AI Video in stray dog issue : ഭൃത്യനായ മന്ത്രി രാജേഷ് രാജാവായ പിണറായി വിജയനോട് സങ്കടം പറയുന്നു… എഐ വീഡിയോ തരംഗമാകുന്നു…
AI Video Featuring Satires of CM Pinarayi Vijayan and Minister M.B. Rajesh : സറ്റയർ/പാരഡി' വിഭാഗത്തിൽ ഫെയ്‌സ്ബുക്കിൽ തയ്യാറാക്കിയ ഒരു പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. കമന്റ് ബോക്സിൽ ഇരുമുന്നണികളുടെയും പ്രവർത്തകരും അനുഭാവികളും തമ്മിൽ ശക്തമായ വാഗ്വാദങ്ങൾ നടക്കുന്നുണ്ട്.
കാസർകോട്: കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷിനെയും ആക്ഷേപഹാസ്യ കഥാപാത്രങ്ങളാക്കി നിർമിച്ച ഒരു നിർമിതബുദ്ധി (AI) വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. സംസ്ഥാനത്തെ തെരുവുനായശല്യം പ്രമേയമാക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ മുഖ്യമന്ത്രിയെ രാജാവായും മന്ത്രി രാജേഷിനെ ഭൃത്യനായും ചിത്രീകരിച്ചിരിക്കുന്നു.
‘പട്ടിയുണ്ട് സൂക്ഷിക്കുക’ എന്ന വിവരണത്തോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ദൃശ്യത്തിൽ, ഭൃത്യനായ മന്ത്രി രാജേഷിന്റെ കഥാപാത്രം, രാജാവായ പിണറായി വിജയനോട് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റവരുടെയും മരിച്ചവരുടെയും കണക്കുകൾ അവതരിപ്പിക്കുന്നു. ഇതിന് മുഖ്യമന്ത്രി മറുപടി നൽകുന്നതും കാണാം.
Also Read:അമ്പത് കൊടുത്താൽ എന്താ…. ഒരു കോടി അല്ലേ പോക്കറ്റിൽ; കാരണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
ഇംഗ്ലീഷ് ഉപശീർഷകങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘സറ്റയർ/പാരഡി’ വിഭാഗത്തിൽ ഫെയ്‌സ്ബുക്കിൽ തയ്യാറാക്കിയ ഒരു പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. കമന്റ് ബോക്സിൽ ഇരുമുന്നണികളുടെയും പ്രവർത്തകരും അനുഭാവികളും തമ്മിൽ ശക്തമായ വാഗ്വാദങ്ങൾ നടക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമോ?
തദ്ദേശതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ, AI ടൂളുകൾ ഉപയോഗിച്ചുള്ള ദൃശ്യങ്ങളുടെ നിർമാണത്തിനും പ്രചാരണത്തിനും തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഈ വീഡിയോ കമ്മീഷൻ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഒരാളുടെ രൂപം, ശബ്ദം, സ്വത്വം എന്നിവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അനുമതിയില്ലാതെ മാറ്റിയും പ്രചരിപ്പിക്കുന്നതും കമ്മീഷൻ നിരോധിച്ചിരുന്നു. ഈ വീഡിയോ കമ്മീഷൻ നിർദ്ദേശത്തിന് എതിരാണ് എന്നതാണ് പ്രധാന വിമർശനം.
AI ഉപയോഗിച്ച് നിർമിച്ചതോ, ഡിജിറ്റലായി മാറ്റം വരുത്തിയതോ ആയ എല്ലാ ഉള്ളടക്കങ്ങളിലും ‘AI ജനറേറ്റഡ്’ പോലുള്ള വ്യക്തമായ ലേബലുകൾ നിർബന്ധമായും ഉൾക്കൊള്ളണം എന്ന് കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഈ ലേബൽ ചിത്രങ്ങളിൽ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും, ഓഡിയോയിൽ ആദ്യ 10 ശതമാനം സമയദൈർഘ്യത്തിലും വ്യക്തമായി ഉണ്ടാകണം. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോയിൽ കമ്മീഷൻ നിർദ്ദേശിച്ച ലേബലിംഗ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.