക്കെല്ലാം കിട്ടി എന്നതിൽ രാജസ്ഥാൻ പോലീസ് വിശദമായ വിവരം ശേഖരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 200 വിദ്യാർത്ഥികളുടെയും 75 മാതാപിതാക്കളുടെയും പേര് വിവരങ്ങളാണ് രാജസ്ഥാൻ പോലീസിന് ലഭിച്ചത്.
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം (NEET UG Paper Leak) കേരളത്തിലേക്കും. ചോദ്യപേപ്പർ കിട്ടിയെന്ന് രാജസ്ഥാൻ പോലീസ് കണ്ടെത്തിയ 200 വിദ്യാർത്ഥികളുടെ ലിസ്റ്റിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായാണ് വിവരം. അതിനാൽ ഇതിനിടെ നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ രാജസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്ത ദിനേഷ് ബിൻവാൾ ബിജെപി നേതാവാണെന്നാണ് കോൺഗ്രസ് ആരോപണം.
ചോദ്യപേപ്പർ ചോർച്ചയിൽ രാജസ്ഥാൻ പോലീസിന്റെ പ്രത്യേക സംഘത്തിൽ നിന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. ജയ്പൂരിലെത്തിയ സിബിഐ സംഘം ഇതുവരെയുള്ള അന്വേഷണത്തിന്റെ രേഖകളും ശേഖരിച്ചിരുന്നു. മാതൃകാ ചോദ്യപേപ്പർ എന്ന നിലയിൽ പ്രചരിച്ച ചോർത്തിയ ചോദ്യങ്ങൾ ആർക്കെല്ലാം കിട്ടി എന്നതിൽ രാജസ്ഥാൻ പോലീസ് വിശദമായ വിവരം ശേഖരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 200 വിദ്യാർത്ഥികളുടെയും 75 മാതാപിതാക്കളുടെയും പേര് വിവരങ്ങളാണ് രാജസ്ഥാൻ പോലീസിന് ലഭിച്ചത്. ഇതിൽ ചിലരെ പോലീസ് ചോദ്യം ചെയ്തതായും വിവരമുണ്ട്.
ALSO READ: നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷണത്തിന് ഉത്തരവ്
ചോദ്യം ചെയ്ത വിവരങ്ങൾ അടക്കമുള്ള രേഖകളാണ് സിബിഐക്ക് കൈമാറിയിരിക്കുന്നത്. കൈമാറിയ രേഖയിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ള ചില വിദ്യാർത്ഥികളും ഉൾപ്പെടുന്നതായാണ് വിവരം. ഇവർക്ക് മാതൃക ചോദ്യപേപ്പർ കിട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇവരെ സിബിഐ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥി വഴിയാണ് ആദ്യഘട്ടത്തിൽ ചോർത്തിയ ചോദ്യപേപ്പർ എത്തിയത്. നിലവിൽ നാല് സംഘങ്ങളെയാണ് സിബിഐ അന്വേഷണത്തിനായി നിയോഗിച്ചത്.
നീറ്റ് പരീക്ഷ റദ്ദാക്കി
രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ കേന്ദ്ര സർക്കാരാണ് റദ്ദാക്കിയത്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. പുനഃപരീക്ഷ ഉടൻ നടത്തുമെന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ കേന്ദ്ര ഏജൻസികൾ പരിശോധിച്ചുവരികയാണ്.
അതേസമയം, മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തുന്നതാണ്. ഇതിനായി പിന്നീട് വിജ്ഞാപനം പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. പുതിയ ഹാൾടിക്കറ്റ് വിദ്യാർത്ഥികൾക്ക് നൽകുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും അധികൃതർ പറഞ്ഞു.
മെയ് 3 ഞായറാഴ്ചയാണ് രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടത്തിയത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. എന്നാൽ, പരീക്ഷയ്ക്ക് പിന്നാലെ ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം ഉയർന്നതാണ് വിവാദമായത്. രാജസ്ഥാനിൽ പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച സാധ്യതാചോദ്യപേപ്പറിൽ യഥാർഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുണ്ടെന്ന് കണ്ടെത്തി.
ആകെയുള്ള 180 ചോദ്യങ്ങളിൽ 150 എണ്ണവും സമാനമാണ്. സിക്കറിലെ പിപ്രാലി റോഡിലുള്ള കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം കൺസൾട്ടൻസി ഓഫീസ് നടത്തിയിരുന്ന രാകേഷ് മണ്ഡവാരിയ ഉൾപ്പെടെ 13 പേരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ക്രമക്കേടിൽ സുപ്രീം കോടതി ഇടപെടൽ തേടി ഹർജി എത്തിയിട്ടുണ്ട്. മെഡിക്കൽ സംഘടനയായ FAIMA ആണ് ഹർജി നൽകിയത്. എൻടിഎയ്ക്ക് പകരം സംവിധാനം വേണമെന്നും കോടതി മേൽനോട്ടത്തിൽ ആകണം വീണ്ടും പരീക്ഷ നടത്തേണ്ടതെന്നാണ് ആവശ്യം.
English Summary:
NEET-UG 2026 question paper leak has taken a significant turn as the CBI extends its probe into Kerala. Rajasthan Police data reveals suspicious patterns among a small group of students in the state.