ആശ്വാസവും ആശങ്കയും ഉണ്ട്! കോട്ടയത്തെയും ആലപ്പുഴയിലെയും നിലവിലെ വെള്ളപ്പൊക്ക നില
latest situation of rain damage in Kottayam and Alappuzha: കോട്ടയം ജില്ലയിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ പൊതുവിൽ നിയന്ത്രണ വിധേയമാണ് എന്ന് കളക്ടർ അറിയിച്ചു. മീനച്ചിലാറിൻറെയും മണിമലയാൻറെയും തീരമേഖലകളിലും കോട്ടയം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയരുന്നുണ്ട് എന്നതിൽ ആശങ്ക തുടരുന്നുണ്ട്, എന്നാൽ മറ്റുസ്ഥലങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി എന്നത് ആശ്വാസത്തിന് വഴി തുറക്കുന്നു. ആലപ്പുഴയിൽ പത്തനംതിട്ട ജില്ലയോട് ചേർന്ന ചെങ്ങന്നൂർ ഭാഗത്തെ പ്രദേശങ്ങളിലും അപ്പർ കുട്ടനാടൻ മേഖലകളിലും മഴക്കെടുതി രൂക്ഷമാണ്, രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്.

Kerala Rain Latest Situation Of Rain Damage In Kottayam And Alappuzha
കോട്ടയം: മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിലെ നിലവിലെ സ്ഥിതി വിശദീകരിച്ച് കളക്ടർമാർ രംഗത്തെത്തി. കോട്ടയത്ത് ആശങ്ക തുടരുന്നുണ്ട് എങ്കിലും ആശ്വാസത്തിനുള്ള വകയും ഉണ്ട്. കോട്ടയം ജില്ലയിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ പൊതുവിൽ നിയന്ത്രണ വിധേയമാണ് എന്ന് കളക്ടർ അറിയിച്ചു. മീനച്ചിലാറിൻറെയും മണിമലയാൻറെയും തീരമേഖലകളിലും കോട്ടയം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയരുന്നുണ്ട് എന്നതിൽ ആശങ്ക തുടരുന്നുണ്ട്, എന്നാൽ മറ്റുസ്ഥലങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി എന്നത് ആശ്വാസത്തിന് വഴി തുറക്കുന്നു. വെള്ളം കയറിയ മേഖലകളിൽനിന്നും റവന്യു, ഫയർ ഫോഴ്‌സ്, പോലീസ് വകുപ്പുകളും എൻ.ഡി.ആർ.എഫും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് എന്ന് കളക്ടർ അറിയിച്ചു.
ആലപ്പുഴയിൽ പത്തനംതിട്ട ജില്ലയോട് ചേർന്ന ചെങ്ങന്നൂർ ഭാഗത്തെ പ്രദേശങ്ങളിലും അപ്പർ കുട്ടനാടൻ മേഖലകളിലും മഴക്കെടുതി രൂക്ഷമാണ്. വെള്ളപ്പൊക്ക ഭീഷണിയും വീടുകളിൽ വെള്ളം കയറിയ സാഹചര്യവും കണക്കിലെടുത്ത് എൻ.ഡി.ആർ.എഫിന്റെ 31 അംഗ സംഘത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ എന്നിവിടങ്ങളിൽ ആളുകളെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു എന്ന് കളക്ടർ അറിയിച്ചു.
Also Read: Kerala Onam Exam 2026: മഴ അവധികള്‍ കാരണം ഓണപ്പരീക്ഷ മാറ്റിവെക്കും? ഓണാവധിയിലും മാറ്റം?
കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുന്നതിനായി ഐ.ടി.ബി.പി (ITBP) യുടെ 30 അംഗ സേനാസംഘം ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് എന്ന് കലക്ടർ പറയുന്നു. ഇന്നലെയും ഇന്നുമായി രക്ഷാസംഘം പ്രളയബാധിത താലൂക്കുകളിൽ താമസിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്.
കോട്ടയത്ത് വെള്ളമിറങ്ങിയ പ്രദേശങ്ങളിൽ ആളുകളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വെള്ളം ഇറങ്ങുന്നതനുസരിച്ച് വീടുകള്‍ ശുചീകരണം നടത്തി താമസ യോഗ്യമാക്കുന്നതിനുവേണ്ട പിന്തുണ ഉറപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് കളക്ടർ അറിയിച്ചു. വസ്തുവകകള്‍ക്കും കന്നുകാലികള്‍ക്കും കൃഷിക്കുമുണ്ടായ നാശനഷ്ടത്തിന്‍റെ കണക്കെടുപ്പ് ബന്ധപ്പെട്ട വകുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് കളക്ടർ പറയുന്നു.
റോഡുകൾ, വൈദ്യുതി- കുടിവെള്ള വിതരണ സംവിധാനങ്ങൾ എന്നിവയ്ക്കുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിനും പരിഹരിക്കുന്നതിനും പൊതുമരാമത്ത് വകുപ്പും കെ.എസ്.ഇ.ബിയും വാട്ടർ അതോറിറ്റിയും നടപടികൾ സ്വീകരിച്ചുവരുന്നു. നിലവിൽ കോട്ടയത്ത് റെഡ് അലർട്ട് തുടരുകയാണ്, അടുത്ത ദിവസങ്ങളിൽ ഓറഞ്ച് അലർട്ടുകൾ ആണ് നൽകിയിട്ടുള്ളത്. മഴ കുറയാതെ നിൽക്കുന്നത് കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളക്കെട്ട് വ്യാപിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.
അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ എത്രയും വേഗം മാറിത്താമസിക്കാനും ക്യാമ്പുകളിലേക്ക് മാറാനും പൂർണ്ണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായി കളക്ടർമാർ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ അടിയന്തര സഹായത്തിന് ബന്ധപ്പെടേണ്ട 24/7 കൺട്രോൾ റൂം നമ്പറുകൾ: ആലപ്പുഴ കളക്ടറേറ്റ്: 0477 2238630, 1977 (ടോൾ ഫ്രീ)
9495 003640.
ആലപ്പുഴ ജില്ലയിലെ താലൂക്ക് തല കൺട്രോൾ റൂമുകൾ: ചെങ്ങന്നൂർ : 0479 2452334, കുട്ടനാട് : 0477 2702221, ചേർത്തല : 0478 2813103, അമ്പലപ്പുഴ : 0477 2253771, കാർത്തികപ്പള്ളി : 0479 2412797, മാവേലിക്കര : 0479 2302216.
English Summary
The situation related to natural disasters in Kottayam district is generally under control, the Collector said. There is concern that the water level is rising in the coastal areas of Meenachil and Manimalayan rivers and in low-lying areas of Kottayam taluk, but the fact that water has started receding in other places opens the way for relief. In Alappuzha, the areas of Chengannur adjoining Pathanamthitta district and Upper Kuttanad areas are severely affected by rains, and rescue operations are in progress.