Kerala Rain Alert: ഇനി തെക്കു-വടക്ക് വ്യത്യാസമില്ലാതെ നനയും; പോയ മഴയൊക്കെ ദാ തിരിച്ചുവരുന്നു
Kerala Rain IMD Warning: കേരളത്തില്‍ ഞായറാഴ്ച വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അലര്‍ട്ടില്ലാത്ത മറ്റ് ജില്ലകളിലും മഴ പെയ്‌തേക്കാം. മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം: കേരളം ഇനി കാത്തിരിക്കുന്നത് അതിശക്തമായ മഴയുടെ ദിനങ്ങള്‍. കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച 27-ാം തീയതി വരെയുള്ള മുന്നറിയിപ്പുകള്‍ പ്രകാരം, ഈ ദിവസങ്ങളിലെല്ലാം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (മെയ് 24, ഞായര്‍) ആറു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. 24 മണിക്കൂറില്‍ 64.5-115.5 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്.
നാളെ അലര്‍ട്ടില്ലാത്ത മറ്റ് ജില്ലകളിലും മഴ പെയ്‌തേക്കാം. മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുന്നറിയിപ്പുള്ള ജില്ലകളില്‍ 25-നും യെല്ലോ അലര്‍ട്ടുണ്ട്. കൂടാതെ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും അന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
26-ന് തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. 27-ന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: Kerala Rain Update: മഴ ഇന്നും തകർക്കും! കാലവർഷം അടുത്തെത്തി; മുന്നറിയിപ്പുള്ളത് ഈ ജില്ലകളിൽ
മഴ എവിടെ പോയി?
സമീപദിവസങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞിരുന്നു. അന്തരീക്ഷ ഘടനയിലെ മാറ്റമാണ് കാരണം. അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ മധ്യഭാഗം കൂടുതല്‍ വ്യാപിച്ചതും, അതിന് സമീപമുള്ള മേഖലയില്‍ മര്‍ദ്ദം കുറഞ്ഞതുമാണ് കാരണം. ഇതോടെ മഴമേഘങ്ങളും കാറ്റും ചുഴിക്ക് ചക്രവാതച്ചുഴിക്ക് സമീപമുള്ള സമുദ്രമേഖലയിലേക്ക് കേന്ദ്രീകരിച്ചത് മഴയുടെ ശക്തി കുറച്ചെന്നാണ് സ്വകാര്യ കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ നിലവിലെ ഈ സാഹചര്യത്തിന് വൈകാതെ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ മഴയ്ക്ക് അനുകൂലമായ ഘടകങ്ങള്‍ വീണ്ടും സജീവമാകും. ഒപ്പം, കാലവര്‍ഷവും മന്ദഗതിയില്‍ പുരോഗമിക്കുന്നുണ്ട്. കാലവര്‍ഷം 26-ന് കേരളതീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വരുംദിവസങ്ങളില്‍ മഴ ശക്തമാകാനാണ് സാധ്യത.
തെക്കു – പടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേയ്ക്കും, തെക്കു- കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേയ്ക്കും,കന്യാകുമാരി പ്രദേശത്തേയ്ക്കും വ്യാപിച്ചു. തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലേയ്ക്കും, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേയ്ക്കും കാലവർഷം വ്യാപിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മെയ് 27 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടും, ശക്തമായ കാറ്റോടും കൂടിയ മഴ പ്രതീക്ഷിക്കാം. ഇടിമിന്നലിന്റെ പ്രാരംഭ ലക്ഷണം കാണുമ്പോള്‍ തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.
ഔദ്യോഗിക മുന്നറിയിപ്പ്
മത്സ്യബന്ധനവും വേണ്ട
മെയ് 27 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 40-60 കി.മീ വേഗതയില്‍ ശക്തമായ കാറ്റും, പ്രതികൂല കാലാവസ്ഥയും പ്രതീക്ഷിക്കാം.
English Summary
Kerala is bracing for heavy rainfall with yellow alerts issued across various districts until May 27. On May 24, six districts including Pathanamthitta, Alappuzha, and Kottayam are under a yellow alert. The alert will expand to northern districts like Malappuram and Kozhikode on May 25. Southern districts will continue to receive heavy rain warnings on May 26 and 27.