Onam Special Train: ട്രെയിനുകളുടെ പെരുമഴ! ഓണത്തിന് 112 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
Special Onam Train Services: ദക്ഷിണ റെയിൽവേക്കുള്ളിൽ മാത്രം 38 സർവീസുകളാകും നടത്തുക. ദക്ഷിണ റെയിൽവേയിൽനിന്ന് മറ്റു സോണുകളിലേക്ക് 16 സർവീസും നടത്തും. കഴിഞ്ഞവർഷം ആകെ 55 ഓണ സർവീസുകളാണ് നടത്തിയിരുന്നത്. തിരുവനന്തപുരം നോർത്ത്, കൊല്ലം ഭാഗങ്ങളിൽനിന്ന് ചെന്നൈ ഭാഗത്തേക്ക് 26 സർവീസുകളും നടത്തുന്നുണ്ട്. മലയാളികൾ കൂടുതൽ തിങ്ങിപാർക്കുന്ന മംഗളൂരുവിൽ നിന്ന് ആറ് സർവീസുകളും നടത്തും.

പ്രതീകാത്മക ചിത്രം
ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളി യാത്രക്കാർക്ക് ആശ്വാസവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഓണത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഹരിക്കുന്നതിനായാണ് റെയിൽ പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണം സീസണോട് അനുബന്ധിച്ച് റെയിൽവേ 112 ട്രെയിൻ സർവീസുകൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ ആറുവരെയാകും ഓണത്തോട് അനുബന്ധിച്ചുള്ള സർവീസ്.
ദക്ഷിണ റെയിൽവേക്കുള്ളിൽ മാത്രം 38 സർവീസുകളാകും നടത്തുക. ദക്ഷിണ റെയിൽവേയിൽനിന്ന് മറ്റു സോണുകളിലേക്ക് 16 സർവീസും നടത്തും. കഴിഞ്ഞവർഷം ആകെ 55 ഓണ സർവീസുകളാണ് നടത്തിയിരുന്നത്. തിരുവനന്തപുരം നോർത്ത്, കൊല്ലം ഭാഗങ്ങളിൽനിന്ന് ചെന്നൈ ഭാഗത്തേക്ക് 26 സർവീസുകളും നടത്തുന്നുണ്ട്. മലയാളികൾ കൂടുതൽ തിങ്ങിപാർക്കുന്ന മംഗളൂരുവിൽ നിന്ന് ആറ് സർവീസുകളും നടത്തും.
ALSO READ: 24-ാം തുരങ്കവും പൂർത്തിയായി! മെട്രോ രണ്ടാം ഘട്ടത്തിൽ നിർണായക നേട്ടം
തിരുവനന്തപുരം നോർത്ത്-മംഗളൂരു-തിരുവനന്തപുരം നോർത്ത് (ആറ് സർവീസ്) ആണ് കേരളത്തിലൂടെയുള്ളത്. തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും 28 സർവീസുണ്ട്. മൈസൂരുവിൽ നിന്ന് കണ്ണൂരിലേക്ക് രണ്ട് സർവീസും കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് രണ്ട് സർവീസും പ്രഖ്യാപിച്ചു. പാലക്കാട് വഴിയാണ് റൂട്ട്.
ഓണക്കാലത്ത് വിമാനടിക്കറ്റുകൾക്കും അന്തർസംസ്ഥാന ബസുകളിലും ഈടാക്കുന്ന അമിത ചാർജ് കാരണം ബുദ്ധിമുട്ടുന്ന മലയാളികൾക്ക് റെയിൽവേയുടെ ഈ തീരുമാനം വലിയ ആശ്വാസമാകും. പ്രത്യേക ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് റെയിൽവേയുടെ ഐആർസിടിസി (IRCTC) വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴിയും ആരംഭിച്ചു കഴിഞ്ഞു.
ഓരോ ഭാഗത്ത് നിന്നുള്ള ട്രെയിൻ സർവീസ്
ദക്ഷിണ റെയിൽവേക്കുള്ളിൽ
ചെന്നൈ- കൊല്ലം- ചെന്നൈ (ആറ് ട്രിപ്പ്), തിരുവനന്തപുരം- താംബരം- തിരുവനന്തപുരം (ആറ്), മംഗളൂരു- ചെന്നൈ എഗ്മോർ- മംഗളൂരു (ആറ്), ചെന്നൈ- കൊല്ലം- ചെന്നൈ(14), തിരുവനന്തപുരം നോർത്ത്- മംഗളൂരു- തിരുവനന്തപുരം നോർത്ത് (ആറ്).
ദക്ഷിണ റെയിൽവേ-മറ്റു സോൺ
തിരുവനന്തപുരം നോർത്ത്- സാന്ദ്രഗച്ചി- തിരുവനന്തപുരം നോർത്ത് (എട്ട്), എറണാകുളം- എസ്എംവിടി ബെംഗളൂരു- എറണാകുളം (എട്ട്).
മറ്റു സോണുകളുടെ വണ്ടി
ഹൈദരാബാദ്- കൊല്ലം- ഹൈദരാബാദ് (എട്ട്), എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബെംഗളൂരു (പാലക്കാട് വഴി) (20), കൊല്ലം- ഹുബ്ബള്ളി- കൊല്ലം ( എട്ട്), മൈസൂരു- കണ്ണൂർ (രണ്ട്), കണ്ണൂർ- ബെംഗളൂരു കൺടോൺമെന്റ് (രണ്ട്), ചെറിയപ്പള്ളി- കൊല്ലം-ചെറിയപ്പള്ളി (എട്ട്), ഹൈദരാബാദ്- മംഗളൂരു- ഹൈദരാബാദ് (ആറ്), ഹുബ്ബള്ളി- കോട്ടയം- ഹുബ്ബള്ളി (നാല്).
സ്പെഷ്യൽ ട്രെയിനുകൾ നീട്ടി റെയിൽവേ
വിവിധ സ്പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ നീട്ടി ദക്ഷിണ റെയിൽവേ. കർണാടകത്തിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനുകളാണ് നീട്ടിയത്. അടുത്ത മാസം വിവിധ ദിവസങ്ങളിലായി അവസാനിക്കാനിരുന്ന സർവീസുകളാണ് റെയിൽവേ നീട്ടിയത്. ഹുബ്ബള്ളി – കൊല്ലം സ്പെഷ്യൽ ട്രെയിൻ, കൊല്ലം – ഹുബ്ബള്ളി, എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു എന്നിവയുൾപ്പെടെയുള്ള ട്രെയിനുകളാണ് സർവീസ് നീട്ടിയിരിക്കുന്നത്.
English Summary:
Indian Railway Announces 112 Special Train Services Ahead Of 2026 Onam Rush. Check the full list of routes from Bangalore, Chennai Main City to Kerala, along with IRCTC booking details.