Kerala Independence Day Celebrations: സംസ്ഥാനത്തുടനീളം വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തും
Independence Day Celebrations in Kerala : രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം കേരളത്തിലും വിപുലമായി ആഘോഷിക്കും. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദേശീയപതാക ഉയര്‍ത്തുന്നതോടെ സംസ്ഥാനത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. വ്യോമസേനയുടെ ഹെലികോപ്ടറില്‍ നിന്ന് പുഷ്പവൃഷ്ടിയുണ്ടാകും.
തിരുവനന്തപുരം: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം കേരളത്തിലും വിപുലമായി ആഘോഷിക്കും. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ദേശീയപതാക ഉയര്‍ത്തുന്നതോടെ സംസ്ഥാനത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വ്യോമസേനയുടെ ഹെലികോപ്ടറില്‍ നിന്ന് പുഷ്പവൃഷ്ടിയുണ്ടാകും. വിവിധ സേനാവിഭാഗങ്ങള്‍, അശ്വാരൂഢസേന, എന്‍സിസി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം വി.ഡി. സതീശന്‍ സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വീസ് മെഡലുകള്‍, കറക്ഷണല്‍ സര്‍വീസ് മെഡലുകള്‍, ജീവന്‍രക്ഷാ പതക്കങ്ങള്‍ എന്നിവ അദ്ദേഹം സമ്മാനിക്കും. തിരുവനന്തപുരം നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങള്‍, എന്‍സിസി കേഡറ്റുകളുടെ അശ്വാഭ്യാസ പ്രകടനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.
ജില്ലകളിലും ആഘോഷങ്ങള്‍
14 ജില്ലകളിലെയും സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് വിവിധ മന്ത്രിമാര്‍ നേതൃത്വം നല്‍കും. ഓരോ ജില്ലകളിലെയും സ്വാതന്ര്യദിനാഘോഷങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാരെ പരിശോധിക്കാം.
- ഷിബു ബേബി ജോണ്‍: കൊല്ലം
- പി.സി. വിഷ്ണുനാഥ്: പത്തനംതിട്ട
- എം. ലിജു: ആലപ്പുഴ
- മോന്‍സ് ജോസഫ്: കോട്ടയം
- അനൂപ് ജേക്കബ്: ഇടുക്കി
- റോജി എം ജോണ്‍: എറണാകുളം
- ഒ.ജെ. ജനീഷ്: തൃശൂര്‍
- എന്‍. ഷംസുദ്ദീന്‍: പാലക്കാട്
- പി.കെ. ബഷീര്‍: മലപ്പുറം
- എ.പി. അനില്‍കുമാര്‍: കോഴിക്കോട്
- ടി. സിദ്ദിഖ്: വയനാട്
- സണ്ണി ജോസഫ്: കണ്ണൂര്‍
- കെ.എം. ഷാജി: കാസര്‍കോട്
സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍, സ്‌കൂളുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ആഘോഷങ്ങളുടെ ഭാഗമാകും. സബ് ഡിവിഷന്‍ തലത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും, ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും രാവിലെ ഒമ്പത് മണിക്കോ, അതിനുശേഷമോ പതാക ഉയര്‍ത്തും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആഘോഷം
കോര്‍പ്പറേഷനുകളില്‍ മേയറും, മുനിസിപ്പാലിറ്റികളില്‍ ചെയര്‍പേഴ്‌സണും, ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡന്റും ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് വിശിഷ്ടാതിഥി സന്ദേശം നല്‍കും. ദേശീയ ഗാനാലാപനം, ദേശഭക്തിഗാനങ്ങള്‍ തുടങ്ങിയവയുമുണ്ടാകും.
സ്വാതന്ത്ര്യദിനാഘോഷം തത്സമയം:
സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അതത് സ്ഥാപമേധാവിമാര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സന്ദേശം വായിക്കും. ദേശഭക്തിഗാനാലാപനം, മറ്റ് പരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.
എല്ലാ ആഘോഷപരിപാടികളിലും ഹരിത പ്രോട്ടോക്കോളും മറ്റ് നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കും. ഉദ്യോഗസ്ഥരും സ്ഥാപമേധാവികളും ഇക്കാര്യം ഉറപ്പുവരുത്തണമെന്നാണ് നിര്‍ദ്ദേശം. ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ പതാകസംഹിത 2002-ലെ വ്യവസ്ഥകള്‍ കര്‍ശനായി പാലിക്കണം. പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിച്ച പതാകയുടെ നിര്‍മ്മാണം, വിതരണം, വില്‍പന, ഉപയോഗം എന്നിവ പൂര്‍ണമായി നിരോധിച്ചിരുന്നു.
English Summary
Kerala is gearing up for grand state-wide Independence Day celebrations on August 15. The Chief Minister will hoist the national flag at Central Stadium in Thiruvananthapuram. Highlights include an Air Force flypast, a ceremonial parade, and President’s medal presentations. Cabinet Ministers and local heads will lead flag-hoisting ceremonies across all districts.