Mullaperiyar Dam: മുല്ലപ്പെരിയാർ ഡാം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; അണക്കെട്ട് പരിസരത്ത് പരിശോധന
Bomb Threat Mullaperiyar Dam: മുല്ലപ്പെരിയാർ ഡാം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിസന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്.
മുല്ലപ്പെരിയാർ ഡാം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. തൃശൂർ ജില്ലാ കളക്ടറായ അർജുൻ പാണ്ഡ്യൻ ഐഎഎസിന് ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഇക്കാര്യം ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിനെ അറിയിയിച്ചു. തുടർന്ന് അണക്കെട്ട് പരിസരത്ത് അധികൃതർ പരിശോധന നടത്തി.
മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് വച്ച് തകർക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. ഇതറിഞ്ഞ ഇടുക്കി ജില്ലാ ഭരണകൂടം സംസ്ഥാന പോലീസ് മേധാവിയെയും വനംവകുപ്പ് മേധാവിയെയും തമിഴ്നാട് ഡിജിപിയെയും തേനി ജില്ലാ കളക്ടറെയും അറിയിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. എന്നാൽ, പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണിയാണെന്നാണ് വിലയിരുത്തലെങ്കിലും പ്രദേശത്ത് പരിശോധന തുടരുകയാണ്.
Also Read: Kerala Rain Alert: ചക്രവാതച്ചുഴി! വ്യാഴാഴ്ച മുതൽ മഴ തകർക്കും; വരും മണിക്കൂറിലും ജാഗ്രതാ നിർദ്ദേശം
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുകയാണ്. ഇതേ ദിവസം തന്നെയാണ് അണക്കെട്ട് ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്.
പെരിയാർ നദിയിൽ, ഇടുക്കിയിലെ പീരുമേട് താലൂക്കിലാണ് മുല്ലപ്പെരിയാർ അണക്കെട്ട്. മുല്ലപ്പെരിയാറിൽ ശേഖരിക്കുന്ന വെള്ളം തമിഴ്നാട്ടിലെ ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനുമാണ് ഉപയോഗിക്കുന്നത്. ഏറെക്കാലമായി തമിഴ്നാടും കേരളവും തമ്മിൽ മുല്ലപ്പെരിയാറിനെച്ചൊല്ലി തർക്കം നടക്കുകയാണ്. ഡാമിൻ്റെ സുരക്ഷയാണ് പ്രധാന ചർച്ച. ഇതിൻ്റെ തുടർച്ചയായാണ് ഇവിടെ പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യം. അണക്കെട്ടിലെ ജലനിരപ്പുയർത്തണമെന്ന തമിഴ്നാട് സർക്കാരിൻ്റെ ആവശ്യം കേരളം തള്ളിയിരുന്നു.