ചേരാനെല്ലൂർ അപകടം: വാഹനമോടിച്ച 17 വയസുകാരന് സ്റ്റേഷൻ ജാമ്യം, പിതാവായ ജഡ്ജിക്കെതിരേ കേസെടുക്കും
Cheranalloor accident: ആഗ്രഹം കൊണ്ടാണ് ജഡ്ജിയായ പിതാവിന്റെ കാർ ഓടിക്കാനെടുത്തതെന്നും നൈറ്റ് ഡ്രൈവിന് പോയതാണെന്നുമാണ് 17 വയസുകാരന്റെ മൊഴി. ആലുവയിലെ ഫ്ലാറ്റിൽനിന്നാണ് വാഹനം എടുത്തത്. ചേരാനല്ലൂരിൽ വാഹനം തിരിച്ച് ആലുവയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് അപകടം നടന്നത്. മഴ കാരണം സ്കൂട്ടർ കാണാനായില്ല. റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നതിനാൽ അതാണ് ശ്രദ്ധിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിയായ 17 വയസുകാരന് സ്റ്റേഷൻ ജാമ്യം. അതേസമയം അപകടത്തിൽ പ്രതിയുടെ പിതാവിനെതിരേയും കേസെടുക്കുമെന്ന് പോലീസ്. പ്രായപൂർത്തിയാവാത്ത മകന് വാഹനമോടിക്കാൻ കൊടുത്തതിന്റെ പേരിലാണ് കേസെടുക്കുക. ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് ജഡ്ജിയുടെ മകനാണ് കേസിലെ പ്രതി എന്നാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. 17 വയസുകാരൻ ഓടിച്ച വാഹനത്തിന്റെ ആർ.സി ഉടമ പിതാവായ ജഡ്ജിയാണ്. മകൻ വാഹനമെടുത്ത് പോയതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്. ആദ്യമായാണ് മകൻ വാഹനമോടിക്കുന്നതെന്നും പിതാവ് പോലീസിനോട് പറഞ്ഞിരുന്നു.
ചേരാനല്ലൂരിൽ ഇന്ന് (ഞായറാഴ്ച) പുലർച്ചെ 2.20നായിരുന്നു അപകടം. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ ബെൻസ് കാർ ജയബാലകൃഷ്ണൻ ഓടിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകരുകയും ജയബാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.
ALSO READ: പാകിസ്ഥാന് സൈനിക രഹസ്യങ്ങൾ പങ്കുവെച്ചു; വിരമിച്ച ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ജയപാലകൃഷ്ണന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചു. മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ 25 വർഷമായി സൗത്ത് ചേരാനെല്ലൂരിൽ തട്ടുകട നടത്തുകയാണ്. വൈകിട്ട് കട തുറന്നാൽ കച്ചവടം കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുന്നതാണ് പതിവ്. ഞായറാഴ്ച പുലർച്ചെയും കട പൂട്ടി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 281, 106 (1) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പൊതുനിരത്തിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലോ പരുക്കേൽക്കുന്ന രീതിയിലോ അശ്രദ്ധമായി വാഹനം ഓടിച്ചാൽ ചുമത്തുന്ന വകുപ്പാണ് ബിഎൻഎസ് 281. കൊല്ലണമെന്ന ഉദ്ദേശ്യമില്ലാതെ, ഒരാളുടെ അശ്രദ്ധ കാരണം മറ്റൊരു വ്യക്തി മരിക്കുകയാണെങ്കിൽ ബിഎൻഎസ് 106 (1) വകുപ്പ് അനുസരിച്ചാണ് കേസ് എടുക്കുന്നത്.
ആഗ്രഹം കൊണ്ടാണ് ജഡ്ജിയായ പിതാവിന്റെ കാർ ഓടിക്കാനെടുത്തതെന്നും നൈറ്റ് ഡ്രൈവിന് പോയതാണെന്നുമാണ് 17 വയസുകാരന്റെ മൊഴി. ആലുവയിലെ ഫ്ലാറ്റിൽനിന്നാണ് വാഹനം എടുത്തത്. ചേരാനല്ലൂരിൽ വാഹനം തിരിച്ച് ആലുവയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് അപകടം നടന്നത്. മഴ കാരണം സ്കൂട്ടർ കാണാനായില്ല. റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നതിനാൽ അതാണ് ശ്രദ്ധിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
താൻ കാറുമായി പുറത്തേക്ക് പോകുമ്പോൾ വീട്ടുകാർ ഫ്ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നുവെന്നും താഴെ പാർക്ക് ചെയ്തിരുന്ന കാർ എടുക്കുന്നത് വീട്ടുകാർ കണ്ടില്ലെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. 17 വയസുകാരന്റെ നിയമവിരുദ്ധമായ വാഹനമോടിക്കലിനെ തുടർന്ന് ഒരു കുടുംബത്തിന്റെ ആശ്രയമാണ് ഇല്ലാതായത് എന്നതിനാൽത്തന്നെ ഈ അപകടം വൻ ചർച്ചയായിട്ടുണ്ട്.
ജയബാലകൃഷ്ണന്റെ മരണത്തോടെ ഭാര്യയും മൂന്ന് മക്കളും അനാഥരായി. സൗമ്യനായി പെരുമാറുന്ന ജയബാലകൃഷ്ണന്റെ വിയോഗം തീരാനഷ്ടമാണെന്നാണ് നാട്ടുകാരും പറയുന്നത്. ” മൂന്ന് മക്കൾക്ക് വേണ്ടി ജീവിച്ച മനുഷ്യനാണ് ഇല്ലാതായത്. ആ മനുഷ്യൻ ഒരുദിവസം കട തുറന്നില്ലെങ്കിൽ ജീവിതം മുന്നോട്ടുപോകില്ല. 55 വയസ്സിൽ പോകേണ്ട ആളായിരുന്നില്ല. മനഃപൂർവം കൊന്നതാണിത്” എന്ന് ജയബാലകൃഷ്ണന്റെ ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരേയും കേസെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
English Summary
A 17-year-old has been granted station bail in connection with an incident in Cheranalloor where a speeding Mercedes-Benz car struck and killed a scooter rider. The accused is the son of an Additional Sessions Judge from Irinjalakuda. Meanwhile, the police have stated that a case will also be registered against the accused’s father for allowing his minor son to drive the vehicle.