Bevco: പ്ലാസ്റ്റിക് കുപ്പി പരീക്ഷണം ബമ്പർ ഹിറ്റ്; ഒറ്റ മാസത്തിൽ ബെവ്കോയുടെ ലാഭം ഒന്നരക്കോടി രൂപ
Bevco Plastic Bottle Surcharge: പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപ അധിക വില ഈടാക്കാനുള്ള ബെവ്കോയുടെ പരീക്ഷണം വിജയകരം. ഒറ്റ മാസത്തിൽ ഒന്നരക്കോടി രൂപയിലേറെ ലാഭമാണ് ബെവ്കോയ്ക്ക് ലഭിച്ചത്.
പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികവില ഈടാക്കാനുള്ള ബെവ്കോയുടെ പരീക്ഷണം ബമ്പർ ഹിറ്റ്. ഒറ്റ മാസത്തിൽ രണ്ട് ജില്ലകളിൽ നിന്നായി ബെവ്കോയുടെ ലാഭം ഒന്നരക്കോടിയിലേറെ രൂപയാണ്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ മാത്രമാണ് നിലവിൽ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഈ ജില്ലകളിൽ നിന്നാണ് ബെവ്കോ ഒന്നരക്കോടിയിലധികം രൂപ ലാഭമുണ്ടാക്കിയത്.
രണ്ട് ജില്ലകളിലെയും 20 ബെവ്കോ ഔട്ട്ലെറ്റുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി വിജയിച്ചാൽ മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാനായിരുന്നു ആലോചനകൾ. എന്നാൽ, ആദ്യ മാസത്തിൽ തന്നെ പദ്ധതി വൻ വിജയമായിരിക്കുകയാണ്. സെപ്തംബർ 10 മുതൽ ഒക്ടോബർ 9 വരെയുള്ള കാലയളവിൽ ഈ 20 ഔട്ട്ലറ്റുകളിലൂടെ 15,25,584 പ്ലാസ്റ്റിക് ബോട്ടിലുകൾ വിറ്റഴിച്ചു. ഇതിൽ 7,66,604 ബോട്ടിലുകൾ തിരിച്ചുവന്നു. ബാക്കി 7,58,980 കുപ്പികള്‍ക്ക് ലഭിച്ച 20 രൂപയിലൂടെയാണ് ബെവ്കോ ഒന്നരക്കോടിയിലധികം രൂപയുടെ ലാഭം നേടിയത്. കുറച്ച് ബോട്ടിലുകൾ കൂടി തിരികെവരാൻ സാധ്യതയുണ്ടെങ്കിലും ലാഭത്തിൽ കാര്യമായ കുറവുണ്ടാവില്ല.
Also Read: Bevco Holidays October 2025: ഒക്ടോബറിലും അടുപ്പിച്ച് അവധി, ബെവ്കോ തുറക്കില്ല
തിരുവനന്തപുരം ബാലരാമപുരം മുക്കോല ഔട്ട്ലറ്റിലാണ് ഏറ്റവുമധികം കുപ്പികൾ തിരിച്ചെത്തിയത്. ഇവിടെനിന്ന് ആകെ വിറ്റ 91794 കുപ്പികളിൽ 59067 എണ്ണം തിരിച്ചെത്തി. കണ്ണൂർ ജില്ലയിലെ പണപ്പുഴയിലാണ് ഏറ്റവും കുറവ് കുപ്പികൾ തിരികെയെത്തിയത്. ഇവിടെനിന്ന് ആകെ വിറ്റത് 67,896 പ്ലാസ്റ്റിക് കുപ്പികളാണ്. ഇതിൽ ആകെ തിരികെയെത്തിയത് 21,007 കുപ്പികൾ.
പ്ലാസ്റ്റിക് നിർമ്മാർജനത്തിനായാണ് പ്ലാസ്റ്റിക് കുപ്പികളിൽ വിൽക്കുന്ന മദ്യത്തിന് 20 രൂപ അധിക തുക ഈടാക്കാൻ ബെവ്കോ തീരുമാനിച്ചത്. കേവലം ഒരു മാസം കൊണ്ട് ഒന്നരക്കോടി രൂപയിലേറെ ലഭിച്ച സാഹചര്യത്തിൽ ഉടൻ തന്നെ ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കിയേക്കും. ഇത് ബെവ്കോയ്ക്ക് വലിയ നേട്ടമാവും.