Stray Dog Attack: തൃശൂരിൽ വയോധികയെ നായ കടിച്ചുകൊന്നു, പോസ്റ്റ്മോർട്ടം ഇന്ന്
രണ്ട് വർഷം മുമ്പ് വീണ് കാലിന്റെ എല്ലൊടിഞ്ഞതിനെ തുടർന്നാണ് കാർത്യായനി കിടപ്പിലാകുന്നത്. നായയുടെ ഉപദ്രവം ഏൽക്കുമ്പോഴും അതിനെ തടയാനോ എഴുന്നേൽക്കാനോ കാർത്യായനിക്ക് കഴിഞ്ഞിരുന്നില്ല.
തൃശൂര്‍: കിടപ്പുരോഗിയായിരുന്ന വയോധികയെ നായ വീട്ടിൽ കയറി കടിച്ചു കൊന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശി കാർത്യായനിയാണ് (84) കൊല്ലപ്പെട്ടത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകൻ ദേവദാസനെയും (60) തെരുവുനായ കടിച്ചു മാരകമായി പരുക്കേൽപ്പിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിലുള്ള കാർത്യായനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറുന്നതാണ്.
ഇന്നലെ സന്ധ്യയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കട്ടിലിൽ കിടക്കുകയായിരുന്ന കാർത്യായനിയെ വീടിനകത്തേക്ക് ഓടിക്കയറിയ തെരുവുനായ ക്രൂരമായി ആക്രമിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് വീണ് കാലിന്റെ എല്ലൊടിഞ്ഞതിനെ തുടർന്നാണ് കാർത്യായനി കിടപ്പിലാകുന്നത്. നായയുടെ ഉപദ്രവം ഏൽക്കുമ്പോഴും അതിനെ തടയാനോ എഴുന്നേൽക്കാനോ കാർത്യായനിക്ക് കഴിഞ്ഞിരുന്നില്ല.
ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകനെയും നായ കടിച്ച് പരിക്കേൽപ്പിച്ചു. വൈകിട്ട് ആറരയോടെ സമീപത്ത് താമസിക്കുന്ന കാർത്യായനിയുടെ ഇളയ മകൻ മണി ഇരുവർക്കും ഭക്ഷണവുമായി എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയിൽ അമ്മയുടെ മൃതദേഹവും ഗുരുതരാവസ്ഥയിൽ കിടക്കുന്ന സഹോദരനെയും കണ്ടത്.
കാർത്യായനിയുടെ മുഖമടക്കം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. ഇവരെ കടിച്ചതിന് ശേഷം ഇതേ നായ സമീപത്തുള്ള വീട്ടിൽ ജോലിക്ക് എത്തിയവരെയും ആക്രമിച്ചതായാണ് വിവരം. നാട്ടുകാരും പൊലീസും ചേർന്ന് നായക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അര്‍ധരാത്രിക്ക് ശേഷം നടത്തിയ തെരച്ചിലിനൊടുവിലാണ് നായയെ പിടികൂടിയത്.
പിടികൂടിയ നായക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാൻ പരിശോധന നടത്തും. ഈ നായയുടെ കടിയേറ്റ മൂന്ന് നാട്ടുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെയ്പ് നടത്തി. കടങ്ങോട് പഞ്ചായത്ത് അധികൃതർ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് നായയെ പിടികൂടിയത്.