Kozhikode UDF Protest: കോഴിക്കോടിനോട് അവഗണനയോ? 13-ൽ 12 സീറ്റ് കൊടുത്തിട്ടും ഒരൊറ്റ മന്ത്രി പോലുമില്ല; ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടി
Protests Erupt Outside Kozhikode League House : പാറയ്ക്കൽ അബ്ദുല്ലയെ രണ്ടര വർഷത്തിനു ശേഷം ടേം വ്യവസ്ഥയിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയെങ്കിലും, അണികളിലെ അമർഷം തണുപ്പിക്കാൻ ഈ പ്രഖ്യാപനത്തിന് കഴിഞ്ഞിട്ടില്ല. ലീഗ് ഹൗസിന് മുന്നിൽ ഉയർന്ന പോസ്റ്ററുകൾ പിന്നീട് പ്രവർത്തകർ തന്നെ എടുത്തുമാറ്റിയെങ്കിലും പ്രാദേശിക തലത്തിലുള്ള അതൃപ്തി പരസ്യമായിരിക്കുകയാണ്.
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13-ൽ 12 സീറ്റും നേടി യുഡിഎഫ് ചരിത്രവിജയം സ്വന്തമാക്കിയിട്ടും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരൊറ്റ ജനപ്രതിനിധിയെപ്പോലും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെതിരെ കോൺഗ്രസ്, ലീഗ് അണികളിൽ പ്രതിഷേധം ശക്തമാകുന്നു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടിയും പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
പാറയ്ക്കൽ അബ്ദുല്ലയെ രണ്ടര വർഷത്തിനു ശേഷം ടേം വ്യവസ്ഥയിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം വ്യക്തമാക്കിയെങ്കിലും, അണികളിലെ അമർഷം തണുപ്പിക്കാൻ ഈ പ്രഖ്യാപനത്തിന് കഴിഞ്ഞിട്ടില്ല. ലീഗ് ഹൗസിന് മുന്നിൽ ഉയർന്ന പോസ്റ്ററുകൾ പിന്നീട് പ്രവർത്തകർ തന്നെ എടുത്തുമാറ്റിയെങ്കിലും പ്രാദേശിക തലത്തിലുള്ള അതൃപ്തി പരസ്യമായിരിക്കുകയാണ്.
ലീഗ് ഹൗസിന് മുന്നിലെ പോസ്റ്ററുകളിൽ ഉയർന്ന ചോദ്യങ്ങൾ
- “ആറിൽ ആറു സീറ്റും ലീഗ് നേടിയ കോഴിക്കോട് ജില്ലയെ തഴയാൻ എന്ത് അയോഗ്യതയാണുള്ളത്?”
- “കോഴിക്കോടിനെ തഴയാൻ മാത്രം ഗഫൂറിന്റെ മെറിറ്റ് എന്താണ്?”
Also Read – VD Satheesan: ജൂൺ 15 മുതൽ കെഎസ്ആർടിസി സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി; ഉറപ്പ് പാലിച്ച് വിഡി ഗവൺമെന്റ്
- “കോഴിക്കോട് വെറും സമ്മേളനം നടത്താനുള്ള ജില്ല മാത്രമാണോ?”
- “സംസ്ഥാന മന്ത്രിസഭയിൽ കോഴിക്കോടിനോടുള്ള അനീതിയിൽ പ്രതിഷേധിക്കുക.”
അണികളുടെയും നേതാക്കളുടെയും പ്രതിഷേധത്തിന് കാരണങ്ങൾ
മലപ്പുറം കഴിഞ്ഞാൽ മുസ്‌ലിം ലീഗിന് നിലവിൽ ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള ജില്ലയാണ് കോഴിക്കോട്. മത്സരിച്ച ആറ് സീറ്റുകളിലും ലീഗ് സ്ഥാനാർത്ഥികൾ വൻ വിജയം നേടിയിരുന്നു. കഴിഞ്ഞ 25 വർഷമായി കോഴിക്കോട് ജില്ലയിൽ നിന്ന് ഒരു കോൺഗ്രസ് എംഎൽഎ പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ 5 കോൺഗ്രസ് പ്രതിനിധികളാണ് ജില്ലയിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഇത്രയും വലിയൊരു തിരിച്ചുവരവ് നടത്തിയിട്ടും മന്ത്രിസ്ഥാനം നൽകാത്തത് പ്രവർത്തകരുടെ ആത്മവീര്യം ചോർത്തുമെന്നാണ് ആക്ഷേപം.
ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളെ മന്ത്രിസഭയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയതിനെതിരെ ഐഎൻടിയുസിയും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലയിൽ നിന്ന് 5 കോൺഗ്രസ് പ്രതിനിധികളും, 6 ലീഗ് പ്രതിനിധികളും, ഒരു ആർഎംപി അംഗവുമടക്കം 12 പേർ യുഡിഎഫ് ബാനറിൽ വിജയിച്ചിട്ടും അർഹമായ പ്രാതിനിധ്യം നൽകാത്തതിൽ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ കടുത്ത അമർഷമാണ് കോഴിക്കോട്ടെ യുഡിഎഫ് പ്രവർത്തകർക്കിടയിലുള്ളത്.
English Summary
Despite securing a landslide victory by winning 12 out of 13 seats in Kozhikode, local Congress and Muslim League workers are protesting after the district was completely excluded from the new UDF cabinet. Discontent spilled onto the streets as black flags and protest posters appeared outside the local League House, criticizing the state leadership for denting the morale of grassroot workers.