Bindu Theft Case: ദളിത് യുവതിക്കെതിരായ മാല മോഷണക്കേസ് നുണക്കഥ; റിപ്പോർട്ട് സമർപ്പിച്ച് ക്രൈം ബ്രാഞ്ച്
Crime Branch Report Against Police: ദളിത് യുവതിക്കെതിരായ മാല മോഷണക്കേസിൽ പോലീസിനെതിരെ ക്രൈം ബ്രാഞ്ച്. മാല മോഷണക്കേസ് നുണക്കഥയാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

ബിന്ദു
ദളിത് യുവതിക്കെതിരായ മാല മോഷണക്കേസ് നുണക്കഥയെന്ന് ക്രൈം ബ്രാഞ്ച്. മോഷണക്കുറ്റം ആരോപിച്ച് തിരുവനന്തപുരം പനവൂർ സ്വദേശിനിയായ ബിന്ദു(36)വിനെതിരെ പേരൂർക്കട പോലീസ് നടപടിയെടുത്തിരുന്നു. ചോദ്യം ചെയ്യാനായി വിളിപ്പിച്ച ബിന്ദുവിനെ 20 മണിക്കൂറോളം സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് പോലീസിനെതിരെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ഈ വർഷം ഏപ്രിൽ 23നാണ് റിപ്പോർട്ടിന് ആസ്പദമായ സംഭവം നടന്നത്. മാല മോഷണം പോയെന്ന പരാതിയെ തുടർന്ന് ഡാനിയൽ എന്നയാളുടെ വീട്ടിൽ ജോലിയ്ക്ക് നിൽക്കുകയായിരുന്ന ബിന്ദുവിനെ പോലീസ് സ്റ്റേഷനിലെത്തിച്ച് മാനസികപീഡനം നടത്തി ചോദ്യം ചെയ്യുകയായിരുന്നു. 20 മണിക്കൂറോളം ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്തു. വസ്ത്രമഴിച്ചുള്ള ദേഹപരിശോധനയടക്കം നടത്തിയെങ്കിലും മാല കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് പരാതിക്കാരൻ്റെ വീട്ടിൽ നിന്ന് തന്നെ മാല ലഭിച്ചു.
സംഭവം പുറത്തുവന്നതോടെ പേരൂർക്കട എസ്ഐ പ്രസാദിനെ സസ്പൻഡ് ചെയ്തു. പ്രസാദിനെതിരെ മാത്രമല്ല, സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പോലീസുകാർക്കെതിരെയും നടപടിയെടുക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടിരുന്നു. മറ്റ് പോലീസുകാർ തന്നോട് മോശമായി പെരുമാറുകയ്യും അസഭ്യം പറയുകയും ചെയ്തു. വീട്ടിൽ നിന്ന് മാല ലഭിച്ചിട്ടും വീട്ടുകാർ തന്നോട് ക്ഷമ പറയാൻ തയ്യാറായില്ല. താൻ ആത്മഹത്യയുടെ വക്കിലായിരുന്നു. നീതി കിട്ടിയെങ്കിലേ തനിക്ക് ഈ നാട്ടിൽ ഇനി ജീവിക്കാൻ കഴിയൂ. രാത്രി മുഴുവൻ പോലീസിൻ്റെ അസഭ്യവും ഭീഷണിയും മാനസിക പീഡനവും ഏൽക്കേണ്ടിവന്നു എന്നും ബിന്ദു പറഞ്ഞു.