Thiruvananthapuram Alan Murder: അലനെ കൊലപ്പെടുത്തിയത് കമ്മീഷണർ ഓഫീസിന് തൊട്ടടുത്തുവച്ച്; പ്രതിപ്പട്ടികയിൽ കാപ്പ കേസ് പ്രതികളുമെന്ന് സൂചന
Alan Murder Happened Near Commissionar Office: തിരുവനന്തപുരത്തെ അലൻ്റെ കൊലപാതകം നടന്നത് കമ്മീഷണർ ഓഫീസിന് തൊട്ടടുത്തുവച്ച്. പ്രതിപ്പട്ടികയിൽ കാപ്പ കേസ് പ്രതികളുമുണ്ട്.
19 വയസുകാരൻ അലനെ കൊലപ്പെടുത്തിയത് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന് തൊട്ടടുത്തുവച്ച്. പ്രതിപ്പട്ടികയിൽ കാപ്പ കേസ് പ്രതികളടക്കം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ആറ് പേരടങ്ങുന്ന സംഘമാണ് അലനും സംഘവുമായി ഏറ്റുമുട്ടിയത്. ഈ സംഘർഷത്തിലാണ് അലൻ കൊല്ലപ്പെട്ടത്.
നഗരത്തിൽ ഒരു മാസമായി തുടരുന്ന സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. അതുകൊണ്ട് തന്നെ ഇത് ആസൂത്രിത കൊലപാതകമാണോ എന്ന് സംശയമുണ്ട്. കാപ്പ പട്ടികയിൽ ഉൾപ്പെട്ടവരടങ്ങുന്ന സംഘം ഒരു മാസത്തിനിടെ പലതവണ ഇതേ സ്ഥലത്ത് മറ്റ് സംഘവുമായി ഏറ്റുമുട്ടിയിരുന്നു. കമ്മീഷണർ ഓഫീസിന് തൊട്ടടുത്ത് നടക്കുന്ന സംഘർഷം തടയാൻ പോലീസിന് സാധിച്ചില്ല. മ്യൂസിയം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Also Read: Alan Death: കൊലയ്ക്ക് കാരണം ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം, പ്രതികളുടെ അറസ്റ്റ് ഇന്ന്
നവംബർ 17 വൈകിട്ട് ഏഴ് മണിയോടെയാണ് അലൻ കൊല്ലപ്പെട്ടത്. തമ്പാനൂർ തോപ്പിൽ വടകയ്ക്ക് താമസിക്കുന്ന യുവാവിനെ കുത്തിക്കൊല്ലുകയായിരുന്നു. തൈക്കാട് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മാച്ചിനിടെ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടാവുകയും ഇത് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഈ സംഘർഷത്തിനിടയിലാണ് കൊലപാതകം. ഹെൽമറ്റ് കൊണ്ട് അലൻ്റെ തലയിൽ ഇടിച്ചെന്നും കത്തികൊണ്ട് നെഞ്ചിൽ കുത്തിയെന്നും ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അലനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
മഹാരാഷ്ട്രയിൽ മതപഠനം നടത്തുന്ന അലൻ്റെ പിതാവ് അപകടത്തിൽ മരിച്ചതാണ്. കഴിഞ്ഞ എട്ട് മാസമായി മഹാരാഷ്ട്രയിലായിരുന്ന യുവാവ് അവധിയ്ക്കാണ് നാട്ടിലെത്തിയത്. സഹോദരീഭർത്താവായ നിധിൻ്റെ വീട്ടിലാണ് അലൻ താമസിക്കുന്നത്. സഹോദരി ആൻഡ്രിയ ഒരു വർഷം മുൻപ് ആത്മഹത്യ ചെയ്തു. നെട്ടയത്ത് താമസിക്കുകയായിരുന്ന അലൻ സഹോദരിയുടെ മരണത്തോടെ വാടകവീട്ടിലെ താമസം മതിയാക്കി നിധിൻ്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.