PM Modi: പ്രധാനമന്ത്രി കിര്‍ഗിസ്ഥാനില്‍; ഇന്ന് എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കും
PM Narendra Modi Kyrgyzstan Visit: എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിര്‍ഗിസ്ഥാനില്‍ എത്തി. കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് കാബിനറ്റ് ചെയര്‍മാന്‍ അഡിൽബെക്ക് കാസിമാലിയേവിന് മോദി നന്ദി അറിയിച്ചു. എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Prime Minister Narendra Modi arrives in Bishkek
ന്യൂഡല്‍ഹി/ബിഷ്‌കെക്ക്: എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിര്‍ഗിസ്ഥാനില്‍ എത്തി. കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് കാബിനറ്റ് ചെയര്‍മാന്‍ അഡിൽബെക്ക് കാസിമാലിയേവിന് മോദി എക്‌സിലൂടെ നന്ദി അറിയിച്ചു. ഇന്നും നാളെയുമായി വിവിധ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നും, എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉസ്‌ബെക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോദി കിര്‍ഗിസ്ഥാനിലെത്തിയത്.
നേരത്തെ മോദിക്ക് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ് രാജ്യത്തിന്റെ പരമോന്നത വിദേശ നയതന്ത്ര ബഹുമതിയായ ‘ഒലി ദരാജലി ദൂസ്ത്ലിക്’ സമ്മാനിച്ചിരുന്നു. വിദേശ നേതാക്കൾക്ക് ഉസ്ബെക്കിസ്ഥാൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്.
ഉഭയകക്ഷി ബന്ധം ശക്തമാക്കി ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും
ഷവ്കത്ത് മിർസിയോയേവും നരേന്ദ്ര മോദിയും വിപുലമായ ചർച്ചകൾ നടത്തി. ഉസ്ബെക്കിസ്ഥാൻ-ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചും അവലോകനം ചെയ്തു. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
ഇരുരാജ്യങ്ങളുടെയും മികച്ച സഹകരണത്തിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും ഇരുരാഷ്ട്രങ്ങളുടെയും പ്രധാന താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന തരത്തിൽ സഹകരണത്തെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താനും കൂടിക്കാഴ്ചയില്‍ ധാരണയായി.
വ്യാപാരം, സാമ്പത്തികം, നിക്ഷേപം, ഗതാഗത സൗകര്യങ്ങൾ, ഡിജിറ്റൽ പരിവർത്തനം, ഊർജ്ജ പരിവർത്തനം, ഭക്ഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം, ഔഷധ നിർമ്മാണം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ പങ്കാളിത്തം വിപുലീകരിക്കാനും തീരുമാനമായി.
നേതൃ തലത്തില്‍ ചര്‍ച്ചകള്‍ തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ എത്തിയ കരാറുകളുടെ നടത്തിപ്പിന് ഉയർന്നതലത്തിലുള്ള ഏകോപനവും മേൽനോട്ടവും നൽകുന്നതിനും പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണത്തിന് സൗകര്യമൊരുക്കുന്നതിനുമായി വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ ഒരു സംവിധാനം രൂപീകരിക്കാൻ നേതാക്കൾ തീരുമാനിച്ചു.
ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്കിന്റെ ‘ഒലി മജ്‌ലിസി’ന്റെ ചേമ്പറുകളും ഇന്ത്യൻ പാർലമെന്റും തമ്മിലുള്ള സമ്പർക്കങ്ങൾ ശക്തമാകുന്നതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഇതിൽ പാർലമെന്ററി സൗഹൃദ ഗ്രൂപ്പുകൾ തമ്മിലുള്ള സഹകരണവും അന്താരാഷ്ട്ര അന്തർ-പാർലമെന്ററി സംഘടനകൾക്കുള്ളിലെ ഇടപെടലുകളും ഉൾപ്പെടുന്നു.
വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ ചട്ടക്കൂട് കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മോദിയും മിര്‍സിയോയേവും ചര്‍ച്ച ചെയ്തു. തീവ്രവാദത്തെ നേതാക്കൾ ഒറ്റക്കെട്ടായി അപലപിച്ചു.
തീവ്രവാദ സംഘടനകൾക്കെതിരെ ഒരുമിച്ച് നടപടിയെടുക്കാനും ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായ ശൃംഖലകൾ, സുരക്ഷിത താവളങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തകർക്കാനും നേതാക്കൾ ആഹ്വാനം ചെയ്തു. ഭീകരവാദത്തിന് ഉത്തരവാദികളായവരെ കണക്കുപറയിക്കണമെന്നും, അതിനുപിന്നിൽ പ്രവർത്തിച്ചവർ, സഹായികൾ, പിന്തുണയ്ക്കുന്നവർ, അനുബന്ധ സംഘടനകൾ എന്നിവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.
English Summary
Prime Minister Narendra Modi arrived in Kyrgyzstan. Modi thanked Adylbek Kasymaliev, Chairman of the Cabinet of Ministers of the Kyrgyz Republic for the warm welcome.