Thiruvananthapuram Airport: മറ്റ് യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് മദ്യം വാങ്ങുന്ന സംഘം സജീവം; അന്വേഷണവുമായി കസ്റ്റംസ്
Airport Duty Free Shop Scam: മറ്റ് യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് വിമാനത്താവളത്തിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങുന്ന സംഘം സജീവം. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
മറ്റ് യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങുന്ന സംഘം സജീവം. മദ്യം വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ട് ഉപയോഗിച്ച് മദ്യക്കുപ്പി വാങ്ങിയെന്ന സംശയത്തിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു. മനോരമഓൺലൈൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യാത്രക്കാർക്ക് ലഘുഭക്ഷണം ഓഫർ ചെയ്ത് പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റിൽ എത്തുന്ന യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ച് ഇതുപയോഗിച്ച് കുപ്പി വാങ്ങുന്നതാണ് രീതി. ഇതിലൂടെ അനുവദിക്കപ്പെട്ട അളവിനെക്കാൾ കൂടുതൽ മദ്യം യാത്രക്കാർക്ക് ലഭിക്കുന്നു എന്നാണ് പരാതി. പ്രിവൻ്റീവ് വിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തിൽ മദ്യക്കുപ്പി വാങ്ങാത്ത യാത്രക്കാരുടെ പാസ്പോർട്ടിട്ട് വിവരങ്ങൾ ഉപയോഗിച്ച് മദ്യം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്ന് ഒരു യാത്രക്കാരന് പരമാവധി വാങ്ങാൻ കഴിയുന്നത് രണ്ട് ലിറ്റർ മദ്യമാണ്. ഏത് ബ്രാൻഡാണെങ്കിലും പരമാവധി രണ്ട് ലിറ്ററേ വാങ്ങാൻ കഴിയൂ. മദ്യം വാങ്ങാൻ യാത്രക്കാർക്ക് 23 വയസ് പൂർത്തിയാവണം. ബോർഡിങ് പാസും പാസ്പോർട്ടും സമർപ്പിച്ചെങ്കിലേ ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങാനാവൂ.