വയനാട് തുരങ്കപാത: റിപ്പോർട്ട് സർക്കാരിന് ലഭിച്ചു, വിശദമായി പരിശോധിച്ച ശേഷം തീരുമാനമെന്ന് മന്ത്രി എ.പി അനിൽകുമാർ
Minister AP Anilkumar on Wayanad Tunnel Project Report: കഴിഞ്ഞ ജൂലൈ 7-ന് തുരങ്കപാതയുടെ നിർമ്മാണ മേഖലയിൽ ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ അപകടത്തിന് പിന്നാലെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട സുരക്ഷാ വശങ്ങൾ പഠിക്കുന്നതിനായി പ്രത്യേക വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു

എ.പി അനിൽകുമാർ,
കോഴിക്കോട്: ആനക്കാംപൊയിൽ-മേപ്പാടി കള്ളാടി തുരങ്കപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചതായി റവന്യൂ മന്ത്രി എ.പി അനിൽകുമാർ. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാർ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കു എന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 7-ന് തുരങ്കപാതയുടെ നിർമ്മാണ മേഖലയിൽ ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ അപകടത്തിന് പിന്നാലെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട സുരക്ഷാ വശങ്ങൾ പഠിക്കുന്നതിനായി പ്രത്യേക വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ സമിതിയാണ് ഇപ്പോൾ സർക്കാരിന് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്.
തുരങ്കപാത പദ്ധതിയുമായി മുന്നോട്ട് പോകുന്ന കാര്യത്തിൽ ജനങ്ങൾക്കിടയിലും വിദഗ്ധർക്കിടയിലും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി തുടരണമെന്ന് ഒരുകൂട്ടർ ആവശ്യപ്പെടുമ്പോൾ, ഇത് പൂർണ്ണമായി ഉപേക്ഷിക്കണമെന്നാണ് മറുവിഭാഗം വാദിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷം മാത്രമേ വ്യക്തമായ ഒരു തീരുമാനം എടുക്കു.
ഉരുൾപ്പൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ, ഇനി നിർമ്മാണം പുനരാരംഭിക്കണമെങ്കിൽ തന്നെ ആവശ്യമായ എല്ലാ മുൻകരുതലുകളും കർശനമായി പാലിക്കേണ്ടതുണ്ട്. ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാ പഠനങ്ങളും പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം നിയമസഭയിൽ ചർച്ചയായപ്പോൾ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു
കോഴിക്കോട് നഗരത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളെക്കുറിച്ചും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. നഗരത്തിലെ ഐ.ടി മേഖല ശക്തിപ്പെടുത്തുന്നതിനാണ് സർക്കാർ ഇപ്പോൾ കൂടുതൽ മുൻഗണന നൽകുന്നത്. ഇതിനൊപ്പം കോഴിക്കോട് നഗരത്തിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി എലിവേറ്റഡ് ഹൈവേ ഉൾപ്പെടെയുള്ള വികസന പദ്ധതികളും സർക്കാരിൻ്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കോഴിക്കോട് നഗരത്തിൻ്റെ സമഗ്ര വികസനത്തിനായി നിരവധി പുതിയ പദ്ധതികൾ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
English Summary
Revenue Minister A P Anilkumar stated the government will review the expert safety report on the Wayanad tunnel project following the fatal landslide before deciding to resume construction work.