Pinarayi Vijayan: വിവാദങ്ങൾക്ക് മറുപടി? മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും
Pinarayi Vijayan Press Meet: രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിലാണ് മീറ്റ് ദ പ്രസ്. വരും ദിവസങ്ങളിൽ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും സമാനമായ സംവാദ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.
എറണാകുളം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് കൊച്ചിയിൽ ‘മീറ്റ് ദ പ്രസ്’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിലാണ് മീറ്റ് ദ പ്രസ്. വരും ദിവസങ്ങളിൽ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും സമാനമായ സംവാദ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളക്കേസ്, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസ്, കിഫ്ബി മസാല ബോണ്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ് തുടങ്ങിയ നിരവധി വിവാദങ്ങൾ കത്തിനിൽക്കെയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
ഇന്നലെ മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദര്‍ശിച്ചിരുന്നു. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. കൊല്ലത്തെ പരിപാടി കഴിഞ്ഞ് എറണാകുളത്തേക്ക് പോകവേ ആയിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.
ALSO READ: രാഹുൽ എവിടെ? പോലീസിൽ നിന്ന് വിവരം ചോരുന്നുവെന്ന് സൂചന
നിരാഹാരം തുടർന്ന് രാഹുൽ ഈശ്വർ; ജാമ്യഹർജി ഇന്ന് പരിഗണിക്കും
രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്.
സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹർജി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്ക്കോടതിയിൽ മറ്റൊരു ഹർജി നല്‍കിയത്. സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ.