Coastal highway: തീരദേശ ഹൈവേ: എറണാകുളം ജില്ലയിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാകുന്നു, ലക്ഷ്യങ്ങൾ ഇങ്ങനെ
Ernakulam coastal highway land acquisition valuation starts: ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച പരാതികൾ പരിഗണിച്ച് ചില സർവേ നമ്പറുകൾ ഒഴിവാക്കിയും പുതിയവ കൂട്ടിച്ചേർത്തും റവന്യൂ വകുപ്പ് ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചു. ഓരോ വില്ലേജിലും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിസ്തൃതിയും ഉടമകളുടെ വിലാസവും ഉൾപ്പെടുന്ന പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Coastal highway
കൊച്ചി: കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന സംസ്ഥാന തീരദേശ ഹൈവേയുടെ എറണാകുളം ജില്ലയിലെ നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഊർജിതമായി. ജില്ലയിലെ 12 വില്ലേജുകളിലൂടെ കടന്നുപോകുന്ന പാതയ്ക്കായി കെട്ടിടങ്ങളുടെയും ഭൂമിയുടെയും മൂല്യനിർണയം ഇപ്പോൾ നടന്നുവരികയാണ്. ജില്ലയിൽ രണ്ട് റീച്ചുകളിലായി 48 കിലോമീറ്റർ നീളമാണ് ഇതിനുള്ളത്. 2,600 വ്യക്തികളിൽ നിന്നായി 58.39 ഹെക്ടർ സ്ഥലങ്ങൾ ഇതിനായി ഏറ്റക്കേണ്ടതുണ്ട്.
റീച്ച് 1-ൽ ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെ 21.3 കി.മീ ആണ് ഉള്ളത്. നിലവിലെ റോഡ് വീതികൂട്ടിയാണ് ഇവിടെ പാത നിർമ്മിക്കുന്നത്. റീച്ച് 2ൽ പുതുവൈപ്പ് മുതൽ മുനമ്പം വരെയുള്ള 26.7 കി.മീ ഉണ്ട്. ഗ്രീൻ ഫീൽഡ് അലൈൻമെന്റിലൂടെ പോകുന്ന ഈ ഭാഗത്ത് പൊക്കാളിപ്പാടങ്ങളും ചെമ്മീൻകെട്ടുകളുമാണ് പ്രധാനമായും ഏറ്റെടുക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച പരാതികൾ പരിഗണിച്ച് ചില സർവേ നമ്പറുകൾ ഒഴിവാക്കിയും പുതിയവ കൂട്ടിച്ചേർത്തും റവന്യൂ വകുപ്പ് ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചു. ഓരോ വില്ലേജിലും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിസ്തൃതിയും ഉടമകളുടെ വിലാസവും ഉൾപ്പെടുന്ന പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
- ദേശീയപാതയിലെ ഗതാഗതത്തിരക്ക് കുറയ്ക്കുക.
- തീരദേശങ്ങളെയും ഹാർബറുകളെയും തമ്മിൽ ബന്ധിപ്പിക്കുക.
- ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുക അതിൽ പ്രത്യേക സൈക്കിൾ പാത ഉൾപ്പെടെ ഉദ്ദേശിക്കുന്നുണ്ട്.
പദ്ധതി ഏകദേശം 2,600 കുടുംബങ്ങളെ നേരിട്ടും 170 കുടുംബങ്ങളെ പരോക്ഷമായും ബാധിക്കുമെന്ന് കണക്കാക്കുന്നു. കച്ചവട സ്ഥാപനങ്ങളെയും തൊഴിലാളി കുടുംബങ്ങളെയും ബാധിക്കുമെങ്കിലും കൃത്യമായ പുനരധിവാസ നടപടികളിലൂടെ (SIA) ഇത് പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.