ചക്രവാതച്ചുഴി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത, ഇന്നും ഇടിമിന്നൽ ജാഗ്രത വേണം; പുതുക്കിയ IMD മുന്നറിയിപ്പുകൾ
Kerala Weather Update October 10: ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴ ഉണ്ടാകും. എന്നാൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഇടിമിന്നലിനെയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴ തുടരും, ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴ ഉണ്ടാകും. എന്നാൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് മിന്നലിനെയാണ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (11/10/2026) ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചക്രവാതച്ചുഴി, ന്യൂനമർദ്ദം
മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി തുടരുന്നു. ഈ ചക്രവാതച്ചുഴിയിൽ നിന്ന് മധ്യവടക്കൻ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമർദ്ദ പാത്തി ഉൾനാടൻ തമിഴ്‌നാട്, ഉൾനാടൻ കർണാടക എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത രൂപപ്പെട്ടിട്ടുണ്ട്.
ALSO READ: പാനമയെ പിടിച്ചുലച്ച് രണ്ടാമത്തെ ഭൂചലനം; ആദ്യ ഭൂചലനത്തിൽ വ്യാപക നാശം
മലാക്ക കടലിടുക്കിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഒക്ടോബർ 11 ആകുമ്പോഴേക്കും ആൻഡമാൻ കടലിൽ പ്രവേശിക്കുകയും ഒക്ടോബർ 13 ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിനെത്തുടർന്ന് കേരളത്തിൽ ഒക്ടോബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ഒക്ടോബർ 10 ന് കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 10, 11തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ12-14 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (10/10/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിലെ വിവിധ ജില്ലകളിൽ ഇടിമിന്നൽ ഭീഷണി നിലനിൽക്കുന്നുണ്ട്. അതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത് എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary
A ‘Yellow Alert’ is in effect today for the districts of Pathanamthitta, Kottayam, Idukki, and Ernakulam, with forecasts indicating the possibility of isolated heavy rainfall. ‘Heavy rainfall’ is defined as precipitation ranging from 64.5 mm to 115.5 mm within a 24-hour period. While other districts may experience isolated light rain, particular caution is advised regarding the risk of lightning.