Kochi metro : കൊച്ചി മെട്രോ യാത്ര ഇനി കളിയാകും, ‘ക്വിക്സ്’ ഗെയിമിങ്ങിലൂടെ യാത്രാവേളയിൽ സമ്മാനങ്ങൾ നേടാം….
Play games at Kochi metro: പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ കൊച്ചിയിലെ തിരക്കേറിയ ഇടപ്പള്ളി, മഹാരാജാസ്, വൈറ്റില കോളേജ് മെട്രോ സ്റ്റേഷനുകളിലാണ് ഇപ്പോൾ സൗകര്യം ഒരുക്കിയിരിക്കുന്നത് ഈ സ്റ്റേഷനുകളിലെ എക്സ്ക്ലൂസീവ് പ്രിവ്യൂവിന് ലഭിക്കുന്ന പ്രതികരണം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കും.
കൊച്ചി: മെട്രോ ട്രെയിൻ കാത്തുനിൽക്കുന്ന ബോറടി മാറ്റാൻ ഇനി മൊബൈലിൽ ഗെയിം കളിക്കാം, ഒപ്പം ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കുകയും ചെയ്യാം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, ഇൻഫോപാർക്കിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബൻസാൻ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ‘ക്വിക്സ് – പ്ലേ ആൻഡ് വിൻ’ എന്ന നൂതന മൈക്രോ ഗെയിമിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്.
യാത്രക്കാർക്കായി ഒരുക്കുന്ന ഗെയിമിംഗ് ലോകം
സാധാരണയായി മെട്രോ സ്റ്റേഷനുകളിലെ കാത്തുനിൽപ്പും യാത്രാസമയവും ഫോണിൽ വെറുതെ സ്ക്രോൾ ചെയ്ത് തീർക്കുന്നവർക്ക് ഇതൊരു പുത്തൻ അനുഭവമായിരിക്കും. മൈക്രോ ഗെയിമിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ കളിച്ചു തീർക്കാവുന്ന ലളിതവും എന്നാൽ ആവേശകരവുമായ ഗെയിമുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രധാന സവിശേഷതകൾ
സ്മാർട്ട് ഫോണുകളിൽ പ്രത്യേകം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് മെമ്മറി കളയേണ്ട ആവശ്യമില്ല. സ്റ്റേഷനുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ക്യു.ആർ കോഡുകൾ സ്കാൻ ചെയ്താൽ നേരിട്ട് വെബ് ആപ്പ് വഴി ഗെയിമുകൾ കളിക്കാം. വെറുതെ കളിച്ച് സമയം കളയുക മാത്രമല്ല, വിജയിക്കുന്നവർക്ക് കൊച്ചിയിലെ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള ഡിസ്കൗണ്ട് കൂപ്പണുകളും റിവാർഡുകളും തത്സമയം ലഭിക്കും. നേടുന്ന റിവാർഡ് പോയിന്റുകൾ നഗരത്തിലെ തന്നെ വിവിധ ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും റെഡീം ചെയ്യാമെന്നത് യാത്രക്കാർക്ക് ഏറെ ഗുണകരമാകും.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ കൊച്ചിയിലെ തിരക്കേറിയ ഇടപ്പള്ളി, മഹാരാജാസ്, വൈറ്റില കോളേജ് മെട്രോ സ്റ്റേഷനുകളിലാണ് ഇപ്പോൾ സൗകര്യം ഒരുക്കിയിരിക്കുന്നത് ഈ സ്റ്റേഷനുകളിലെ എക്സ്ക്ലൂസീവ് പ്രിവ്യൂവിന് ലഭിക്കുന്ന പ്രതികരണം കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കും.
സ്റ്റാർട്ടപ്പ് കരുത്തിൽ കൊച്ചി മെട്രോ
കൊച്ചി ഇൻഫോപാർക്കിലെ ‘ബൻസാൻ സ്റ്റുഡിയോസ്’ എന്ന യുവ സ്റ്റാർട്ടപ്പിന്റെ മികവിലാണ് ഈ സംവേദനാത്മക വിനോദ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. നഗരയാത്രയെ ഡിജിറ്റൽ യുഗത്തിനനുസരിച്ച് നവീകരിക്കുന്നതിനൊപ്പം പ്രാദേശിക ബിസിനസുകളെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
കൊച്ചി മെട്രോയെ വെറും ഒരു ഗതാഗത മാർഗ്ഗമെന്നതിലുപരി ഒരു ലൈഫ് സ്റ്റൈൽ ബ്രാൻഡായി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഈ പുതിയ ഗെയിമിംഗ് പ്ലാറ്റ്‌ഫോം.