ട്രെയിൻ രണ്ടര മണിക്കൂർ മുമ്പേ പോയി; യാത്രക്കാരന് റെയിൽവേ 31784 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
Railways to pay Rs 31,784 compensation to passenger: മുൻപ് നിശ്ചയിച്ചത് പോലെ മടക്കയാത്രയ്ക്കായി 10 അംഗ സംഘം നവംബർ 3 ന് വൈകുന്നേരം 5 മണിയോടെ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തി. തുടർന്ന് ട്രെയിൻ എവിടെ വരെയായി എന്ന് അറിയാൻ വെയർ ഈസ് മൈ ട്രെയിൻ ആപ്പ് പരിശോധിച്ചു. അപ്പോൾ ട്രെയിൻ 5:40 ന് എത്തുമെന്നാണ് അതിൽ കാണിച്ചിരുന്നത്. എന്നാൽ, സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ, ട്രെയിൻ ഉച്ചയ്ക്ക് 2.50 ന് പുറപ്പെട്ടതായി അറിഞ്ഞു.

Railways To Pay Compensation To Passenger
തിരുവനന്തപുരം: ട്രെയിൻ നിശ്ചയിച്ചതിലും നേരത്തെ പുറപ്പെട്ടതിന് യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഉത്തരവിട്ട് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് നടപടി. ഇന്ത്യൻ റെയിൽവേയെപ്പറ്റി ആളുകൾ ഉന്നയിക്കുന്ന പ്രധാന പരാതി മണിക്കൂറുകളോളം താമസിക്കുന്നു എന്നതാകും. എന്നാൽ ഇവിടെ ട്രെയിൻ നേരത്തെ പോയി എന്നതാണ് പ്രശ്നം എന്നതിനാൽത്തന്നെ ഈ സംഭവം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പക്ഷേ ഇവിടെ യഥാർഥത്തിൽ സംഭവിച്ചത് ട്രെയിൻ നേരത്തെ പുറപ്പെട്ടു എന്നതല്ല, റെയിൽവേ വരുത്തിയ ചെറിയൊരു മാറ്റം യാത്രക്കാരനെ കൃത്യമായി അറിയിക്കാൻ കഴിയാതെ പോയതാണ്.
തിരുവനന്തപുരം സ്വദേശിയും കുടുംബവും മൂകാംബികയിലേക്ക് യാത്ര ചെയ്യുന്നതിനായി ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 10 പേരടങ്ങുന്ന സംഘത്തിൽ പരാതിക്കാരന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആണ് ഉണ്ടായിരുന്നത്. മൂകാംബികയിലേക്ക് മലബാർ എക്സ്പ്രസിലായിരുന്നു യാത്ര. മംഗളൂരുവിൽ നിന്ന് തിരിച്ചുള്ള യാത്രയ്ക്ക് നിസാമുദ്ദീൻ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിലായിരുന്നു സീറ്റ് ബുക്ക് ചെയ്തിരുന്നത്.
Also Read: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, സിക്കിം അപകടത്തിൽ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കും
മുൻപ് നിശ്ചയിച്ചത് പോലെ മടക്കയാത്രയ്ക്കായി 10 അംഗ സംഘം നവംബർ 3 ന് വൈകുന്നേരം 5 മണിയോടെ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തി. തുടർന്ന് ട്രെയിൻ എവിടെ വരെയായി എന്ന് അറിയാൻ വെയർ ഈസ് മൈ ട്രെയിൻ ആപ്പ് പരിശോധിച്ചു. അപ്പോൾ ട്രെയിൻ 5:40 ന് എത്തുമെന്നാണ് അതിൽ കാണിച്ചിരുന്നത്.
എന്നാൽ, സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ, ട്രെയിൻ ഉച്ചയ്ക്ക് 2.50 ന് പുറപ്പെട്ടതായി അറിഞ്ഞു എന്ന് പരാതിക്കാരൻ പറയുന്നു. അതായത് മുൻപ് പറഞ്ഞിരുന്നതിലും ഏകദേശം രണ്ട് മണിക്കൂർ 50 മിനിറ്റ് മുമ്പ് ട്രെയിൻ പോയിരുന്നു. ഈ ട്രെയിന്റെ സമയം മാറ്റിയതിനെക്കുറിച്ച് റെയിൽവേ തന്നെ കൃത്യമായി അറിയിച്ചില്ല എന്ന് പരാതിക്കാരൻ വാദിച്ചു.
നിശ്ചയിച്ച ട്രെയിനിൽ പുറപ്പെടാൻ കഴിയാഞ്ഞതോടെ യാത്ര താളം തെറ്റി. പിന്നീട് വീട്ടിലേക്ക് മടങ്ങാൻ അന്ത്യോദയ എക്സ്പ്രസിൽ 2,200 രൂപയ്ക്ക് ജനറൽ ക്ലാസ് ടിക്കറ്റുകൾ വാങ്ങേണ്ടി വന്നു. ഈ സംഭവം തനിക്ക് മാനസിക പ്രയാസവും സമയനഷ്ടവും ബുദ്ധിമുട്ടും ഉണ്ടാക്കിയതിനെ തുടർന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത് എന്ന് പരാതിക്കാരൻ പറയുന്നു.
തനിക്ക് നഷ്ടമായ തുകയ്ക്ക് റീഫണ്ടും ബുദ്ധിമുട്ടിന് നഷ്ടപരിഹാരവും റെയിൽവേ നൽകണം എന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. എന്നാൽ റെയിൽവേ ഇതിനെ എതിർത്തു. നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന മൺസൂൺ ടൈംടേബിളിൽ നിന്ന് മൺസൂൺ അല്ലാത്ത ടൈംടേബിളിലേക്കുള്ള വാർഷിക മാറ്റത്തിന്റെ ഭാഗമായാണ് ട്രെയിന്റെ സമയത്തിൽ മാറ്റം വന്നത് എന്നാണ് റെയിൽവേ വിശദീകരിച്ചത്.
ടൈംടേബിൾ മാറ്റത്തെക്കുറിച്ച് പത്രങ്ങളിലൂടെ വ്യാപകമായ പ്രചാരണം നൽകിയെന്നും ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് പുതുക്കിയ ടൈംടേബിൾ പരിശോധിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ഒരു കുറിപ്പ് അയച്ചിട്ടുണ്ടെന്നും റെയിൽവേ അവകാശപ്പെട്ടു. റെയിൽവേയുടെ ഔദ്യോഗിക എൻക്വയറി സിസ്റ്റം NTES ആണ്. എന്നാൽ അതിന് പകരം വെയർ ഈസ് മൈ ട്രെയിൻ എന്ന ആപ്പ് ആണ് പരാതിക്കാരൻ ഉപയോഗിച്ചത്, അതൊരു സ്വകാര്യ സംവിധാനമാണെന്നും റെയിൽവേ വാദിച്ചു.
എന്നാൽ റെയിൽവേയുടെ വാദങ്ങൾ കമ്മിഷൻ തള്ളി. ട്രെയിൻ സമയക്രമം സംബന്ധിച്ച് യാത്രക്കാർക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് തെളിയിക്കുന്നതിൽ റെയിൽവേ പരാജയപ്പെട്ടുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു. യാത്രക്കാർക്ക് സമയബന്ധിതവും ഗുണനിലവാരമുള്ളതുമായ സേവനങ്ങൾ ലഭിക്കാൻ അവകാശമുണ്ട്. ട്രെയിൻ നേരത്തെ പുറപ്പെടുന്നതിന് റെയിൽവേ സാധുവായ കാരണങ്ങൾ നൽകണം എന്ന് കമ്മീഷൻ വ്യക്തമാക്കി.
യാത്രക്കാരന് ഉണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് ദക്ഷിണ റെയിൽവേയും തിരുവനന്തപുരം ഡിവിഷനും ചേർന്ന് ടിക്കറ്റ് നിരക്ക് തിരികെ നൽകാനും മാനസിക വേദനയ്ക്ക് നഷ്ടപരിഹാരമായി 25,000 രൂപ നൽകാനും കമ്മിക്ഷൻ നിർദ്ദേശിച്ചു. കേസ് ചെലവായി 3,000 രൂപയും വിധിച്ചു. ട്രെയിൻ നേരത്തെ പുറപ്പെടുന്ന വിവരം അറിയിക്കാത്തത് സർവീസിലെ പിഴവിന് തുല്യമാണെന്ന് ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് പിവി ജയരാജൻ, അംഗങ്ങളായ പ്രീത ജി നായർ, വിജു വി ആർ എന്നിവർ നിരീക്ഷിച്ചു.
English Summary
The Thiruvananthapuram District Consumer Commission has ordered the Railways to pay a compensation of Rs 31,784 to a passenger for the train departing earlier than scheduled. The action was taken on a complaint by a Thiruvananthapuram native. The commission directed the Southern Railway and the Thiruvananthapuram Division to refund the ticket fare and pay Rs 25,000 as compensation for mental anguish. It also awarded Rs 3,000 as case costs.