Kottarakkara Accident: ജോലിക്ക് പോകാന്‍ ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി; കൊല്ലത്ത് രണ്ടുപേർക്ക് ദാരുണാന്ത്യം
Kottarakkara Accident: പനവേലി സ്വദേശിനി സോണിയ (42 ), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ വിജയൻ (65) എന്നയാൾക്കാണ് ഗുരുതര പരിക്കേറ്റത്. ഇയാൾ ചികിത്സയിലാണ്.
കൊല്ലം: ബസ് കാത്തു നിന്നവര്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട് മിനി ലോറി ഇടിച്ചുകയറി രണ്ടു പേർ മരിച്ചു. പനവേലി സ്വദേശിനി സോണിയ (42 ), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ വിജയൻ (65) എന്നയാൾക്കാണ് ഗുരുതര പരിക്കേറ്റത്. ഇയാൾ ചികിത്സയിലാണ്. ഇന്ന് രാവിലെ 6.45 ഓടെ കൊട്ടാരക്കര പനവേലിയിലാണ് അപകടം.
പനവേലി ഭാഗത്ത് ജോലിക്ക് പോകാനായി കാത്ത് നിൽക്കുകയായിരുന്നു സോണിയയും ശ്രീക്കുട്ടിയും. സോണിയ നഴ്‌സാണ്. അപകടമുണ്ടായ ഉടന്‍ തന്നെ സോണിയ മരിച്ചിരുന്നു. ആശുപത്രിയിൽ വെച്ചാണ് ശ്രീക്കുട്ടി മരിക്കുന്നത്. യുവതികളെ ഇടിച്ചിട്ടതിനു ശേഷം നിർത്താതെ പോയ വാൻ ഓട്ടോയിലിടിക്കുകയായിരുന്നു. സോണിയയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഡെലിവറി വാൻ ആയി ഉപയോഗിക്കുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. സംഭവത്തിൽ മിനി ലോറിയെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.