Kochi Urban Ropeway: മെട്രോയേക്കാൾ ചെലവ് കുറവ്; കൊച്ചിയിൽ ഇനി റോപ്പ്‌വേ?
Urban Ropeway System from Fort Kochi to Maharajas: സാധാരണ മെട്രോ റെയിൽ നിർമിക്കുന്നതിനുള്ള ചെലവിന്റെ മൂന്നിലൊന്ന് മാത്രമാണ് റോപ്പ്‌വേ സംവിധാനത്തിന് വേണ്ടിവരുന്നത്. റോഡുകൾക്ക് വീതി കുറവായ കൊച്ചിയിലെ ഇടുങ്ങിയ പാതകളിൽ മെട്രോ നിർമാണം പ്രായോഗികമല്ലാത്ത സാഹചര്യത്തിൽ റോപ്പ്‌വേ ഏറെ അനുയോജ്യമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

പ്രതീകാത്മക ചിത്രം
കൊച്ചി: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി കൊച്ചിയിൽ അർബൻ റോപ്പ്‌വേ സംവിധാനം പരിഗണിക്കണമെന്ന് നിർദേശിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. ഫോർട്ട് കൊച്ചിയിൽ നിന്ന് ആരംഭിച്ച് മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻഡ് വഴി മഹാരാജാസ് കോളേജ് വരെ നീളുന്ന റോപ്പ്‌വേ പാതയാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്ക് അദ്ദേഹം കത്തയച്ചു.
റോപ്പ്‌വേയുടെ സവിശേഷതകൾ
മണിക്കൂറിൽ ഏകദേശം 5,000 മുതൽ 6,000 വരെ യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഈ അർബൻ റോപ്പ്‌വേ സംവിധാനത്തിന് കഴിയും. കൂടാതെ. സാധാരണ മെട്രോ റെയിൽ നിർമിക്കുന്നതിനുള്ള ചെലവിന്റെ മൂന്നിലൊന്ന് മാത്രമാണ് റോപ്പ്‌വേ സംവിധാനത്തിന് വേണ്ടിവരുന്നത്. റോഡുകൾക്ക് വീതി കുറവായ കൊച്ചിയിലെ ഇടുങ്ങിയ പാതകളിൽ മെട്രോ നിർമാണം പ്രായോഗികമല്ലാത്ത സാഹചര്യത്തിൽ റോപ്പ്‌വേ ഏറെ അനുയോജ്യമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, കൊച്ചിയിൽ മൂന്നാം മെട്രോ ലൈൻ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് സാങ്കേതിക വിഭാഗം ബൊളീവിയ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ നഗര റോപ്പ്‌വേ മാതൃകകളും വാരാണസിയിൽ പൂർത്തിയായ റോപ്പ്‌വേ പദ്ധതിയും പഠിക്കണമെന്നും ശ്രീധരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: ദേശീയപാതയ്ക്കായി ഇനിയും സ്ഥലം ഏറ്റെടുക്കണം; മലപ്പുറത്തും, തൃശൂരിലുമായി 22 നടപ്പാലങ്ങൾ വരുന്നു
ആലുവ-അങ്കമാലി മെട്രോ, എതിർപ്പ്
ആലുവയിൽ നിന്ന് അങ്കമാലിയിലേക്കുള്ള മെട്രോ വിപുലീകരണ പദ്ധതിയോട് ഇ. ശ്രീധരൻ എതിർപ്പ് രേഖപ്പെടുത്തി. വിമാനത്താവളത്തിലേക്ക് മറ്റ് റെയിൽ ഗതാഗത സംവിധാനങ്ങൾ വരുന്നതിനാൽ ഈ പാതയ്ക്ക് ആവശ്യമായ യാത്രക്കാരെ ലഭിക്കില്ലെന്നും സാമ്പത്തികമായി പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആലുവ-അങ്കമാലി മെട്രോയ്ക്ക് പകരം അരൂർ മുതൽ ഇടപ്പള്ളി വഴി വരാപ്പുഴ വരെ ദേശീയപാത ബൈപ്പാസിന് മുകളിലൂടെ ഉയർന്ന പാതയിലുള്ള മെട്രോ പാതയാണ് കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമായി നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാക്കനാട്ടേക്ക് മെട്രോ കുതിപ്പ്
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനുള്ള ട്രാക്കുകൾ നിർമ്മിക്കാനുള്ള റെയിലുകൾ എത്തിയതായി അധികൃതർ അറിയിച്ചു. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള 11 കിലോമീറ്റർ ലൈനിന് ആവശ്യമായ 44 കിലോമീറ്റർ ട്രാക്ക് റെയിലുകളാണു കൊച്ചിയിൽ എത്തിച്ചത്. ആകെ 2444 റെയിലുകളാണ് ഉള്ളത്. 18 മീറ്റർ നീളമാണ് ഓരോ റെയിലിനും ഉണ്ടാവുക. ഏകദേശം 2700 മെട്രിക് ടൺ ഭാരമാണ് ഇവയ്ക്കുള്ളത്.
English Summary:
E Sreedharan has proposed an urban ropeway system in Kochi to help ease traffic congestion, suggesting a route from Fort Kochi to Maharaja’s College. In a letter to the KMRL managing director, he said an urban ropeway could carry around 5,000–6,000 passengers per hour.