Starlink: ‘ഇന്ത്യയിൽ അതിവേഗ ഇൻ്റർനെറ്റ് നൽകാൻ ഞങ്ങൾ തയ്യാർ’; റിലയൻസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക്
Elon Musk vs Mukesh Ambani: Starlink Replies to Reliance's Statement on Indian Satcom Market: സ്റ്റാർലിങ്കിൻ്റെ ഇന്ത്യയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ഇലോൺ മസ്ക് നടത്തിയ വിമർശനങ്ങൾക്ക് വെള്ളിയാഴ്ച റിലയൻസ് ഇൻഡസ്ട്രീസ് മറുപടി നൽകിയിരുന്നു. മത്സരങ്ങളെ തങ്ങൾ ഒരിക്കലും ഭയപ്പെട്ടിട്ടില്ലെന്നും എന്നാൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതൊരു കമ്പനിയും രാജ്യത്തെ നിയമങ്ങളും നയങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണെന്നുമാണ് റിലയൻസ് വ്യക്തമാക്കിയ
ന്യൂഡൽഹി: ഇന്ത്യൻ വിപണിയെക്കുറിച്ചുള്ള ഇലോൺ മസ്കിൻ്റെ പരാമർശങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ് നൽകിയ വിശദീകരണത്തിന് മറുപടിയുമായി ഉപഗ്രഹ ഇൻ്റർനെറ്റ് സേവനദാതാക്കളായ സ്റ്റാർലിങ്ക് രംഗത്ത്. ഇന്ത്യയിൽ എല്ലാ സർക്കാർ അനുമതികളോടെയുമാണ് തങ്ങൾ പ്രവർത്തിച്ചതെന്നും, രാജ്യത്ത് അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കാൻ പൂർണ്ണ സജ്ജമാണെന്നും മസ്കിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനി എക്സിലൂടെ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി രാജ്യത്തെ ടെലികോം ഓപ്പറേറ്റർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും, ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സുരക്ഷിതമായി സേവനം നൽകുന്നതിന് പ്രത്യേക സംവിധാനങ്ങളും എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും സ്റ്റാർലിങ്ക് അറിയിച്ചു.
സ്റ്റാർലിങ്ക് എക്സിൽ പങ്കുവച്ച കുറിപ്പ്
We have worked closely with regulators, industry and operators in India for 5+ years, and built a network of dedicated systems, gateways, and other infrastructure all in-country to exclusively serve Indian traffic safely and securely – and all with the requisite government approvals.
Starlink is ready to connect India with high-speed internet.
— Starlink (@Starlink) October 16, 2026
സ്റ്റാർലിങ്കിൻ്റെ ഇന്ത്യയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ഇലോൺ മസ്ക് നടത്തിയ വിമർശനങ്ങൾക്ക് വെള്ളിയാഴ്ച റിലയൻസ് ഇൻഡസ്ട്രീസ് മറുപടി നൽകിയിരുന്നു. മത്സരങ്ങളെ തങ്ങൾ ഒരിക്കലും ഭയപ്പെട്ടിട്ടില്ലെന്നും എന്നാൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതൊരു കമ്പനിയും രാജ്യത്തെ നിയമങ്ങളും നയങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണെന്നുമാണ് റിലയൻസ് വ്യക്തമാക്കിയത്. ഇന്ത്യൻ കമ്പനിയെന്നോ വിദേശ കമ്പനിയെന്നോ വ്യത്യാസമില്ലാതെ എല്ലാ അപേക്ഷകർക്കും ഒരേ നടപടിക്രമങ്ങളാണ് കേന്ദ്ര സർക്കാർ ബാധകമാക്കിയിട്ടുള്ളതെന്നും, ജിയോയുടെ തന്നെ സാറ്റലൈറ്റ് സേവനങ്ങളും സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണെന്നും റിലയൻസ് ചൂണ്ടിക്കാട്ടിയിരുന്നു.
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ രംഗത്ത് സ്റ്റാർലിങ്ക് ഉൾപ്പെടെയുള്ള കമ്പനികളുമായുള്ള മത്സരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കൾക്ക് ആര് ഏറ്റവും മികച്ച സേവനം നൽകുന്നു എന്ന് തെളിയിക്കാനുള്ള അവസരമാണ് മത്സരങ്ങൾ. 2016-ൽ ഒരു ഉപഭോക്താവ് പോലുമില്ലാതെ ഇന്ത്യയിലെ ടെലികോം വിപണിയിലേക്ക് കടന്നുവന്ന ജിയോ, വെറും പത്ത് വർഷം കൊണ്ട് 53 കോടിയിലധികം ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്തുവെന്നും ലോകത്തിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റയും മികച്ച ഡിജിറ്റൽ സൗകര്യങ്ങളും നൽകുന്നുണ്ടെന്നും റിലയൻസ് വ്യക്തമാക്കിയിരുന്നു.
ഒക്ടോബർ ഏഴിന് സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്ക് നടത്തിയ പരാമർശത്തോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇന്ത്യയിൽ സ്പെക്ട്രം അനുമതി ലഭിക്കുന്നതിനുള്ള സ്റ്റാർലിങ്കിൻ്റെ ശ്രമങ്ങളെ ചില വൻകിട മുതലാളിമാർ തടസ്സപ്പെടുത്തുന്നുവെന്നായിരുന്നു മസ്കിൻ്റെ ആരോപണം. എന്നാൽ ഒക്ടോബർ എട്ടിന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ഈ ആരോപണം തള്ളിയിരുന്നു. അപേക്ഷ നൽകിയ മൂന്ന് കമ്പനികളുടെയും സുരക്ഷാ പരിശോധനകൾ ഒരേ ഘട്ടത്തിലാണെന്നും ആരോടും വിവേചനമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയെ ലക്ഷ്യമിട്ട് മസ്ക് വീണ്ടും രംഗത്തെത്തിയത്. 165-ലധികം രാജ്യങ്ങളിൽ ലൈസൻസുള്ള സ്റ്റാർലിങ്ക് അഞ്ച് വർഷമായി ഇന്ത്യൻ നിയമങ്ങൾ പാലിച്ചിട്ടും എന്തുകൊണ്ട് ലൈസൻസ് ലഭിക്കുന്നില്ലെന്നും, അംബാനിയാണോ ഇന്ത്യയുടെ യഥാർത്ഥ ബോസ് എന്നും മസ്ക് ചോദിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
English Summary
Responding to Reliance Industries’ statement over Elon Musk’s remarks, Starlink said it has worked with Indian regulators for five years with requisite approvals and is ready to provide high-speed internet.