Kerala Weather Update: ഇന്ന് മഴയുണ്ടോ? വരും മണിക്കൂറിൽ ഈ ജില്ലക്കാർ കരുതിയിരിക്കുക
Kerala Weather Update Today: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് മാത്രം സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. എന്നാൽ ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് മാത്രം സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. എന്നാൽ ഇന്ന് സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എല്ലാ ജില്ലയിലും ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
ശക്തമായ മഴയ്ക്കുള്ള സാധ്യത ഇല്ലാത്തതിനാൽ തന്നെ കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ALSO READ: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു?; തീവ്ര ന്യൂനമർദം മഴയായി മാറുമോ
കള്ളക്കടൽ ജാഗ്രത നിർദേശം തുടരും
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് രാവിലെ 11.30 വരെ 1.3 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കൂടാതെ കന്യാകുമാരി തീരത്ത് ഇന്ന് വൈകിട്ട് 05.30 വരെ 1.3 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
കാലവർഷ മഴയിൽ 22 ശതമാനം കുറവ്
സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം കുറവെന്ന് റിപ്പോർട്ട്. ജൂൺ ഒന്ന് മുതൽ കണക്കാക്കുന്ന കാലവർഷ സീസണിൽ സാധാരണ കിട്ടേണ്ടതിനേക്കാൾ 22 ശതമാനം കുറവ് മഴയാണ് ഇതുവരെ കിട്ടിയിരിക്കുന്നത്. ഏഴ് ജില്ലകളിൽ മഴ കുറഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വയനാട്ടിൽ 51 ശതമാനമാണ് മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ 44 ശതമാനം മഴ കുറവുണ്ട്. എന്നാൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും രണ്ട് ശതമാനം അധികം മഴയാണ് ഇത്തവണ കിട്ടിയത്.
പല ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്തെങ്കിലും സാധാരണ കാലവർഷത്തെ അപേക്ഷിച്ച് ഇക്കുറി മഴയുടെ അളവ് വളരെ കുറവായിരുന്നു എന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ നിരീക്ഷണം. ഇക്കൊല്ലം സാധാരണയേക്കാൾ കുറവ് മഴയ്ക്കേ സാധ്യതയുള്ളൂ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ അറിയിച്ചിരുന്നു. എൽ നിനോ പ്രതിഭാസമാണ് ഇതിന് കാരണമായി കാലാവസ്ഥ നിരീക്ഷകർ ചൂണ്ടികാട്ടിയത്.
English Summary:
Kerala Weather Update today august 16 Sunday, IMD p IMD predict no chance of heavy rainfall in any districts and issues slight rainfall on several districts. Check today latest climate update and rain affected areas.