Kazhakootam Assault Case: ബെഞ്ചമിൻ സ്ഥിരം കുറ്റവാളി, തമിഴ്‌നാട്ടിൽ നിരവധി സ്ത്രീകളെ പീഡിപ്പിച്ചു; കേരളം ഇഷ്ടപ്പെട്ടുവെന്ന് മൊഴി
Kazhakootam Assault Case: താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയിരുന്നുവെന്നും കേരളം തനിക്ക് ഇഷ്ടപ്പെട്ടെന്നും ഇനിയും വരാന്‍ പദ്ധതി ഇട്ടിരുന്നതായും പ്രതി പോലീസിനോട് പറഞ്ഞതായാണ് വിവരം.
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി ഐടി ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധുര സ്വദേശി ബഞ്ചമിൻ പോലീസ് പിടിയിൽ. ഇയാളെ പീഡനത്തിനിരയായ പെൺകുട്ടി തിരിച്ചറിഞ്ഞു. സ്ഥിരം കുറ്റവാളിയായ പ്രതി മോഷണ ശ്രമത്തിനിടെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് മധുരയിലേക്ക് കടന്ന പ്രതിയെ അവിടെ വച്ച് പോലീസ് പിടികൂടി ഇന്നലെ രാത്രി കഴക്കൂട്ടം പോലിസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
പ്രതി ആദ്യമായാണ് കേരളത്തിലേക്ക് എത്തുന്നത്. ഇതിനു മുൻപ് തമിഴ്‌നാട്ടില്‍ പല സ്ത്രീകളേയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. തെരുവിൽ കഴിയുന്ന സ്ത്രീകളെയാണ് ഇയാൾ കൂടുതലായും പീഡിപ്പിച്ചിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയിരുന്നുവെന്നും കേരളം തനിക്ക് ഇഷ്ടപ്പെട്ടെന്നും ഇനിയും വരാന്‍ പദ്ധതി ഇട്ടിരുന്നതായും പ്രതി പോലീസിനോട് പറഞ്ഞതായാണ് വിവരം.
രാത്രി രണ്ടുമണിയോടെയാണ് കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ കയറി ടെക്നോപാർക്ക് ജീവനക്കാരിയെ ഇയാൾ പീഡിപ്പിച്ചത്. ഹോസ്റ്റലിൽ സിസിടിവി ഇല്ലായിരുന്നു. പിന്നാലെ ഇതിനു പരിസരത്തെയും റോഡിലെയും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാൾ ഹോസ്റ്റലിൽ കയറി പീഡിപ്പിക്കുന്നതിനു മുൻപ് സമീപത്തെ മൂന്ന് വീടുകളില്‍ ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നു.
Also Read:കഴക്കൂട്ടം പീഡനം: പ്രതി എത്തിയത് മോഷണത്തിന്, പിടികൂടിയത് സാഹസികമായി
ഇവിടെ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്കാണ് ഇയാൾ പോയത്. ശേഷം അവിടെ നിന്ന് മധുരയ്ക്കു കടക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ പിടിക്കൂടാൻ അടുത്തെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പോലീസ് പിടികൂടുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം ലോറിയിലെ സാധനങ്ങൾ കഴക്കൂട്ടത്ത് ഇറക്കിയ വാഹനത്തിൽ തന്നെ കിടന്നുറങ്ങിയ ബഞ്ചിമിൻ രാത്രിയിൽ മോഷ്ടിക്കാനായി ഇറങ്ങുകയായിരുന്നു. രണ്ടു ഹോസ്റ്റലുകളിൽ കയറി. 500 രൂപയും ഇയർപോഡുമെടുത്തു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ കയറിയത്. തുടർന്ന് മുറി തള്ളി തുറന്ന് ഉറങ്ങികിടന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ ഇന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തും.