Kerala Weather Update: കനത്ത മഴയും മണ്ണിടിച്ചിലും; വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം
Kerala Rain Alert Update: കനത്ത മഴയെ തുടർന്ന് വയനാട് തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ പ്രദേശത്ത് 225 മില്ലിമീറ്റർ മഴ പെയ്തതായാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. കനത്ത മഴയെ തുടർന്ന് വയനാട് തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുള്ളത്. ജനങ്ങൾ അതീവ ജാഗ്രതാ പാലിക്കണമെന്നും നിർദേശം നൽകി.
കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം
മണ്ണിടിച്ചിലിനും കനത്ത മഴയ്ക്കും പിന്നാലെ കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ന് ഒരു ജില്ലയിലും റെഡ് അലർട്ട് നൽകിയിരുന്നില്ല.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരുന്നത്.
എന്നാൽ, നിലവിലെ സാഹചര്യം കണക്കിലെടുത്ത് വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: വയനാട്ടിൽ അതി ശക്തമായ മണ്ണിടിച്ചിൽ, എത്രപേർ കുടുങ്ങിയിട്ടുണ്ടെന്നും വ്യക്തതയില്ല
വയനാട് കനത്ത മഴയും മണ്ണിടിച്ചിലും
വയനാട് ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ പ്രദേശത്ത് 225 മില്ലിമീറ്റർ മഴ പെയ്തതായാണ് റിപ്പോർട്ട്. വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നതാണ് ദുരന്തത്തിന് കാരണമായത്. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിത്തുടങ്ങി. ഒരു വീടും പള്ളിയും പൂർണമായി തകർന്നിട്ടുണ്ടെന്നാണ് വിവരം.
തുരങ്കപാത നിർമ്മാണ മേഖലകളിലെ തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടുവെന്നാണ് വിവരം. തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു വീഴുകയായിരുന്നു. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോൺക്രീറ്റ് മതിൽ ഉൾപ്പെടെ ഇടിഞ്ഞുവീണു. പാത വേർപ്പെട്ടുപോയതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമാവുകയാണ്. കണ്ടെത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ മരിച്ചു. ഏഴ് പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൽപ്പറ്റയിൽ നിന്നുള്ള അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ അപകടസ്ഥലത്തെത്തിയിട്ടുണ്ട്. ബത്തേരിയിൽ നിന്നും മാനന്തവാടിയിൽ നിന്നും കൂടുതൽ യൂണിറ്റുകൾ മേപ്പാടിയിലേക്ക് തിരിച്ചിട്ടുണ്ട്. മീനങ്ങാടിയില്‍ നിന്നുള്ള എൻഡിആർഎഫ് യൂണിറ്റ് ഉടൻ സംഭവ സ്ഥലത്തെത്തും.
മൂന്നാറിൽ മലഞ്ചെരിവ് പിളർന്നു
കനത്ത മഴയിൽ ഇടുക്കി ജില്ലയിലെ പഴയ മൂന്നാർ മലഞ്ചെരിവിൽ പിളർപ്പ്. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന സിഎസ്ഐ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് 100 മീറ്ററിലധികം ദൂരത്തിൽ മലഞ്ചെരിവ് രണ്ടായി പിളർന്നത്. തുടർച്ചയായ മഴയെ തുടർന്ന് വിള്ളലിലൂടെ ഒഴുകുന്ന ജലത്തിന്റെ അളവ് വർധിച്ചാൽ മലഞ്ചെരിവിന്റെ ഉറപ്പ് കുറയുകയും വലിയ മലയിടിച്ചിൽ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
English Summary:
Weather warning in Kerala has been updated following heavy rainfall, with the Wayanad tunnel road experiencing a landslide. In response, the India Meteorological Department has issued a red alert for the districts of Wayanad and Kozhikode, indicating the likelihood of extremely heavy rainfall and hazardous conditions.