വണ്ടി നിർത്തേണ്ട! പാലിയേക്കര ടോൾ പ്ലാസ താംബരം മാതൃകയിൽ ബാരിയർഫ്രീ ആക്കാൻ ആലോചന; നിർദേശം നൽകി കളക്ടർ
Paliyekkara Toll Plaza: Proposal to make it barrier-free: കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നതും ഏറ്റവും ഉയർന്ന ടോൾ വരുമാനം ലഭിക്കുന്നതുമായ ടോൾ പ്ലാസകളിൽ ഒന്നാണ് പാലിയേക്കര. വാഹനക്കുരുക്ക് മൂലം മണിക്കൂറുകൾ ബ്ലോക്കിൽ കിടക്കേണ്ടിവരുന്നു എന്നതിന്റെ പേരിൽ പലപ്പോഴും ഈ ടോൾ പ്ലാസ വാർത്തകളിൽ നിറയാറുണ്ട്. ജീവനക്കാരും വാഹന ഉടമകളുമായുള്ള തർക്കങ്ങളും ഇവിടെ പതിവാണ്. ബാരിയർ ഫ്രീ സംവിധാനം വന്നാൽ ഇതുവഴി യാത്ര കൂടുതൽ സുഗമമാകും.
തൃശൂർ: വടക്കൻ–തെക്കൻ കേരളങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന കവാടമായ തൃശൂർ ജില്ലയിലെ പാലിയേക്കര ടോൾ പ്ലാസയിൽ തമിഴ്‌നാട്ടിലെ താംബരം മാതൃകയിൽ ബാരിയർഫ്രീ സംവിധാനം അവതരിപ്പിക്കാൻ ആലോചന. ഇത് സാധ്യമായാൽ വാഹനങ്ങൾ വേഗത കുറയ്ക്കുകയോ നിർത്തുകയോ ചെയ്യേണ്ടതില്ല എന്നതിനാൽത്തന്നെ വാഹനക്കുരുക്ക് ഒഴിവാകുകയും ഇതുവഴിയുള്ള യാത്ര സുഗമമാകുകയും ചെയ്യും എന്നാണ് വിലയിരുത്തൽ. പാലിയേക്കരയിൽ തടസരഹിത യാത്ര സാധ്യമാക്കാൻ താംബരം മോഡൽ സംവിധാനം ഏർപ്പെടുത്തുന്നത് സാധ്യമാണോയെന്ന് പരിശോധിക്കാൻ കളക്ടർ ശിഖാ സുരേന്ദ്രൻ ദേശീയപാതാ അതോറിറ്റിക്ക് നിർദേശം നൽകി. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയപാത ടാസ്ക്ഫോഴ്സ് യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നതും ഏറ്റവും ഉയർന്ന ടോൾ വരുമാനം ലഭിക്കുന്നതുമായ ടോൾ പ്ലാസകളിൽ ഒന്നാണ് പാലിയേക്കര. വാഹനക്കുരുക്ക് മൂലം മണിക്കൂറുകൾ ബ്ലോക്കിൽ കിടക്കേണ്ടിവരുന്നു എന്നതിന്റെ പേരിൽ പലപ്പോഴും ഈ ടോൾ പ്ലാസ വാർത്തകളിൽ നിറയാറുണ്ട്. ജീവനക്കാരും വാഹന ഉടമകളുമായുള്ള തർക്കങ്ങളും ഇവിടെ പതിവാണ്.
ALSO READ: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വാടക വീട്; തലസ്ഥാനത്ത് 35 കോടിയുടെ പദ്ധതിക്ക് തുടക്കം
തൃശൂർ – ഇടപ്പള്ളി പാത നാലുവരിപ്പാതയായി ഉയർത്തിയതിന്റെ ഭാഗമായി ബിഒടി (BOT – Build, Operate, Transfer) മാതൃകയിൽ സ്ഥാപിക്കപ്പെട്ടതാണ് ഈ ടോൾ പ്ലാസ. ഇതുവഴിയുള്ള യാത്രാസമയത്തിൽ വലിയ കുറവു വരുത്താനും സുഗമമായ ഗതാഗതം ഉറപ്പാക്കാനും ഈ നാലുവരിപ്പാത സഹായിച്ചു. ചരക്ക് ലോറികൾ, അന്തർസംസ്ഥാന ബസുകൾ, ടാക്സികൾ, സ്വകാര്യ വാഹനങ്ങൾ എന്നിവയടക്കം പതിനായിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും പാലിയേക്കര വഴി സഞ്ചരിക്കുന്നത്.
ഫാസ്ടാഗ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കിയ ആദ്യകാല ടോൾ പ്ലാസകളിൽ ഒന്നാണിത്. എങ്കിലും തിരക്കും ബ്ലോക്കും എന്നും ഒരു തലവേദനയായതിനാൽ ഇവിടെ ബാരിയർ ഫ്രീ സംവിധാനം അവതരിപ്പിച്ച് യാത്ര കൂടുതൽ മെച്ചപ്പെടുത്താനുള്ള സാഹചര്യം ഒരുക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ഇത് പാലിയേക്കരയുടെ മുഖഛായ മാറ്റിമറിക്കുന്ന ഒരു നീക്കമായിത്തീരും എന്ന് കരുതപ്പെടുന്നു.
ബാരിയർ ഫ്രീ ടോൾ ബൂത്ത് എന്നത് ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തുകയോ ബാരിയർ ഉയരുന്നതിനായി കാത്തുനിൽക്കുകയോ ചെയ്യാതെ യാതൊരു തടസ്സവുമില്ലാതെ ടോൾ നൽകി കടന്നുപോകാൻ സഹായിക്കുന്ന ആധുനിക സംവിധാനമാണ്. ടോൾ ബൂത്തിന് മുകളിലുള്ള ഹൈ-സ്പീഡ് ക്യാമറകളും RFID/ANPR (Automatic Number Plate Recognition) സെൻസറുകളും വാഹനത്തിന്റെ നമ്പർ പ്ലേറ്റും ബാറുകളും ഓട്ടോമാറ്റിക്കായി സ്കാൻ ചെയ്യുന്നു.
തുടർന്ന് FASTag അല്ലെങ്കിൽ വാഹന ഉടമയുടെ അക്കൗണ്ടിൽ നിന്ന് പണം ഓട്ടോമാറ്റിക്കായി ഈടാക്കപ്പെടുന്ന വിധത്തിലുള്ള സൗകര്യം ഒരുക്കാനാണ് ശ്രമം. ഇത് വിജയിച്ചാൽ, ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നത് പൂർണ്ണമായി ഇല്ലാതാകും. വാഹനങ്ങൾ നിർത്തി ഇടയ്ക്കിടെ സ്റ്റാർട്ട് ചെയ്യേണ്ടിവരാത്തതിനാൽ സമയലാഭവും ഇന്ധനലാഭവും ഉണ്ടാകുന്നു. മാത്രമല്ല, പുക മലിനീകരണവും കുറയും.
English Summary
Plans are underway to introduce a barrier-free system—modeled after the one in Tambaram, Tamil Nadu—at the Paliyekkara toll plaza in Thrissur district. If implemented, this would eliminate the need for vehicles to slow down or come to a halt. Collector Shikha Surendran has directed the National Highways Authority to assess the feasibility of adopting the Tambaram-style barrier-free system at Paliyekkara. This directive was issued during a meeting of the National Highway Task Force chaired by the Collector.