Kochi Metro Suicide : കൊച്ചി മെട്രോ ട്രാക്കിൽ നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു
Kochi Metro Young Man Suicide : വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ നിന്നും ചാടിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്.
കൊച്ചി : കൊച്ചി മെട്രോയുടെ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് ആത്മഹത്യ ചെയ്തത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലെ ട്രാക്കിൽ നിന്നുമാണ് യുവാവ് റോഡിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. പോലീസും അഗ്നിശമന സേന അംഗങ്ങളുമെത്തി യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴേക്ക് ചാടുകയായിരുന്നു. കൊച്ചി മെട്രോയുടെ പില്ലർ നമ്പർ 1013ന് സമീപമായിരുന്നു യുവാവ് ചാടി ആത്മഹത്യ ചെയ്തത്.
ഇന്ന് ഓഗസ്റ്റ് ഏഴാം തീയതി ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയായിരുന്നു സംഭവം. യുവാവ് താഴേക്ക് ചാടുകയാണെങ്കിൽ രക്ഷപ്പെടുത്താനായി ഫയർ ഫോഴ്സ് റെസ്ക്യു സംഘം വല വിരച്ചെങ്കിലും യുവാവ് അതിൽ നിന്നും മാറി ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിസാറിനെ ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെട്രോ ട്രാക്കിൽ നിന്നും യുവാവ് ചാടുന്ന ദൃശ്യങ്ങൾ
.
വടക്കേക്കോട്ട സ്റ്റേഷനിൽ എത്തിയ യുവാവ് ആലുവയ്ക്ക് ടിക്കറ്റെടുത്താണ് അകത്ത പ്രവേശിച്ചത്. തുടർന്ന് പ്ലാറ്റ്ഫോമിലെത്തി യുവാവ് ട്രാക്കിലേക്ക് ചാടി. ഇത് കണ്ട് മെട്രോ ജീവനക്കാരെത്തി നിസാറിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അത് കാര്യമാക്കാതെ ട്രാക്കിലൂടെ മുന്നോട്ട് പോകുകയും തുടർന്ന് റോഡിലേക്ക് എടുത്ത് ചാടുകയുമായിരുന്നു.