Rahul Easwar: കസ്റ്റഡി കാലാവധി അവസാനിച്ചു, രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ
Rahul Easwar Sent Back to Judicial Custody: രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് കഴിഞ്ഞ 12 ദിവസമായി രാഹുൽ ഈശ്വർ റിമാൻഡിലാണ്. ഈ കാലയളവിൽ അദ്ദേഹം ജയിലിൽ നിരാഹാര സമരം നടത്തുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം അദ്ദേഹത്തെ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു.
രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് കഴിഞ്ഞ 12 ദിവസമായി രാഹുൽ ഈശ്വർ റിമാൻഡിലാണ്. ഈ കാലയളവിൽ അദ്ദേഹം ജയിലിൽ നിരാഹാര സമരം നടത്തുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കേസിന്റെ അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്ന യുവതിയുടെ പരാതിയിലാണ് സൈബർ പൊലീസ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
യുവതിയെ തിരിച്ചറിയാൻ സാധിക്കുന്ന വിവരങ്ങൾ പങ്കുവെച്ചു എന്നാരോപിച്ച് രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ എന്നിവർ ഉൾപ്പെടെ 6 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഭിഭാഷക ദീപ ജോസഫ്, ദീപ ജോസഫ് എന്നു പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങൾക്ക് 2 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്.