AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഓഫീസിൽ നിന്ന് ആശുപത്രിയിലേക്ക്, പ്രസവം കഴിഞ്ഞ് ആറാം ദിവസം തിരിച്ചെത്തി; വയനാടിനോട് യാത്ര പറഞ്ഞ് കളക്ടർ മേഘശ്രീ

Wayanad's beloved Collector Meghasree has stepped down: വയനാട് ജില്ലാ കളക്ടർ ഡിആർ മേഘശ്രീ ചുമതലയൊഴിഞ്ഞു. പുതിയ കളക്ടറായി ചെൽസാസിനി ചുമതലയേൽക്കും. ചൂരൽമല- മുണ്ടക്കൈ ദുരന്തവും പുനരധിവാസവും ഉൾപ്പെടെ വയനാട് ഏറെ കഷ്ടത നേരിട്ട നാളുകളിൽ ദുരന്തബാധിതർക്ക് ഒപ്പം നിന്ന് അ‌വരുടെ അ‌തിജീവനത്തിന് കരുത്തുപകർന്ന കളക്ടർ മേഘശ്രീയുടെ ഇടപെടലുകൾ കേരളം മുഴുവൻ പ്രശംസിച്ചിരുന്നു.

ഓഫീസിൽ നിന്ന് ആശുപത്രിയിലേക്ക്, പ്രസവം കഴിഞ്ഞ് ആറാം ദിവസം തിരിച്ചെത്തി; വയനാടിനോട് യാത്ര പറഞ്ഞ് കളക്ടർ മേഘശ്രീ
Wayanad's Beloved Collector Meghasree Has Stepped DownImage Credit source: Facebook
Prasanth Kumar
Prasanth Kumar | Published: 16 Sep 2026 | 10:51 AM

മനസിൽ നന്മയുള്ള മലയാളികളുടെ ഹൃദയത്തോട് അ‌ത്രമേൽ ചേർന്നുനിന്ന ഒരു ജില്ലാ കളക്ടർ, അ‌തായിരുന്നു വയനാടിന്റെ പ്രിയപ്പെട്ട ഡിആർ മേഘശ്രീ. ഒരു നാടിന്റെ ദുരിതകാലത്ത് അ‌വർക്ക് താങ്ങും തണലുമായി നിൽക്കുകയും ഒരു ജനതയുടെ അ‌തിജീവനത്തിൽ അ‌വരുടെ ​കൈപിടിച്ച് മുന്നോട്ട് നടത്തുകയും ചെയ്ത മേഘശ്രീ മലയാളികളുടെയാകെ മനസ് കീഴടക്കിയ ജില്ലാ കളക്ടറാണ്. വയനാട് ജില്ലാ കളക്ടർ എന്ന നിലയിൽ ചാർജ് ഏറ്റെടുത്തത് മുതൽ ഔദ്യോഗിക ജീവിതത്തിൽ സംഭവ ബഹുലമായ നിരവധി ദിവസങ്ങൾ പിന്നിട്ട മേഘശ്രീ ഒടുവിൽ വയനാട് ജില്ലാ കളക്ടർ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു.

ചൂരൽമല- മുണ്ടക്കൈ ദുരന്തവും പുനരധിവാസവും വയനാടിന്റെ ചരിത്രത്തിൽ ഇടംപിടിച്ചപ്പോൾ കളക്ടർ മേഘശ്രീ ഇടംപിടിച്ചത് ദുരന്തബാധിതരുടെ ഹൃദയങ്ങളിലായിരുന്നു. തന്റെ സ്വകാര്യ ജീവിതത്തിലെ നിമിഷങ്ങളെക്കാൾ പ്രാധാന്യം ദുരിതബാധിതരുടെ ജീവിതത്തിന് നൽകിയ മേഘശ്രീ, തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോൾ പോലും ജോലിയിൽ നിന്ന് വിട്ടുനിന്നത് ഏതാനും ദിവസങ്ങൾ മാത്രമാണ്.

ALSO READ: രാജ ആര്? ആനി രാജയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി

ഓഗസ്റ്റ് 24-ന് തന്റെ ഔദ്യോഗിക ചുമതലകളും ജോലികളും പൂർത്തിയാക്കിയ ശേഷം, വീട്ടിലേക്ക് മടങ്ങുന്നതിന് പകരം മേഘശ്രീ നേരേ പോയത് വീട്ടിലേക്കല്ല, ആശുപത്രിയിലേക്ക് ആയിരുന്നു. അ‌വിടെ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ മേഘശ്രീ വെറും ആറ് ദിവസം മാത്രം പിന്നിട്ടപ്പോൾ ​കൈക്കുഞ്ഞുമായി വീണ്ടും തിരിച്ച് ജോലിയിൽ പ്രവേശിച്ചു.

അ‌തേപ്പറ്റി കളക്ടർ പറയുന്നത് ഇങ്ങനെ: “ഓഗസ്റ്റ് 25-ലെ പ്രസവത്തിന് ശേഷം അഞ്ച് ദിവസം വിശ്രമിക്കുകയും സെപ്റ്റംബർ 1 മുതൽ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ നിന്ന് ജോലി ആരംഭിക്കുകയും ചെയ്തു. ജില്ലാ കളക്ടറുടെ അനുമതി ആവശ്യമായ നിരവധി ഫയലുകൾ അപ്പോൾ ഉണ്ടായിരുന്നു.” പ്രസവത്തിന് ശേഷവും ജില്ലാ കളക്ടറുടെ ചുമതലകൾ നിർവഹിക്കുന്നത് തുടരാനുള്ള തീരുമാനം വ്യക്തിപരമായ ഒന്നായിരുന്നുവെന്ന് മേഘശ്രീ വ്യക്തമാക്കി. പ്രസവാവധി എടുക്കണമെന്ന് നിർബന്ധമില്ല. ഓരോ വ്യക്തിയുടെയും ആരോഗ്യം, സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചാണ് അത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്നും അ‌വർ പറഞ്ഞു.

2017 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ മേഘശ്രീ, പുതിയ വയനാട് കളക്ടറായ വി ചെൽസാസിനിക്ക് ചുമതല കൈമാറിയ ശേഷം രണ്ട് മാസത്തെ പ്രസവാവധിയിൽ പ്രവേശിക്കും. ദുരന്തബാധിത കുടുംബങ്ങളുമായി വൈകാരികമായ അടുപ്പം പുലർത്തുന്ന കളക്ടർ മേഘശ്രീ ചൊവ്വാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങിൽ, ഭർത്താവ് വിക്രം സിംഹയും മക്കളായ വിസ്മയയും ദൃതിയും ​കൈക്കുഞ്ഞും അ‌ടക്കം കുടുംബസമേതമാണ് എത്തിയത്.

പുതിയ കളക്ടർ ചെൽസാസിനി ബുധനാഴ്ച ചുമതലയേൽക്കും. അ‌തേസമയം കളക്ടർചുമതല ഒഴിഞ്ഞെങ്കിലും പ്രസവാവധി അവസാനിക്കുംവരെ മേഘശ്രീ വയനാട്ടിൽ തന്നെ തുടരും. കേന്ദ്രീയവിദ്യാലയത്തിൽ പഠിക്കുന്ന മൂത്തകുട്ടികളുടെ അധ്യയനവർഷംകൂടി കണക്കിലെടുത്താണിത്. സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ​വയനാടിനോടുള്ള തന്റെ ബന്ധം വിവരിക്കുന്ന വൈകാരികമായ കുറിപ്പും മേഘശ്രീ പങ്കുവച്ചു. ചുരുങ്ങിയ ഈ കാലത്തിനിടയിൽ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി, എവിടെയാണെങ്കിലും വയനാട് എന്നും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ മായാതെ നിൽക്കും എന്ന് ഈ കുറിപ്പിൽ മേഘശ്രീ വ്യക്തമാക്കുന്നു.
വയനാട് കളക്ടർ പങ്കുവച്ച കുറിപ്പ്

പ്രിയപ്പെട്ടവരേ… 2024 ലെ മഴക്കാലത്തോടൊപ്പമാണ് വയനാട് എന്നെ വരവേറ്റത്… ഇന്നിതാ മറ്റൊരു മഴക്കാലം പിൻവാങ്ങുമ്പോൾ, എന്നും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരുപിടി ഓർമ്മകളുമായി ഞാൻ നിങ്ങളോട് യാത്ര പറയുകയാണ്… വയനാട് ജില്ലാ കളക്ടറെന്ന നിലയിലുള്ള എന്റെ ഔദ്യോഗിക കാലാവധി പൂർത്തിയായിരിക്കുകയാണ്… പ്രകൃതി സൗന്ദര്യം കൊണ്ടും സ്നേഹസമ്പന്നരായ മനുഷ്യരെ കൊണ്ടും അനുഗ്രഹീതമായ ഈ മണ്ണിൽ സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം…

വെല്ലുവിളികൾ നിറഞ്ഞ നിമിഷങ്ങളെ നമ്മൾ ഒന്നിച്ചു നേരിട്ടു, പ്രതിസന്ധികളിൽ പരസ്പരം താങ്ങായി നിന്നു, നാടിന്റെ പുരോഗതിക്കായി തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു… എന്റെ വാക്കുകളെയും പ്രവൃത്തികളെയും വിശ്വസിച്ച് എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാ ജനങ്ങളോടും, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൂടെനിന്ന എന്റെ സഹപ്രവർത്തകരോടും, ജനപ്രതിനിധികളോടും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.

വയനാട് എനിക്ക് കേവലം ഒരു ജോലിസ്ഥലം മാത്രമായിരുന്നില്ല; അതിജീവനത്തിന്റെയും കാരുണ്യത്തിൻ്റെയും ഐക്യത്തിന്റെയും വലിയ പാഠങ്ങൾ എന്നെ പഠിപ്പിച്ച എന്റെ സ്വന്തം വീടായിരുന്നു. ചുരുങ്ങിയ ഈ കാലത്തിനിടയിൽ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി. പച്ചപ്പുനിറഞ്ഞ ഈ മനോഹര ഭൂമിക്കും അതിലേറെ പ്രിയപ്പെട്ട ജനങ്ങൾക്കും നന്മയും സമാധാനവും നിറഞ്ഞ നല്ലൊരു ഭാവി ആശംസിക്കുന്നു. എവിടെയാണെങ്കിലും വയനാട് എന്നും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ മായാതെ നിൽക്കും. ഹൃദയം നിറഞ്ഞ സ്നേഹത്തോടെ..

English Summary

Wayanad District Collector Dr. Meghasree has stepped down from her post. Chelsa Sini will take over as the new Collector. Collector Meghasree earned praise across Kerala for her interventions; she stood by the victims and strengthened their resilience during the difficult times Wayanad faced, particularly in the wake of the Chooralmala-Mundakkai disaster and the subsequent rehabilitation efforts.

Follow Us