Sabarimala Weather update: തീർത്ഥാടകർ ജാഗ്രത! ശബരിമലയിൽ ഇന്നും മഴ സാധ്യത
Sabarimala Weather: കനത്ത മഴയ്ക്കാണ് സാധ്യത. ഒന്നോ രണ്ടോ തവണയായി മൂന്നു സെന്റീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്
പത്തനംതിട്ട: ശബരിമലയിൽ ഇന്നും മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സന്നിധാനം, പമ്പ, നിലക്കൽ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സന്നിധാനത്ത് ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും ഒന്നോ രണ്ടോ തവണയായി നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.
മണിക്കൂറിൽ രണ്ട് സെന്റീമീറ്റർ വരെ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പമ്പയിലും ഇന്ന് ആകാശം മേഘങ്ങളാൽ ഇരുണ്ടതായിരിക്കും. രണ്ടു സെന്റീമീറ്റർ വരെ ഒന്നോ രണ്ടോ തവണയായി മഴയ്ക്ക് സാധ്യത. നിലക്കലിലും ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട് രണ്ട് സെന്റീമീറ്റർ വരെയാണ് മഴ സാധ്യത.
എന്നാൽ നാളെ കനത്ത മഴയ്ക്കാണ് സാധ്യത. ഒന്നോ രണ്ടോ തവണയായി മൂന്നു സെന്റീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ഇടിമിന്നൽ മുന്നറിയിപ്പ് നിലവിൽ നൽകിയിട്ടില്ലെങ്കിലും നാളെ കനത്ത മഴയ്ക്കൊപ്പം ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സന്നിധാനം പമ്പ നിലക്കൽ എന്നിങ്ങനെ മൂന്ന് പ്രദേശങ്ങളിലും കനത്ത മഴയ്ക്കാണ് സാധ്യത. അതേസമയം ഇന്ന് ഒരു ജില്ലകളിലും മുന്നറിയിപ്പില്ല.
നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കനത്ത മഴ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വരുന്ന അഞ്ചുദിവസങ്ങളിൽ മഴയ്ക്ക് സാധ്യത എന്നാണ് പ്രവചനം.