Health Inspector Arrested: കൈക്കൂലിപ്പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു! പൈപ്പ് പൊളിച്ച് വിജിലൻസ്; ഹെൽത്ത് ഇൻസ്പെക്ടർ കുടുങ്ങി
Health Inspector Arrested For Bribe Money: നഗരത്തിൽ പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭ ലൈസൻസ് അനുവദിക്കുന്നതിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ശ്രീജി എസിനെയാണ് വിജിലൻസ് സംഘം നാടകീയമായി അറസ്റ്റ് ചെയ്തത്.

പ്രതീകാത്മക ചിത്രം
മലപ്പുറം: തിരൂരങ്ങാടിയിൽ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്ത് വിജിലൻസ്. നഗരത്തിൽ പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭ ലൈസൻസ് അനുവദിക്കുന്നതിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ശ്രീജി എസിനെയാണ് വിജിലൻസ് സംഘം നാടകീയമായി അറസ്റ്റ് ചെയ്തത്.
ശ്രീജി താമസിച്ചിരുന്ന വാടക്കെട്ടിടത്തിലെത്തി കൈക്കൂലി നൽകണമെന്നാണ് പരാതിക്കാരിയോട് ഇയാൾ ആവശ്യപ്പെട്ടത്. ഇക്കാര്യം പരാതിക്കാരി തന്നെയാണ് വിജിലൻസിനെ അറിയിച്ചത്. വിജിലൻസ് നിർദേശിച്ച പ്രകാരം പരാതിക്കാരി മുറിയിലെത്തി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിക്ക് കൈക്കൂലിപ്പണം കൈമാറി തിരികെ ഇറങ്ങിയതിന് പിന്നാലെയാണ് മുറിയിലേക്ക് വിജിലൻസ് സംഘം എത്തിയത്. അപ്രതീക്ഷിതമായി വിജിലൻസ് എത്തിയത് കണ്ടതോടെ സംശയം തോന്നിയ ശ്രീജി വാങ്ങി വെച്ച പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു.
ALSO READ: എസ്കോർട്ടും പൈലറ്റും വേണ്ട, സുരക്ഷ ഒഴിവാക്കൻ പോലീസിന് നിർദേശം
വിജിലൻസ് ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് ശ്രീജി നൽകിയത്. തുടർന്ന് മണിക്കൂറുകളോളം ശ്രീജിയുടെ താമസ സ്ഥലത്തും കെട്ടിടത്തിന് പിന്നിലെ കാടുപിടിച്ച പറമ്പിലും വിജിലൻസ് പരിശോധന നടത്തുകയും ചെയ്തു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പണം ക്ലോസറ്റിലിട്ട വിവരം ഇയാൾ വിജിലൻസിനോട് സമ്മതിച്ചത്.
തുടർന്ന് ശ്രീജിയുടെ സാന്നിധ്യത്തിൽ തന്നെ ക്ലോസറ്റ് പൊളിച്ച് മാറ്റിയ ശേഷമാണ് കൈക്കൂലി പണം വിജിലൻസ് കണ്ടെത്തിയത്. ചെമ്മാട്-കൊടിഞ്ഞി റോഡിൽ പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും ലൈസൻസ് അനുവദിക്കുന്നതിനായി കൃത്രിമ തടസ്സങ്ങൾ സൃഷ്ടിച്ച് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഇയാൾ. ഡിജിറ്റൽ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് അപേക്ഷകരെ ബുദ്ധിമുട്ടിച്ച് പണം തട്ടാനായിരുന്നു ഉദ്യോഗസ്ഥന്റെ ശ്രമം.
നഗരസഭാ പരിധിയിൽ പുതിയ ഹോട്ടലും ജ്യൂസ് ബാറും തുടങ്ങുന്നതിനായി പരാതിക്കാരി ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ നൽകിയ പേപ്പർ ക്ലിയർ അല്ല എന്ന സാങ്കേതിക കാരണം പറഞ്ഞ് അപേക്ഷകൾ ഓരോന്നായി ഹെൽത്ത് ഇൻസ്പെക്ടർ നിരസിക്കുകയായിരുന്നു. ലൈസൻസ് ലഭിക്കാതിരുന്നതോടെ പരാതിക്കാരി ഒരു സുഹൃത്ത് മുഖേന പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറായ ശ്രീജിയെ നേരിട്ട് സമീപിച്ചു. തുടർന്നാണ് ലൈസൻസ് ശരിയാക്കി നൽകാൻ 10,000 രൂപ കൈക്കൂലി നൽകണമെന്ന് ശ്രീജി ആവശ്യപ്പെട്ടത്.
ഉദ്യോഗസ്ഥന്റെ അന്യായമായ കോഴ ആവശ്യത്തിന് വഴങ്ങാതെ പരാതിക്കാരി മലപ്പുറം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ നേരിട്ട് കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയും വിജിലൻസ് ഇയാളെ പിടികൂടാൻ കെണി ഒരുക്കുകയുമായിരുന്നു. തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
English Summary:
Sreeji G.S., public health inspector was arrested by the Vigilance and Anti-Corruption Bureau. Allegedly accepting the bribe from a complainant seeking a municipal licence for a newly opened restaurant and juice shop.