LPST സമരം: വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരം; ചർച്ചയ്ക്ക് തയാറായി സർക്കാർ
LPST rank holders Protest: 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമര സമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ ഇടപെട്ട്, ചർച്ചയ്ക്ക് അനുകൂലമായ നീക്കങ്ങൾ സർക്കാർ തലത്തിൽ ഉണ്ടായി എന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർമതിയെ അറിയിച്ചു.

Lpst Rank Holders Protest
തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന സമരം അവസാനിക്കാൻ വഴിയൊരുങ്ങുന്നു. സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ തയാറായതായി റിപ്പോർട്ട്. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമര സമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ ഇടപെട്ട്, ചർച്ചയ്ക്ക് അനുകൂലമായ നീക്കങ്ങൾ സർക്കാർ തലത്തിൽ ഉണ്ടായി എന്നാണ് സൂചന. മുഖ്യമന്ത്രി നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിദ്യാഭ്യാസ മന്ത്രിയോ ചർച്ചയ്ക്ക് തയ്യാറായേക്കുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ.
അതേസമയം, വിദ്യാഭ്യാസ മന്ത്രി സമരക്കാരുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർമതിയെ അറിയിച്ചു. പക്ഷേ ചർച്ചയുടെ സമയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചർച്ചയ്ക്ക് ശേഷം മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അതുവരെ സമരം തുടരുമെന്നും വളർമതി അറിയിച്ചു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും നിരാഹാരം തുടരുന്ന സമരസമിതി നേതാവ് വളർമതിയുടെ ആരോഗ്യനില പരിശോധിക്കാനായി നേരത്തേ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും വളർമതി തയ്യാറായില്ല. വളർമതിയുടെ ആരോഗ്യനില മോശമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇനിയും നിരാഹാരം തുടർന്നാൽ വളർമതിയുടെ നില വഷളാകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. മെഡിക്കൽ കോളേജിൽ നിന്നുളള ഡോക്ടർമാർ വളർമതിയെ പരിശോധിച്ചു. നിലവിൽ ഡ്രിപ്പിലൂടെ ഫ്ലൂയിഡുകൾ നൽകുന്നുണ്ട്. മകളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്ന് പാലക്കാട് എലപ്പുളളിയിലുള്ള വളർമതിയുടെ അമ്മ യശോദ നേരത്തെ പ്രതികരിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ കളക്ടർ കെ എസ് അഞ്ജു ആശുപത്രിയിലെത്തി വളർമതിയെ കണ്ടു.
എൽപിഎസ്ടി റാങ്ക് പട്ടികയിൽ നിന്ന് കൂടുതൽ നിയമനങ്ങൾ നടത്തുക, അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആക്കുക, റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന സമരക്കാരുടെ ആവശ്യമാണ് സർക്കാരുമായുള്ള ചർച്ചയിലെ കീറാമുട്ടി. ഇത് അംഗീകരിക്കാൻ സർക്കാർ തയ്യാറല്ല.
മുൻ നിലപാടിൽ സർക്കാർ ഉറച്ചുനിന്നാൽ നടക്കാൻ പോകുന്ന ചർച്ചകൊണ്ടും പ്രയോജനം ഉണ്ടാകില്ല. അതിനാൽത്തന്നെ ഏതുതരത്തിലുള്ള ഒത്തുതീർപ്പ് ഫോർമുലയാണ് സമരം അവസാനിപ്പിക്കാനായി സൃഷ്ടിക്കപ്പെടുക എന്നത് അവ്യക്തമാണ്. എങ്കിലും സർക്കാർ ചർച്ചയ്ക്ക് അനുകൂലമായ നില സ്വീകരിച്ചത് എൽപിഎസ്ടി സമരക്കാർ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. നേരത്തെ രാത്രിയിൽ പോലീസ് സംഘം എത്തി സമരപ്പന്തൽ പൊളിക്കുകയും വളർമതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് നീക്കുകയും ചെയ്തത് വലിയ വിവാദമാകുകയും പോലീസ് നടപടിയിൽ സർക്കാരിന് രൂക്ഷമായ വിമർശനങ്ങൾ നേരിടേണ്ടിവരികയും ചെയ്തിരുന്നു.
English Summary
The 133-day-long protest by LPST rank holders in front of the Secretariat appears to be nearing an end. Reports indicate that the government is prepared to hold discussions with the protesters. The Chief Minister’s Office has informed Valarmathi the secretary of the protest committee, who is currently undergoing treatment in a hospital that the Minister for Education will hold talks with the protesters.