Thrissur Railway Station: തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടുത്തം; നൂറുകണക്കിന് ബൈക്കുകൾ കത്തിനശിച്ചു
Fire At Thrissur Railway Station: തൃശൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ വൻ തീപിടുത്തത്തിൽ നൂറുകണക്കിന് ബൈക്കുകൾ കത്തിനശിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടുത്തം. ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ പാർക്ക് ചെയ്തിരുന്ന നൂറുകണക്കിന് ബൈക്കുകൾ കത്തിനശിച്ചു. ഏകദേശം അര മണിക്കൂർ മുൻപാണ് അപകടമുണ്ടായത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിന് സമീപമാണ് ബൈക്ക് പാർക്കിങ് ഷെഡ്. ഇരുന്നൂറിന് മുകളിൽ ബൈക്കുകൾ ഇവിടെ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതെല്ലാം കത്തിനശിച്ചു എന്നാണ് സൂചന. രാവിലെ 6.15ഓടെയാണ് തീ പടർന്നുതുടങ്ങിയത്. ഒരു ബൈക്കിൽ നിന്ന് തീയാളുകളും അത് വളരെ വേഗത്തിൽ കത്തിപ്പടരുകയുമായിരുന്നു. മറ്റ് ബൈക്കുകളിലേക്ക് തീ പടർന്നുപിടിച്ചതോടെ ബൈക്ക് പാർക്ക് ചെയ്യുന്ന ഷെഡിനും കേടുപാടുകൾ സംഭവിച്ചു. ഇത് നിലംപൊത്തുന്ന സ്ഥിതിയാണ്. തൊട്ടടുത്തുള്ള ഒരു മരത്തിലേക്കും തീപടർന്നിട്ടുണ്ട്. ഒരു ചില്ല കത്തിയമർന്ന് താഴേക്ക് വീണു.