Athulya Satheesh Death: ‘അയാള്‍ എന്നെ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ ധൈര്യമില്ല ‘; അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്
തന്നെ അയാൾ ചവിട്ടി കൂട്ടിയെന്നും ജീവിക്കാൻ പറ്റുന്നില്ലെന്നുമാണ് ശബ്ദ സന്ദേശത്തിൽ അതുല്യ പറയുന്നത്. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ മരണത്തിൽ നടുക്കുന്ന വിവരങ്ങളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. ഭർത്താവ് സതീഷിൽ നിന്ന് അതുല്യ നേരിട്ടത് കൊടും ക്രൂരതയെന്നാണ് വെളിപെടുത്തൽ. അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തന്നെ അയാൾ ചവിട്ടി കൂട്ടിയെന്നും ജീവിക്കാൻ പറ്റുന്നില്ലെന്നുമാണ് ശബ്ദ സന്ദേശത്തിൽ അതുല്യ പറയുന്നത്. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
17-ാം വയസിലായിരുന്നു സതീഷും അതുല്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. തുടർന്ന് 18-ാം വയസിൽ വിവാഹം നടന്നു. വിവാഹം കഴിഞ്ഞ് ആദ്യ മാസങ്ങളിൽ തന്നെ സതീഷ് അതുല്യയെ ക്രൂരമായി ഉപദ്രവിച്ചെന്നാണ് വിവരം. ശാരീരികവും മാനസികവുമായുള്ള പീഡനം തുടര്‍ന്നിരുന്നു. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്നേഹമായിരുന്നു. ബുദ്ധിമുട്ടാണെങ്കിൽ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാൽ അപ്പോഴോക്കെ അബദ്ധം പറ്റിപ്പോയെന്നും മാപ്പ് പറഞ്ഞും സതീഷ് അതുല്യയെ പിടിച്ചുനിർത്തുകയായിരുന്നുവെന്നാണ് അതുല്യയുടെ സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
അതേസമയം മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള പറയുന്നത്. മകളെ നിരന്തരം സതീഷ് ഉപദ്രവിച്ചിരുന്നുവെന്നും സ്ത്രീധനത്തിന്റെ പേരിലും അതുല്യയെ ഭർത്താവ് പീഡിപ്പിച്ചിരുന്നു. മകൾ വീട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചെങ്കിലും സതീഷ് തടഞ്ഞുവെന്നും രാജശേഖരൻ പിള്ള വെളിപ്പെടുത്തി.
സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ കേസെടുത്ത് പോലീസ്. യുവതിയുടെ കുടുംബം നൽകിയ പരാതിയിലാണ് കൊല്ലം ചവറ തെക്കുംഭാഗം പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും സതീഷിനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.