Kerala Weather Update: കൊടുംചൂടിന് വിട, മഴ വരുന്നുണ്ടേ… കാലാവസ്ഥ ഇങ്ങനെ
Kerala Rain Alert: ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചു.

Weather Update
തിരുവനന്തപുരം: കൊടുംവേനലിനിടെ ആശ്വാസമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത ചൊവ്വാഴ്ച വരെ വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രവചിച്ചിട്ടുണ്ട്. മാർച്ച് 27, 30 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 28, 29 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ, ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് അപകടകരമായി അൾട്രാവയലറ്റ് സൂചികയും ഉയരുന്നുണ്ട്. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, മൂന്നാർ, തൃത്താല എന്നിവിടങ്ങളിൽ സൂചിക എട്ടായതിനാൽ ഓറഞ്ച് അലർട്ടാണ് നൽകിയിട്ടുള്ളത്. കളമശ്ശേരി, ഒല്ലൂർ, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വിളപ്പിൽശാല, ധർമ്മടം, ഉദുമ എന്നിവടങ്ങളിൽ മാത്രമാണ് സൂചിക 5ൽ നിൽക്കുന്നത്.
കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാനും സാധ്യതയുണ്ട്. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചു.
ALSO READ: ചൂടോട് ചൂട്… മഴ വരില്ലേ; സംസ്ഥാനത്ത് ഈ ജില്ലകളിൽ ജാഗ്രത നിർദ്ദേശം
ജാഗ്രത നിർദേശങ്ങൾ
പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.