സ്വത്ത് തട്ടിയെടുക്കാൻ അമ്മയും സഹോദരിമാരും വിഷം നൽകി? 35-കാരൻ്റെ ദുരൂഹ മരണത്തിൽ ഗുരുതര ആരോപണവുമായി രണ്ട് ഭാര്യമാർ
35-Year-Old Man's Mysterious Death in Delhi: Wives Accuse Mother-in-Law of Poisoning Him: രാം ലഖൻ്റെ ഭാര്യമാരായ നീലം, കോമൾ വർമ്മ എന്നിവരാണ് ഭർതൃമാതാവ് കമല ദേവിക്കും ഭർതൃസഹോദരിമാരായ ശ്രുതി, നർമ്മദ എന്നിവർക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്വത്ത് കൈക്കലാക്കുന്നതിനായി ഇവർ മൂവരും ചേർന്ന് രാം ലഖന്‍ വിഷം നൽകിയെന്നാണ് ഭാര്യമാർ സംശയിക്കുന്നത്. ഇതിന് ഇരുവരു ചില കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്
ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയിൽ 35-കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ, സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവിൻ്റെ അമ്മയും സഹോദരിമാരും ചേർന്ന് വിഷം നൽകിയതായി ആരോപിച്ച് യുവാവിൻ്റെ രണ്ട് ഭാര്യമാർ രംഗത്ത്. ഖോഡ കോളനിയിലെ നവനീത് വിഹാർ സ്വദേശിയായ രാം ലഖനാണ് ബുധനാഴ്ച രാത്രി വൈകി ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ഭാര്യമാരുടെ ആരോപണത്തെക്കുറിച്ച് വ്യാഴാഴ്ച പോലീസാണ് വിവരങ്ങൾ പുറത്തുവിട്ടത്.
രാം ലഖൻ്റെ ഭാര്യമാരായ നീലം, കോമൾ വർമ്മ എന്നിവരാണ് ഭർതൃമാതാവ് കമല ദേവിക്കും ഭർതൃസഹോദരിമാരായ ശ്രുതി, നർമ്മദ എന്നിവർക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്വത്ത് കൈക്കലാക്കുന്നതിനായി ഇവർ മൂവരും ചേർന്ന് രാം ലഖന്‍ വിഷം നൽകിയെന്നാണ് ഭാര്യമാർ സംശയിക്കുന്നത്. ഇതിന് ഇരുവരു ചില കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. അമ്മയും സഹോദരിമാരും മറ്റ് ബന്ധുക്കളും സ്ഥലത്തെത്താതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് ഇരുവരും ആദ്യം കർശന നിലപാടെടുത്തിരുന്നു.
Also Read: അമ്മാവൻ്റെ മകനുമായി പ്രണയം; വിവാഹനിശ്ചയത്തിന് തലേന്ന് 19-കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ഏകദേശം ഒരു മാസം മുൻപ് ചികിത്സ നൽകാനെന്ന പേരിൽ അമ്മ കമല ദേവിയും സഹോദരി ശ്രുതിയും ചേർന്ന് രാം ലഖനെ ആഗ്രയിലേക്ക് കൊണ്ടുപോയതായി ഭാര്യമാരിൽ ഒരാളായ കോമൾ ആരോപിക്കുന്നു. എന്നാൽ, ആഗ്രയിൽ വച്ച് തൻ്റെ ഭർത്താവിന് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ ഇരുവരും തയ്യാറായില്ലെന്നും കോമൾ ആരോപിക്കുന്നു. തുടർന്ന് നവംബർ 17-ന് ആരോഗ്യനില അതീവ ഗുരുതരമായതോടെയാണ് രാം ലഖനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
രാം ലഖൻ മരിച്ചയുടൻ അമ്മയും സഹോദരിയും ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞതായും കോമൾ ആരോപിക്കുന്നുണ്ട്. തുടർന്ന് അയൽക്കാരുടെ സഹായത്തോടെയാണ് മൃതദേഹം ഖോഡ കോളനിയിലെ വീട്ടിലേക്ക് എത്തിച്ചത്. പിന്നീട് കുടുംബാംഗങ്ങൾ മൃതദേഹം സംസ്കാരച്ചടങ്ങുകൾക്കായി ഇവരുടെ സ്വദേശമായ ആഗ്രയിലെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. കോമൾ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമായി പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ, സംഭവത്തിൽ ഭാര്യമാരുടെ ഭാഗത്തുനിന്ന് ഇതുവരെ രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി. രാം ലഖൻ്റെ ഭാര്യമാരായ നീലം, കോമൾ എന്നിവർക്ക് രണ്ട് കുട്ടികൾ വീതമുണ്ട്. ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടത്തുന്നതിനയി ഇരുവരും പൊലീസിൽ രേഖാമൂലം പരാതി നൽകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
English Summary
After 35-year-old Ram Lakhan died suspiciously in Delhi, his two wives accused his mother and sisters of poisoning him for property. Police are probing the claims; no written complaint yet.