Train delays: ഈ ട്രെയിനുകൾ ഈ മാസം വൈകി ഓടും, സമയമറിഞ്ഞ് യാത്ര ചെയ്യാം
Major Trains via Kerala to Face Delays : ദീർഘദൂര ട്രെയിനുകൾക്ക് പുറമെ, ഷൊറണൂർ - കോയമ്പത്തൂർ പാസഞ്ചർ (56604) സർവീസിനും ഈ മാസം വിവിധ ദിവസങ്ങളിൽ 45 മിനിറ്റോളം നിയന്ത്രണമുണ്ടാകും. ട്രെയിൻ സമയക്രമത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾ യാത്രക്കാർ മുൻകൂട്ടി ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു.

ട്രെയിൻ
തിരുവനന്തപുരം: പാലക്കാട് ഡിവിഷനിലെ വിവിധ റെയിൽവേ പാതകളിൽ അറ്റകുറ്റപ്പണികളും മറ്റും നടക്കുന്നതിനാൽ കേരളത്തിലൂടെ കടന്നുപോകുന്ന നിരവധി ദീർഘദൂര ട്രെയിനുകൾക്കും പാസഞ്ചർ സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഈ മാസം ഏഴ്, 14 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (22633) യാത്രയ്ക്കിടയിൽ 30 മിനിറ്റോളം വഴിയിൽ നിയന്ത്രിക്കും.
സമാനമായ രീതിയിൽ, ജനുവരി മാസത്തിലെ വിവിധ തീയതികളിലും ഫെബ്രുവരി ആദ്യ വാരത്തിലുമായി എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്ന എറണാകുളം – ഓഖ ദ്വൈ വീക്ക്‌ലി എക്‌സ്‌പ്രസും (16338), എറണാകുളം – അജ്മീർ മരുസാഗർ എക്‌സ്‌പ്രസും (12977) ഓരോ മണിക്കൂർ വീതം വഴിയിൽ നിർത്തിയിടാൻ തീരുമാനിച്ചിട്ടുണ്ട്.
എറണാകുളം ജങ്ഷൻ – ലോകമാന്യ തിലക് തുരന്തോ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12224) ജനുവരി 11 മുതൽ ഫെബ്രുവരി ഒന്നു വരെയുള്ള ഞായറാഴ്ചകളിൽ എറണാകുളത്തുനിന്ന് ഒരു മണിക്കൂർ വൈകിയാകും പുറപ്പെടുക. കൂടാതെ, ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസ് (12618) ഈ മാസം 14, 21 തീയതികളിൽ നിസാമുദ്ദീനിൽനിന്ന് 30 മിനിറ്റ് വൈകി മാത്രമേ യാത്ര ആരംഭിക്കൂ.
ദീർഘദൂര ട്രെയിനുകൾക്ക് പുറമെ, ഷൊറണൂർ – കോയമ്പത്തൂർ പാസഞ്ചർ (56604) സർവീസിനും ഈ മാസം വിവിധ ദിവസങ്ങളിൽ 45 മിനിറ്റോളം നിയന്ത്രണമുണ്ടാകും. ട്രെയിൻ സമയക്രമത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾ യാത്രക്കാർ മുൻകൂട്ടി ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു.