Uttarakhand: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം, തുരങ്കത്തിൽ കുടുങ്ങിയ 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം
Uttarakhand Tunnel Accident: ചമൗളി ജില്ലയിലെ പീപ്പൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുരങ്കത്തിനുള്ളിലെ ശക്തമായ ഒഴുക്കും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. 22 തൊഴിലാളികളിൽ 14 പേരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി.

ഉത്തരാഖണ്ഡ് അപകടം
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മിന്നൽപ്രളയത്തിന് പിന്നാലെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചെത്തുകയായിരുന്നു. തുരങ്കത്തിൽ കുടുങ്ങിയ 22 തൊഴിലാളികളിൽ 14 പേരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. മറ്റ് രണ്ട് പേരുടെ വിവരം ലഭ്യമല്ല.
വ്യാഴാഴ്ച ഏകദേശം ഏഴുമണിയോടെ ഉണ്ടായ മണ്ണിടിച്ചിലാണ് അപകടത്തിന് കാരണം. ചമൗളി ജില്ലയിലെ പീപ്പൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞ അവശിഷ്ടങ്ങളും വെള്ളവും 3 കിലോമീറ്റര്‍ നീളമുള്ള ടണലിനുള്ളിലേക്ക് കയറുകയായിരുന്നു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
22 തൊഴിലാളികളാണ് ആ സമയം തുരങ്കത്തിനുള്ളില്‍ ഉണ്ടായിരുന്നത്. വെള്ളവും അവശിഷ്ടങ്ങളും ഒഴുകിയെത്തിയതോടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി കൊണ്ടിരുന്ന തൊഴിലാളികള്‍ കുടുങ്ങി. സംഭവ സ്ഥലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിച്ചിരുന്നു. തുരങ്കത്തിനുള്ളിലെ ശക്തമായ ഒഴുക്കും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി
സംഭവത്തെ തുടർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ആശങ്ക പ്രകടിപ്പിക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താൻ അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു. സാഹചര്യം നേരിട്ട് നിരീക്ഷിച്ചുവരികയാണെന്നും മുതിർന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേഗത്തിലുള്ള രക്ഷാപ്രവർത്തനം ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ചമോലിയിൽ മേഘവിസ്ഫോടനം
ഉത്തരാഖണ്ഡ് ചമോലിയിൽ കഴിഞ്ഞ ചൊവ്വാഴ്ച്ച മേഘവിസ്ഫോടനം ഉണ്ടായി. കനത്ത മഴയെത്തുടർന്ന് തമാക് നല അരുവിയിലെ ജലനിരപ്പ് ഉയർന്നതോടെ, ജ്യോതിർമഠിൽ നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെ മലാരി ദേശീയപാതയെ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി. അതിർത്തി മേഖലയിലെ പത്തിലധികം ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഒരു മാസം മുമ്പ് നിർമ്മിച്ച പാലം കുത്തിയൊലിച്ചെത്തിയ വെള്ളത്തിലും ശക്തമായ ഒഴുക്കിലും പെട്ട് തകർന്നു. പാലം തകർന്നതോടെ അതിർത്തിയിലെ പല ഗ്രാമങ്ങളിലേക്കുമുള്ള യാത്രാസൗകര്യം പൂർണ്ണമായും നിലച്ചിരുന്നു. സംഭവത്തെത്തുടർന്ന് ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ (BRO) ഒരു ജീവനക്കാരനെ കാണാതാവുകയും ചെയ്തിരുന്നു.
English Summary:
Six workers tragically died after a tunnel under construction in Uttarakhand was flooded with water and debris following a flash flood. Of the 22 workers trapped inside the tunnel, 14 were rescued with minor injuries.