രുചികൾ മക്കൾക്ക് പകർന്ന് കൊടുക്കണമെന്നാണ് ഉദ്ദേശിച്ചത്, സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
CM VD Satheesan : സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് വിവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. താൻ ഒരിക്കലും സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ പ്രസംഗം മുഴുവൻ കേൾക്കാതെ ഒന്ന് രണ്ടു വാക്കുകൾ മാത്രം എടുത്ത് വളച്ചൊടിച്ചതാണ് വിവാദം.
തിരുവനന്തപുരം : സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് വിവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. താൻ ഒരിക്കലും സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ പ്രസംഗം മുഴുവൻ കേൾക്കാതെ ഒന്ന് രണ്ടു വാക്കുകൾ മാത്രം എടുത്ത് വളച്ചൊടിച്ചതാണ് വിവാദം. തന്റെ അമ്മ മരിച്ചിട്ട് 27 വർഷമായി എന്നും പണ്ട് അമ്മയുടെ കയ്യിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം മികച്ച രുചികൾ വരും തലമുറയ്ക്ക് പകർന്നു കൊടുക്കണം എന്നാണ് താൻ ഉദ്ദേശിച്ചത്. പക്ഷേ അത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.
അമ്മമാർ തങ്ങളുടെ മരുമക്കളായി വരുന്ന പെൺകുട്ടികൾക്ക് തങ്ങളുടെ രുചിക്കൂട്ടുകൾ പകർന്നു നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന് ആരോപിച്ചാണ് വിവാദങ്ങൾ ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത് സ്ത്രീവിരുദ്ധ പരാമർശം ആണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും ഒക്കെ ചില കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ ഭാഗം അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇതുവരെ നേരിട്ട് പ്രതികരിച്ചിരുന്നില്ല.
Also Read: പണവും അധികാരവും തേടിവരുന്നവര്‍ക്ക് പറ്റിയ ഇടമല്ല ട്വന്റി 20 , അഖില്‍ മാരാര്‍ക്ക് സാബു എം ജേക്കബ്ബിന്റെ മറുപടി
എഡിജിപി എം ആർ അജിത് കുമാറിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹം വിശദീകരണം നൽകി. വിഷയത്തിൽ പ്രത്യേക ധൃതി ഒന്നും കാണിക്കാതെ കാര്യങ്ങൾ മനസ്സിലാക്കിയാണ് സർക്കാർ മുന്നോട്ടു പോയത്. എഡിജിപിക്കെതിരെ കൃത്യമായ റിപ്പോർട്ട് വന്നതിനെ തുടർന്നാണ് നടപടി ഉണ്ടായത്. എന്നാൽ സ്വാഭാവികമായ ഈ പ്രവർത്തിയെ എഡിജിപിക്ക് സംരക്ഷണം നൽകുന്നു എന്ന രീതിയിൽ ചില മാധ്യമങ്ങൾ വ്യാഖ്യാനിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സർക്കാരിന് നടപടി സ്വീകരിക്കുക സാധ്യമല്ല. കൃത്യമായി നടപടിക്രമങ്ങൾ പാലിച്ചതു കൊണ്ടാണ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് സർക്കാരിന് തിരിച്ചടി ഉണ്ടാകാതിരുന്നത്. ഇത്തരം വിഷയങ്ങളിൽ സമചിത്തതയോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പദ്ധതികൾ അനന്തമായി നീളുന്ന സാഹചര്യം ഒഴിവാക്കാൻ സുപ്രധാന തീരുമാനം മന്ത്രിസഭായോഗം കൈക്കൊണ്ടതായും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കീഴിൽ 5 ഭരണ പരിഷ്കാരങ്ങൾ കൊണ്ടുവരും. സംസ്ഥാനത്ത് ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തൊഴിലാളി സംഘടനകളും ആയും താൻ നേരിട്ട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് കോഴിക്കോട് അധ്യാപികമാർ അറസ്റ്റിലായ സംഭവം ഏറെ ഞെട്ടൽ ഉളവാക്കുന്ന വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary
V.D. Satheesan has responded to allegations that he made misogynistic remarks. He addressed the controversy while speaking to the media after the cabinet meeting. He stated that he had never made any misogynistic comments, noting that the controversy arose because a couple of words were taken out of context and distorted without listening to his entire speech.