ശുദ്ധമായ പശുവിൻ നെയ്യ് എന്ന പേരിൽ വിറ്റത് സോയാബീൻ എണ്ണ, വൻ തട്ടിപ്പ് സംഘം പിടിയിൽ
Soybean oil sold as pure cow ghee: ദീപാവലി വിപണി ലക്ഷ്യമിട്ട് ജൂനാഗഡ് മാർക്കറ്റ് യാർഡിന് സമീപമുള്ള 'കൃഷ്ണ ഇൻഡസ്ട്രീസ്' എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു വ്യാജ നെയ്യ് നിർമ്മാണം നടന്നിരുന്നത്. സംഭവത്തിൽ പ്രതി കമലേഷ് സോധയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ജൂനാഗഡ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ആണ് ആവണക്കെണ്ണ കച്ചവടത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജ നെയ്യ് നിർമാണ കേന്ദ്രം കണ്ടെത്തിയത്.

Soybean Oil Sold As Pure Cow Ghee
ജൂനാഗഡ്: ശുദ്ധമായ നാടൻ നെയ്യ് എന്ന വ്യാജേന രാസവസ്തുക്കളും കൃത്രിമ എണ്ണകളും കലർത്തിയ വ്യാജ നെയ്യ് നിർമിച്ച് വിറ്റ വൻ സംഘം പിടിയിൽ. ദീപാവലി വിപണി ലക്ഷ്യമിട്ട് ജൂനാഗഡ് മാർക്കറ്റ് യാർഡിന് സമീപമുള്ള ‘കൃഷ്ണ ഇൻഡസ്ട്രീസ്’ എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു വ്യാജ നെയ്യ് നിർമ്മാണം നടന്നിരുന്നത്. സംഭവത്തിൽ പ്രതി കമലേഷ് സോധയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ജൂനാഗഡ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ആണ് ആവണക്കെണ്ണ കച്ചവടത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജ നെയ്യ് നിർമാണ കേന്ദ്രം കണ്ടെത്തിയത്.
സോയാബീൻ എണ്ണ, ആവണക്കെണ്ണ, രാസവസ്തുക്കൾ, സിന്തറ്റിക് ഫ്ലേവറുകൾ, എസൻസുകൾ എന്നിവ വലിയ പാത്രങ്ങളിൽ മിക്സ് ചെയ്താണ് ഇവിടെ വ്യാജ നെയ്യ് നിർമിച്ചിരുന്നത്. കണ്ടെയ്‌നറുകളിൽ ഘടിപ്പിച്ച പ്രത്യേക പൈപ്പ്‌ലൈൻ വഴി ഇവ നേരിട്ട് ടിന്നുകളിലേക്ക് പകർന്നു. ഉയറന്ന നിലവാരമുള്ള ‘ഗിർ പശുവിൻ നെയ്യ്’ ആണ് ഇതെന്നും ഇത് വളരെ ആരോഗ്യദായകമാണെന്നും തെറ്റിദ്ധരിപ്പിച്ച് കിലോഗ്രാമിന് 600 രൂപ നിരക്കിൽ ആണ് വിപണിയിൽ വിറ്റിരുന്നത്.
ഉപയോക്താക്കളുടെ വിശ്വാസ്യത നേടുന്നതിനായി പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ലേബലുകളിലും ലോഗോകളിലുമാണ് ടിന്നുകൾ പായ്ക്ക് ചെയ്തിരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി പ്രതി സമാനമായ തട്ടിപ്പ് നടത്തിവരികയാണെന്നും മുൻപും വ്യാജ നെയ്യ് നിർമാണത്തിന് ഇയാൾ പിടിയിലായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. സ്ഥാപനത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും എസൻസ് കുപ്പികളും അന്വേഷണസംഘം പിടിച്ചെടുത്തു.
പോലീസ് റെയ്ഡിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പിടിച്ചെടുത്ത സാമ്പിളുകൾ വഡോദരയിലെ സർക്കാർ ലാബിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ഫുഡ് ഡിപ്പാർട്ട്മെന്റ് ഓഫീസർ അറിയിച്ചു. പരിശോധനാ ഫലം 14 ദിവസത്തിനകം ലഭ്യമാകും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനാസ്ഥയാണ് ഇത്തരം തട്ടിപ്പുകൾ നടക്കാൻ ഇടയാക്കുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു.
English Summary
A major gang involved in the production and sale of counterfeit ghee, made by mixing chemicals and artificial oils has been apprehended. Targeting the Diwali market, the operation was centered at a facility called ‘Krishna Industries,’ located near the Junagadh Market Yard. The Gujarat Police have arrested the accused, Kamlesh Sodha, in connection with the incident.