പെപ്പർ സ്പ്രേ മുഖത്തടിച്ച് മൂന്നംഗ സംഘം രണ്ടു പവന്റെ മാല പൊട്ടിച്ചെടുത്ത് കടന്നു; സംഭവം തിരുവനന്തപുരത്ത്
Three-member gang snatches chain in Thiruvananthapuram: മൂന്നംഗ സംഘം പമ്പ് ഓപ്പറേറ്ററെ ആക്രമിച്ച് രണ്ട് പവൻ മാലയുമായി കടന്നു. വെള്ളായണിക്കായലിന് സമീപം വവ്വാമൂലയിലുളള ജല അതോറിറ്റിയുടെ പമ്പ് ഹൗസിലെ ഓപ്പറേറ്ററും പാറശ്ശാല പുത്തൻകട നെടുവാൻവിള സ്വദേശിയുമായ ഹരിഹരസുധന്റെ (54) മാലയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം കവർന്നത്. ചൊവ്വാഴ്ച പുലർച്ചെ 1.10 ന് ആയിരുന്നു സംഭവം.
തിരുവനന്തപുരം: മൂന്നംഗ സംഘം പമ്പ് ഓപ്പറേറ്ററെ ആക്രമിച്ച് രണ്ട് പവൻ മാലയുമായി കടന്നു. വെള്ളായണിക്കായലിന് സമീപം വവ്വാമൂലയിലുളള ജല അതോറിറ്റിയുടെ പമ്പ് ഹൗസിലെ ഓപ്പറേറ്ററും പാറശ്ശാല പുത്തൻകട നെടുവാൻവിള സ്വദേശിയുമായ ഹരിഹരസുധന്റെ (54) മാലയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം കവർന്നത്. ചൊവ്വാഴ്ച പുലർച്ചെ 1.10 ന് ആയിരുന്നു സംഭവം. പമ്പ് ഹൗസിലേക്ക് ഓടിക്കയറിയ മൂന്നംഗ സംഘം ഹരിഹരസുധനെ ബലപ്രയോഗത്തിലൂടെ കസേരയിൽ ഇരുത്തി മാലപൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ ഹരിഹരസുധൻ ഇത് കൈകൊണ്ട് തടഞ്ഞു. പ്രകോപിതരായ മൂവർസംഘം, ഹരിഹരസുധന്റെ മുഖത്തും ദേഹത്തും അടിച്ചു. തുടർന്ന് മുഖത്ത് പെപ്പർ സ്പ്രേ അടിച്ചശേഷം മാലപൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
അക്രമികൾ ഹെൽമറ്റ് ധരിച്ച് മുഖംമറച്ചിരുന്നു. മുഖത്ത് പെപ്പർ സ്പ്രേ അടിച്ചശേഷം മർദിച്ചാണ് കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. തുടർന്ന് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഹരിഹരസുധൻ സഹായം തേടി. സ്ഥലത്തെത്തിയ തിരുവല്ലം പോലീസ് ഹരിഹരസുധനെ വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെ കണ്ടെത്തുന്നതിന് തിരുവല്ലം പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
Also Read: വ്യാപാരികളുടെ UPI ഇടപാടുകൾക്ക് പരമാവധി 300 രൂപ വരെ ഫീസ്; കേന്ദ്രം ഉത്തരവ് ഇറക്കി
അടച്ചിട്ട വീട്ടിൽ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
പാലാ: പുലിയന്നൂരിൽ അടച്ചിട്ട വീട്ടിൽ തീപിടിത്തം. കൃഷ്ണ വിലാസം സുധീഷിന്റെ വീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ട് തീപ്പിടിത്തമുണ്ടായത്. സംഭവ സമയം വീട്ടുകാർ അവിടെ ഉണ്ടായിരുന്നില്ല. താഴത്തെ നിലയിൽനിന്ന് പുക ഉയരുന്നത് കണ്ട് വീടിൻ്റെ മുകൾനിലയിൽ താമസിക്കുന്നവർ വീട്ടുടമസ്ഥനായ സുധീഷിനെ വിവരം അറിയിച്ചു.
ഉടമസ്ഥനെത്തി വീട് തുറന്നപ്പോഴാണ് മുറി മുഴുവൻ തീ പടർന്നതായി കണ്ടത്. മറ്റ് മുറികളിലേക്കും തീ പടർന്നിരുന്നു. എസിയിൽനിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാലായിൽനിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. അപകടത്തിൽ രേഖകളും തുണിയും ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി ഉടമസ്ഥൻ പറഞ്ഞു.
ട്രെയിനിൽ കഞ്ചാവ് കടത്ത്, 19 വയസുകാർ പിടിയിൽ
തിരൂർ: ട്രെയിനിൽ കഞ്ചാവ് കടത്തിയ കേസിൽ ഒഡീയ സ്വദേശികളായ രണ്ട് 19 വയസുകാർ പിടിയിൽ. തിരൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഒഡീഷ കണ്ടമർ സ്വദേശികളായ അനിൽ കഹ്നാർ (19), ഇയാളുടെ സഹോദരി പുത്രൻ ദേ ബോസിസ് പ്രധാൻ (19) എന്നിവരെ പിടികൂടിയത്. ഇവരിൽനിന്ന് ആറ് കിലോ കഞ്ചാവ് പിടികൂടി.
മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ വിൽപ്പനയ്ക്കായി കൈമാറുന്നതിന് രണ്ട് ബാഗുകളിലായി ചെന്നൈ-മംഗലാപുരം ട്രെയിനിൽ കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. പിടിയിലായ പ്രതികളെ വിശദമായ ദേഹപരിശോധനയ്ക്ക് വിധേയനാക്കി. കസ്റ്റഡിയിലുള്ള പ്രതികളെയും പിടിച്ചെടുത്ത കഞ്ചാവും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
English Summary
A three-member gang attacked a pump operator and fled with a gold chain weighing two sovereigns. The gang, arriving on a motorcycle, stole the chain from Hariharasudhan (54), a native of Neduvanvila, Puthenkada, Parassala, who works as an operator at the Water Authority pump house in Vavvamoola, near Vellayani Lake. The incident occurred at 1:10 AM on Tuesday.