ടിക്കറ്റ് ചാർജ് 505 രൂപ മാത്രം! തിരുവനന്തപുരം-എറണാകുളം KSRTC എക്സിക്യൂട്ടീവ് ബസ് സർവീസ് തുടങ്ങി
Trivandrum-Ernakulam KSRTC Executive service starts today: കെഎസ്ആർടിസി എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസിന്റെ തിരുവന്തപുരം- എറണാകുളം സർവീസിന് ഇന്ന് തുടക്കമായി. തിങ്കൾ മുതൽ വെള്ളി വരെയാണ് തിരുവനന്തപുരം-എറണാകുളം എക്സിക്യൂട്ടീവ് ബസ് സർവീസ് നടത്തുക. രാവിലെ 05.30 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ബസ് 09.45AM ന് എറണാകുളത്ത് എത്തിച്ചേരും. തിരിച്ച്, വൈകുന്നേരം 05.30 ന് എറണാകുളത്ത് നിന്നും പുറപ്പെടും.

Trivandrum Ernakulam Ksrtc Executive Service Starts Today
തിരുവനന്തപുരം: വിമാനങ്ങളെയും വന്ദേഭാരത് ട്രെയിനുകളെയും വെല്ലുന്ന ആഢംബരങ്ങളുമായി കേരളത്തിന്റെ നിരത്തുകളിലൂടെ രാജകീയ യാത്രയ്ക്ക് അവസരമൊരുക്കുന്ന കെഎസ്ആർടിസി എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസിന്റെ തിരുവന്തപുരം- എറണാകുളം സർവീസിന് ഇന്ന് തുടക്കമായി. രണ്ട് എക്സിക്യൂട്ടീവ് ലക്ഷ്വറി ബസുകളാണ് കെഎസ്ആർടിസി ഇറക്കിയത്, അതിൽ ആദ്യ ബസ് ഇതിനകം തന്നെ ആലപ്പുഴ- ബാംഗ്ലൂർ റൂട്ടിൽ സർവീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രണ്ടാമത്തെ ബസിന്റെ സർവീസും ആരംഭിച്ചിരിക്കുന്നത്. പുതിയ തിരുവനന്തപുരം- എറണാകുളം KSRTC എക്സിക്യൂട്ടീവ് ബസ് സർവീസിന്റെ END TO END ചാർജ് 505 രൂപയാണ്. ഇതിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ യാത്രക്കാർക്ക് കൊടുക്കുന്ന കാശ് മുതലാകും എന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.
സൗകര്യങ്ങൾ
ടോയ്‌ലറ്റ് (യൂറിനൽ മാത്രം) സൗകര്യം ഈ കെഎസ്ആർടിസി ബസിലുണ്ട്. വിമാനങ്ങളിലേയും വന്ദേഭാരതിലെയും മറ്റും മാതൃകയിൽ ബസ് ഹോസ്റ്റസ് സൗകര്യം ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മിനി റഫ്രിജറേറ്റർ, കോഫീ മേക്കർ എന്നിവ ഉൾപ്പെടുന്ന പാൻട്രി സംവിധാനവും ഇതിലുണ്ട്. സൗജന്യ വാട്ടർ, വ്യക്തിഗത എൽഇടി സ്ക്രീൻ, ഫ്രീ വൈഫൈ, ഹെഡ്ഫോൺ, ലൈവ് ട്രാക്കിങ് ഉൾപ്പെടെ ആധുനികമായ സൗകര്യങ്ങൾ നിരവധിയുണ്ട്.
ALSO READ: ഓണത്തിരക്കിൽ വലയേണ്ട, അധിക സർവീസുമായി കൊച്ചി മെട്രോ
36 സീറ്റുകളുള്ള 2×2 പ്രീമിയം റിക്ലെയ്നിങ് സീറ്റിങ് കപ്പാസിറ്റിയാണ് ഈ ബസിലുള്ളത്. ഓരോ സീറ്റിലും വ്യക്തിഗത എന്റർടെയ്ൻമെന്റ് സംവിധാനത്തിന് പുറമേ, മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനുള്ള USB ചാർജിംഗ് സൗകര്യവും ഉണ്ട്. പ്രീമിയം നിലവാരം യാത്രക്കാർക്ക് ഉറപ്പാക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെ ആണ് ഈ സർവീസിൽ നിയോഗിച്ചിട്ടുള്ളത്.
സർവീസ് ഷെഡ്യൂൾ
തിങ്കൾ മുതൽ വെള്ളി വരെയാണ് തിരുവനന്തപുരം-എറണാകുളം എക്സിക്യൂട്ടീവ് ബസ് സർവീസ് നടത്തുക. രാവിലെ 05.30 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ബസ് അയത്തിൽ/കൊല്ലം (06.45AM), കൊമ്മാടി/ആലപ്പുഴ (08.10AM), തോപ്പുംപടി (09.25AM), ഹൈക്കോടതി (09.35AM) വഴി രാവിലെ 09.45 ന് എറണാകുളത്ത് എത്തിച്ചേരും.
തിരിച്ച്, വൈകുന്നേരം 05.30 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ബസ് ഹൈക്കോടതി (05.40PM), തോപ്പുംപടി (05.50PM), കൊമ്മാടി/ആലപ്പുഴ (07.05PM), അയത്തിൽ/കൊല്ലം (08.30PM) വഴി രാത്രി 09.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നു. എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്ക് 505 രൂപയാണെങ്കിലും ഔദ്യോഗിക വെബ്സൈറ്റിൽ 671 രൂപ ആണ് നിരക്ക് കാണിക്കുന്നത്. ബുക്കിങ് സർവീസ് ചാർജ് ഉൾപ്പെടെയുള്ള തുകയാകാം ഇത്.
ടിക്കറ്റ് ബുക്കിങ്
കെഎസ്ആർടിസി തിരുവനന്തപുരം-എറണാകുളം എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസിന്റെ ടിക്കറ്റുകൾ വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം. ഇതിനായി 9447071021 എന്ന നമ്പറിൽ ‘Hai’ അയച്ചാൽ മതി. www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കെ.എസ്.ആർ.ടി.സി. റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
English Summary
The Thiruvananthapuram-Ernakulam service of KSRTC Executive AC Volvo Luxury Bus has started today. The Thiruvananthapuram-Ernakulam Executive Bus service will be operated from Monday to Friday. The bus will depart from Thiruvananthapuram at 05.30 AM and will reach Ernakulam at 09.45 AM. On the return journey, it will depart from Ernakulam at 05.30 PM and reach Thiruvananthapuram at 09.45 PM. The end-to-end ticket fare is Rs. 505.